സുനിൽ ചാക്കോ, കുമ്പഴ
മുംബൈ: പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയുടെ മാറിടത്തിൽ വസ്ത്രത്തിനു മുകളിൽക്കൂടി പിടിച്ചത് പോക്സോ നിയമ പ്രകാരം ലൈംഗിക അതിക്രമത്തിന്റെ കുറ്റമാകില്ലെന്ന ബോംബെ ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ചിന്റെ നിരീക്ഷണം വിവാദത്തിൽ. ജസ്റ്റിസ് പുഷ്പ വി ഗനേടിവാലയുടെ ഈ വിവാദ നിരീക്ഷണത്തിനെതിരെ വിമർശനം ഉയർന്നു.
പേരയ്ക്ക നൽകാമെന്ന് പറഞ്ഞ് 12 വയസ്സുകാരിയെ വിളിച്ചുവരുത്തുകയും മാറിടത്തിൽ പിടിക്കുകയും വസ്ത്രം മാറ്റാൻ ശ്രമിച്ചുവെന്നുമാണ് കേസ്. ഇതിനിടെ പെൺകുട്ടിയുടെ അമ്മ സംഭവസ്ഥലത്തെത്തി കുട്ടിയെ രക്ഷിക്കുകയായിരുന്നു. സംഭവത്തിൽ വിചാരണ കോടതി പോക്സോ സെക്ഷൻ 7, ഐപിസി പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.
അങ്ങനെ ഈ കേസിൽ പോക്സോ നിയമ പ്രകാരം സെഷൻസ് കോടതി 3 വർഷം തടവിന് ശിക്ഷിച്ച 39 കാരൻ സതീശിന്റെ ശിക്ഷ 354 – ആം വകുപ്പ് പ്രകാരം ഈ ബെഞ്ച് 1 വർഷമായി കുറച്ചു ഇളവ് ചെയ്തു.
അതേസമയം ഐപിസി 354യുടെ പരിധിയിൽ ഈ കുറ്റം ഉൾപ്പെടുമെന്നും ഇത് സ്ത്രീയുടെ അന്തസ്സിനെ ലംഘിക്കുന്നതാണെന്നും കോടതി വിശദീകരിച്ചു.