നാഗാലാന്‍ഡിലെ മോണ്‍ ജില്ലയില്‍ സുരക്ഷാ സേനയുടെ വെടിയേറ്റ് 11 ഗ്രാമീണര്‍ മരിച്ച സംഭവം ഹൃദയഭേദകമെന്ന് രാഹുല്‍ ഗാന്ധി. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് എന്താണ് സംഭവിച്ചത് എന്നതിനെ സംബന്ധിച്ച് വ്യക്തമായ മറുപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്വന്തം നാട്ടില്‍ സാധാരണക്കാരോ സുരക്ഷാ ഉദ്യോഗസ്ഥരോ സുരക്ഷിതരല്ലാത്ത ഈ സാഹചര്യത്തില്‍ ആഭ്യന്തര മന്ത്രാലയം എന്താണ് ചെയ്യുന്നതെന്നും രാഹുല്‍ തന്റെ ട്വിറ്ററില്‍ ചോദിച്ചു. നാഗാലാന്‍ഡില്‍ സുരക്ഷാസേന നടത്തിയ വെടിവെപ്പില്‍ 13 പേരാണ് കൊല്ലപ്പെട്ടത്.
12 ഗ്രാമീണരും ഒരു സുരക്ഷാ സൈനികനുമാണ് കൊല്ലപ്പെട്ടതെന്നാണ് അനൗദ്യോഗിക വിവരം. മ്യാന്‍മറുമായി അതിര്‍ത്തി പങ്കിടുന്ന ഒട്ടിങ് ഗ്രാമത്തില്‍ സുരക്ഷസേന നടത്തിയ ഓപറേഷനിലാണ് ഗ്രാമീണര്‍ കൊല്ലപ്പെട്ടതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. രോഷാകുലരായ നാട്ടുകാര്‍ സുരക്ഷാ സേനയുടെ രണ്ട് വാഹനങ്ങള്‍ക്ക് തീയിട്ടു.