നിയമസഭാ തെരഞ്ഞെടുപ്പിൽ സിറ്റിംഗ് സീറ്റായ പാലായിൽ മത്സരിച്ചിരിക്കുമെന്ന് മാണി സി. കാപ്പൻ എംഎൽഎ.
എൻസിപി ദേശീയ അധ്യക്ഷൻ ശരത് പവാറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കാപ്പൻ.
ഇടതുമുന്നണി പാലാ സീറ്റ് എൻസിപിക്ക് നൽകില്ലെന്നാണ് നിലവിലെ അറിവ്. എ.കെ.ശശീന്ദ്രന്റെ നിലപാടിനെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം കോണ്ഗ്രസ്-എസിലേക്ക് പോകുമെന്നാണ് തന്റെ അറിവെന്നും കാപ്പൻ പ്രതികരിച്ചു.
കാപ്പനും സംസ്ഥാന അധ്യക്ഷൻ ടി.പി.പീതാംബരനും ഒന്നിച്ചാണ് ഇന്ന് പവാറിനെ കണ്ടത്. കേരളത്തിന്റെ ചുമതലയുള്ള പ്രഫുൽ പട്ടേൽ നിലവിൽ ഗോവയിലാണ്. അദ്ദേഹം വെള്ളിയാഴ്ച ഡൽഹിയിൽ മടങ്ങിയെത്തും. ഇതിന് ശേഷം വീണ്ടും കേരള നേതാക്കളുമായി പവാറും പ്രഫുൽ പട്ടേലും ചർച്ച നടത്തിയ ശേഷമായിരിക്കും തീരുമാനമുണ്ടാവുക.
സിറ്റിംഗ് സീറ്റുകളില്ലെങ്കിൽ പാർട്ടി മുന്നണി വിടുമോ എന്ന കാര്യം നാളത്തെ ചർച്ചകൾക്ക് ശേഷം പ്രഫുൽ പട്ടേലായിരിക്കും പ്രഖ്യാപിക്കുക. കൈപ്പത്തി ചിഹ്നത്തിൽ പാലായിൽ മത്സരിക്കാനുള്ള കോണ്ഗ്രസ് നേതൃത്വത്തിന്റെ ക്ഷണത്തെക്കുറിച്ച് കാപ്പൻ കാര്യമായ പ്രതികരണം നടത്തിയില്ല.