വാർത്ത: നിരഞ്ജൻ അഭി
ദില്ലി: ജനുവരി 26 ചെങ്കോട്ട സംഭവത്തോട് അനുബന്ധിച്ച് കേന്ദ്ര സർക്കാർ നൽകിയ പട്ടികയിലെ 1178 പേരുടെ ട്വിറ്റർ അക്കൗണ്ടുകൾ നീക്കം ചെയ്യാത്തതിൽ കേന്ദ്രത്തിന് അതൃപ്തി.
അമേരിക്കയിലെ ക്യാപ്പിറ്റോൾ ആക്രമണത്തോട് അനുബന്ധിച്ച് നടന്ന അക്രമസംഭവങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന് ട്വിറ്റർ പിന്തുണ കൊടുത്തെങ്കിലും ഇന്ത്യയിൽ ജനുവരി 26ന് ചെങ്കോട്ടയിൽ നടന്ന സംഭവങ്ങൾക്കെതിരായ ഇന്ത്യയുടെ അന്വേഷണത്തിൽ ട്വിറ്റർ മുഖംതിരിച്ചു നിൽക്കുകയാണെന്ന് കേന്ദ്രം കുറ്റപ്പെടുത്തി.
അമേരിക്കയിൽ ഒരു നയവും ഇന്ത്യയിൽ മറ്റൊരു നയവും അനുവദിക്കില്ലെന്നു കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പാർലമെന്റിൽ പറഞ്ഞു. സമൂഹമാധ്യമങ്ങൾ വാട്സ്ആപ്പ് ആയാലും, ഫേസ്ബുക്ക്, ട്വിറ്റർ, ലിങ്ക്ഡൻ ഏതായാലും ഇന്ത്യയിലെ നിങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കാൻ ബാധ്യസ്ഥരാണെന്ന് മന്ത്രി പറഞ്ഞു. ഇത് അനുസരിക്കാത്ത ഏത് മാധ്യമത്തിനെതിരെയും നടപടിയെടുക്കാൻ കേന്ദ്രത്തിന് അധികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു..പാർലമെൻറിൽ ചോദ്യോത്തരവേളയിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. “നിങ്ങൾക്ക് ഇന്ത്യയിൽ കോടിക്കണക്കിന് പേരെ അക്കൗണ്ടിൽ ചേർക്കാം, പണമുണ്ടാക്കാം..പക്ഷേ ഇന്ത്യൻ നിയമങ്ങളെയും ഭരണഘടനയെയും അനുസരിക്കണം.” മന്ത്രി പറഞ്ഞു..
സമൂഹ മാധ്യമങ്ങളെ ബഹുമാനിക്കുന്നതായും വിലമതിക്കുന്നതായും എന്നാൽ തെറ്റായ വാർത്തയും അക്രമവും പടരാൻ സമൂഹ മാധ്യമങ്ങൾ ഇടയാക്കിയാൽ നടപടിയെടുക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി..
കേന്ദ്രം ചൂണ്ടിക്കാട്ടിയ 1178 ട്വിറ്റർ അക്കൗണ്ടുകൾ പൂർണമായും നീക്കം ചെയ്യാത്തതാണ് കേന്ദ്ര സർക്കാറിനെ ചൊടിപ്പിച്ചത്.583 അക്കൗണ്ടുകൾ മാത്രമാണ് ട്വിറ്റർ നീക്കം ചെയ്തത്. മറ്റ് അക്കൗണ്ടുകൾ അഭിപ്രായ സ്വാതന്ത്ര്യത്തെ ബാധിക്കുന്നതിനാൽ നീക്കാനാകില്ലെന്നാണ് ട്വിറ്റർ നിലപാടെടുത്തത്..
ഖാലിസ്ഥാൻ വാദത്തെയും പാകിസ്താനെയും പിന്തുണച്ചുകൊണ്ടുള്ള ട്വിറ്റർ അക്കൗണ്ടുകൾ ആണ് പിൻവലിക്കാൻ ഇന്ത്യ ആവശ്യപ്പെട്ടത്. എന്നാൽ വ്യക്തിസ്വാതന്ത്ര്യത്തെ ബാധിക്കുമെന്നതിനാൽ മാധ്യമപ്രവർത്തകരുടെയും രാഷ്ട്രീയനേതാക്കളുടെയും മാധ്യമ സ്ഥാപനങ്ങളുടേയും അക്കൗണ്ടുകൾ ട്വിറ്റർ നീക്കിയിട്ടില്ല.
സർക്കാർ ഉത്തരവുകൾ ഉടനടി നടപ്പാക്കണമെന്നും 10-12 ദിവസം കഴിഞ്ഞാണ് നടപ്പാക്കുന്നതെങ്കിൽ ആ ഉത്തരവ് അനുസരിക്കുന്നതായി തോന്നുകില്ലന്നും ഐ ടി മന്ത്രാലയം ട്വിറ്റെറിനെ അറിയിച്ചു.
നിരഞ്ജൻ അഭി.