ട്രെയിൻ യാത്രക്കാരുടെ സുരക്ഷമായി ബന്ധപ്പെട്ട കേസ്
തീവണ്ടി യാത്രക്കാരുടെ സുരക്ഷ ക്രമീകരണങ്ങൾ പഠിക്കാൻ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നീയോഗിച്ചു. ഹൈക്കോടതി അഭിഭാഷകയായ ആർ. ലീലയ്ക്കാണ് ചുമതല. മുളന്തുരുത്തിയിൽ ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടിയിൽ യുവതി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് നടപടി. സൗമ്യ കൊലപാതകത്തിന് ശേഷം തീവണ്ടിയിൽ സുരക്ഷാ ജീവനക്കാരെ നിയമിക്കാനുള്ള നിർദ്ദേശം ഇതുവരെ റെയിൽവെ നടപ്പാക്കിയില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷയ്ക്ക് ഗാർഡുകളെ നിയമിക്കുന്നതടക്കമുള്ള തീരുമാനം എടുക്കേണ്ടത് റെയിൽവെ ബോർഡ് ആണെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി . ബോഗികളിൽ അപായ ബട്ടൺ സ്ഥാപിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ റെയിൽവെയോട് കോടതി വിശദീകരണം തേടി.