നവജാത ശിശുവിന്റെ കാലുവാരി ചുമരിലെറിഞ്ഞ് കൊന്ന 26കാരനായ അച്ഛന്‍ അറസ്റ്റില്‍. മദ്യപിച്ച് വീട്ടിലെത്തി ഭാര്യയുമായി തര്‍ക്കത്തിലായ യുവാവിന് ദേഷ്യം നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെയാണ് കുഞ്ഞിനെ ചുമരിലെറിഞ്ഞ് കൊന്നത്.
ഡല്‍ഹിയില്‍ ഡിസംബര്‍ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. മൂന്ന് മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ തലയ്‌ക്കേറ്റ ക്ഷതമാണ് മരണത്തിലേക്ക് നയിച്ചത്. കുഞ്ഞിന്റെ തലയോട്ടി പൂര്‍ണമായും തകര്‍ന്നിരുന്നു. സംഭവം നടന്ന രാത്രി പോലീസ് വീട്ടിലെത്തിയപ്പോള്‍ മദ്യപിച്ച് ബോധമില്ലാത്ത അവസ്ഥയിലായിരുന്നു യുവാവ്.
യുവാവ് ഭാര്യയുമായി ദിവസവും വഴക്കിടുമായിരുന്നുവെന്ന് അയല്‍വാസികളെ ചോദ്യം ചെയ്തതില്‍ നിന്നും പോലീസിന് അറിയാന്‍ സാധിച്ചു. ഭാര്യ സ്വകാര്യ കമ്ബനിയിൽ ജീവനക്കാരിയായിരുന്നു. യുവാവ് ജോലിക്ക് പോയിരുന്നില്ല. കൊലപാതകം നടന്ന രാത്രി യുവാവ് ഭാര്യയോട് കയര്‍ത്ത് സംസാരിച്ചപ്പോള്‍ ഭാര്യ എതിര്‍ത്ത് സംസാരിച്ചു. തുടര്‍ന്നാണ് യുവാവ് കുഞ്ഞിന് മേല്‍ ദേഷ്യം തീര്‍ത്തത്.