ബോംബ് ഭീഷണിയെ തുടർന്ന് താജ്‌മഹൽ അടച്ചു.സഞ്ചാരികളെയെല്ലാം പൊലീസ് ഒഴിപ്പിച്ചു. താജ്‌മഹലിൽ ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന് മേഖലയിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഇന്നു രാവിലെയാണ് താജ്‌മഹലിൽ ബോംബ് വച്ചിട്ടുണ്ടെന്ന അജ്ഞാത ഫോൺ സന്ദേശം ലഭിച്ചത്. താജ്‌മഹലിലെ സുരക്ഷാ വിഭാഗത്തിനാണ് ഫോൺ സന്ദേശം കിട്ടിയത്. ഉടൻ തന്നെ പൊലീസ് നടപടി സ്വീകരിച്ചു. സിഐഎസ്എഫും ആഗ്ര പൊലീസും സംയുക്തമായി പരിശോധന ആരംഭിച്ചിട്ടുണ്ട്. ഫോൺ സന്ദേശത്തെ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. 112 എന്ന എമർജൻസി നമ്പറിലേക്കാണ് ഫോൺകോൾ വന്നത്. താജ്‌മഹലിനുള്ളിൽ ഒരു ബോംബ് വച്ചിട്ടുണ്ട് എന്ന സന്ദേശമാണ് രാവിലെ ഒൻപതോടെ ലഭിച്ചതെന്ന് പൊലീസ് പറയുന്നു. എന്നാൽ താജ്‌മഹലിൽ നടത്തിയ പരിശോധനയിൽ സംശയകരമായി ഒന്നും പരിശോധനയിൽ കണ്ടെത്തിയില്ല. ഉത്തർപ്രദേശിലെ തന്നെ ഫിറോസ്‌ബാദിൽ നിന്നാണ് അജ്ഞാത സന്ദേശം ലഭിച്ചതെന്നാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥൻ പറയുന്നത്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് മാർച്ച് 17 ന് അടച്ചിട്ട താജ്‌മഹൽ വീണ്ടും സഞ്ചാരികൾക്കായി തുറന്നു നൽകിയത് സെപ്റ്റംബറിലാണ്.