ദൽഹി:ഹരിയാനയിലും പഞ്ചാബിലും കർഷകർ നടത്തിയ പ്രതിഷേധം അക്രമത്തിൽ കലാശിച്ചു.
ഹരിയാനയിലെ കർണാലിൽ കാർഷിക നിയമങ്ങളെ അനുകൂലിച്ച് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിന്റെ നേതൃത്വത്തിൽ നടത്താനിരുന്ന മഹാപഞ്ചായത്ത് റദ്ദാക്കി.
ബിജെപിയാണ് പരിപാടി സംഘടിപ്പിച്ചത്. സംഘർഷമുണ്ടായതിനെ തുടർന്ന് വേദി തകർന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് മുഖ്യമന്ത്രി പരിപാടി റദ്ദാക്കിയതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
നൂറു കണക്കിന് കർഷകർ ട്രാക്ടറിൽ കിസാൻ മഹാപഞ്ചായത്ത് നടത്താനിരുന്ന വേദിയിലേക്ക് എത്തി. പ്രതിഷേധക്കാർക്ക് നേരെ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. പോലീസ് ലാത്തി വീശി. തുടർന്ന് പ്രതിഷേധം സംഘർഷത്തിന് കാരണമായി.