ചെങ്കോട്ട കീഴടക്കിയ കർഷകർ പതാക സ്ഥാപിച്ചു.
കർഷക പ്രതിഷേധത്തിൽ ഡൽഹിയിൽ വൻ സംഘർഷം. പലയിടങ്ങളിലും കർഷകരും പോലീസും തമ്മിൽ ഏറ്റുമുട്ടി. ഉച്ചയോടെ ഡൽഹി നഗരം യുദ്ധക്കളമായി. സമാധാനപരമായി നീങ്ങിയ ട്രാക്ടർ റാലിയിൽ പ്രതീക്ഷിച്ചതിലും വലിയ പങ്കാളിത്തമുണ്ടായി. പോലീസ് സ്ഥാപിച്ച എല്ലാ തടസ്സങ്ങളും ഭേദിച്ച് കർഷകർ മുന്നേറി.
കണ്ണീർവാതകം പ്രയോഗിച്ചിട്ടും സമരക്കാർ പിൻവാങ്ങിയില്ല. അതോടെ പോലീസ് പല സ്ഥലത്തും ട്രാക്ടറിലെത്തിയവർക്ക് നേരെ ലാത്തിവീശി. ട്രാക്ടറുമായി സമരക്കാരും ചെറുത്തു. പരസ്പരം ഏറ്റുമുട്ടലായി. അക്ഷരാർഥത്തിൽ തെരുവുയുദ്ധമായി മാറുകയായിരുന്നു ഡൽഹി. ഇപ്പോഴും സംഘർഷം തുടരുകയാണ്.
ട്രാക്ടറുമായി മുന്നേറിയ കർഷകർ ചെങ്കോട്ടയിൽ പ്രവേശിച്ചു. ചെങ്കോട്ടയിൽ കയറിയ കർഷകരെ തടയാൻ പോലീസിന് സാധിച്ചില്ല. ചെങ്കോട്ട കീഴടക്കിയ കർഷകർ പതാക സ്ഥാപിച്ചു. ആയിരക്കണക്കിന് കർഷകരാണ് പതാകകളും മുദ്രാവാക്യങ്ങളുമായി ചെങ്കോട്ടയിൽ പ്രവേശിച്ചത്. അക്ഷരാർഥത്തിൽ കർഷക കോട്ടയായി മാറുകയായിരുന്നു ചെങ്കോട്ട.