ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് 2.32 കിലോ സ്വർണം പിടികൂടി. 1 .14 കോടി രൂപ മൂല്യം വരുന്ന സ്വർണമാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്.
ദുബായിൽ നിന്നും ചെന്നൈയിലേക്ക് എത്തിയ വിമാനത്തിനുള്ളിൽ നിന്ന് പകുതിയും അതേ വിമാനത്തിൽ ഗുവാഹത്തിയിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് ബാക്കി പകുതി സ്വർണവുമാണ് കണ്ടെത്തിയത്. 1.16 കിലോ സ്വർണം വീതമാണ് കണ്ടെത്തിയത്. രണ്ട് ഭാഗത്ത് നിന്നും കണ്ടെത്തിയ സ്വർണത്തിന്റെ ഉത്തരവാദിത്വം യാത്രക്കാരൻ ഏറ്റെടുത്തു. ചെന്നൈ കസ്റ്റംസിന്റെ ട്വിറ്ററിലൂടെയാണ് വിവരം പുറത്തുവിട്ടത്. എയർപോർട്ടിൽ നിന്ന് മുൻപും സ്വർണം പിടികൂടിയിട്ടുണ്ട്. കഴിഞ്ഞ വർഷം ജനുവരി 24 ന് ഒരുകോടി എഴുപത്തഞ്ചുലക്ഷം രൂപയുടെ സ്വർണം കടത്തിയതിന് അഞ്ചുപേർ അറസ്റ്റിലായിരുന്നു.
ജനുവരി 15ന് 36 ലക്ഷം രൂപയുടെ സ്വർണവുമായി യാത്രക്കാരൻ പിടിക്കപ്പെട്ടിരുന്നു. 21 വയസുകാരനായ മണികണ്ഠൻ ശങ്കറിനെയാണ് അന്ന് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. കസ്റ്റംസ് ആക്ട് പ്രകാരം സ്വർണം പിടിച്ചെടുത്ത് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വീണ്ടും എയർപോർട്ടിൽ നിന്ന് സ്വർണം പിടികൂടിയത്.