ആന്ധ്ര ചിറ്റൂർ മടനപ്പള്ളി ശിവനഗർ മേഖലയിലെ താമസക്കാരായ അലേഖ്യ (27), സായ് ദിവ്യ (22) എന്നീ യുവതികളാണ് കൊല്ലപ്പെട്ടത് യുവതികളുടെ മാതാപിതാക്കള്‍ ചേര്‍ന്നാണ് കൊല നടത്തിയത് . കൊല്ലപ്പെട്ട യുവതികളുടെ പിതാവ് എന്‍ പുരുഷോത്തം നായിഡു മാടനപ്പള്ളി ഗവ.വുമണ്‍സ് കോളജ് വൈസ് പ്രിന്‍സിപ്പളാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. കൂടാതെ അമ്മ പത്മജ ഒരു സ്വകാര്യ സ്ഥാപനത്തിലെ പ്രിന്‍സിപ്പളുമാണ്.
അമിത വിശ്വാസികളായ കുടുംബം മക്കള്‍ പുനര്‍ജനിയ്ക്കുമെന്ന വിശ്വാസത്തിലാണ് സ്വന്തം മക്കളെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്.
പുരുഷോത്തമിന്റെ കുടുംബം കടുത്ത വിശ്വാസികളായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ‘മക്കള്‍ വീണ്ടും ജീവിച്ച് വരുമെന്ന വിശ്വാസത്തിലാണ് അവര്‍ കൊല നടത്തിയതെന്നാണ് പ്രാഥമികമായി കരുതുന്നത്. കുട്ടികളുടെ മാതാവ് പത്മജയാണ് കൊലപാതകങ്ങള്‍ നടത്തിയത്. പിതാവും ഈ സമയം അവര്‍ക്കൊപ്പമുണ്ടായിരുന്നു’-പൊലീസ് വ്യക്തമാക്കി. ഇവര്‍ മാനസിക പ്രശ്‌നങ്ങള്‍ ഉള്ളവരാണെന്ന സംശയവും പൊലീസ് ഉന്നയിക്കുന്നുണ്ട്.
ഇവരുടെ വീട്ടില്‍ പൂജാ ചടങ്ങുകള്‍ പതിവായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കൊലപാതകം നടന്ന ദിവസവും ഇവിടെ പൂജ നടത്തിയിരുന്നു. പൂജയ്ക്ക് ശേഷം ഇളയ മകള്‍ സായ് വിദ്യയെ ഒരു ത്രിശൂലം ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൂത്ത മകള്‍ അലേഖ്യയെയും കൊലപ്പെടുത്തി. വായില്‍ ഒരു ചെമ്ബ് പാത്രം തിരുകി വച്ച ശേഷം വ്യായാമത്തിന് ഉപയോഗിക്കുന്ന ഡംബെല്‍ ഉപയോഗിച്ച് മര്‍ദ്ദിച്ചാണ് അലേഖ്യയെ കൊലപ്പെടുത്തിയത്. കൊലപാതകങ്ങള്‍ നടത്തിയ ശേഷം പിതാവ് തന്നെ ഒരു സുഹൃത്തിനെ വിളിച്ച് വിവരം പറഞ്ഞു. ഇതറിഞ്ഞ് സ്ഥലത്തെത്തിയ ഇയാള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സംഭവ സ്ഥലത്ത് എത്തുകയായിരുന്നുവെന്ന് ഡിഎസ്പി രവി മനോഹര ചരി അറിയിച്ചു