ന്യൂഡൽഹി: രണ്ട് മാസക്കാലമായി കൊടും ശൈത്യത്തെ അവഗണിച്ചും സമരം തുടർന്ന് കർഷകർ ട്രാക്ടർ റാലിയുമായി ഡൽഹിയിലേക്ക്. സിംഘുവിൽ നിന്ന് തുടങ്ങിയ കര്‍ഷകരുടെ ട്രാക്ടര്‍ റാലി പോലീസ് തടഞ്ഞു. ഇതേ തുടര്‍ന്ന് ചെറിയ രീതിയിലുള്ള സംഘര്‍ഷം ഉണ്ടായി. പോലീസ് കര്‍ഷകര്‍ക്കുനേരെ കണ്ണീര്‍വാതകം പ്രയോഗിച്ചു. ട്രാക്ടര്‍ റാലി പോലീസ് ബാരിക്കേഡുകള്‍ വച്ച് തടയാന്‍ ശ്രമിക്കുകയായിരുന്നു. ട്രാക്ടര്‍ റാലി റിപ്പബ്ലിക് ദിന പരേഡിന് ശേഷം ആരംഭിക്കണമെന്നാണ് പോലീസ് അറിയിച്ചിരുന്നത്. എന്നാല്‍ എട്ടുമണിയോടെ റാലി ആരംഭിക്കാന്‍ പോലീസ് അനുവാദം നല്‍കിയെന്ന് കര്‍ഷക നേതാക്കള്‍ പറഞ്ഞു. ഇത് സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
പോലീസ് ബാരിക്കേഡ് മറികടന്നാണ് സിംഘുവിൽ നിന്ന് കര്‍ഷകരുടെ ട്രാക്ടര്‍ റാലി ഡല്‍ഹിയിലേക്ക് പ്രവേശിച്ചത്. ഡല്‍ഹി – ഹരിയാന അതിര്‍ത്തിയായ തിക്രിയിലും കര്‍ഷകര്‍ ബാരിക്കേഡുകള്‍ മറികടന്ന് ഡല്‍ഹിയിലേക്ക് പ്രവേശിച്ചു. കര്‍ഷകരെ പിന്തിരിപ്പിക്കാനുള്ള പൊലീസ് ശ്രമം പരാജയപ്പെട്ടു.
ഡല്‍ഹിയിലും ഹരിയാനയിലുമായി ആറ് മേഖലകളിലാണ് ട്രാക്ടറുകള്‍ ഒരേസമയം റാലി നടത്തുക. രണ്ട് ലക്ഷം ട്രാക്ടറുകള്‍ എത്തുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍, അതിലും അധികം ട്രാക്ടറുകള്‍ എത്തിയെന്നാണ് കര്‍ഷക നേതാക്കള്‍ വ്യക്തമാക്കിയത്. അതിനാല്‍ തന്നെ, പോലീസ് അംഗീകരിച്ച റൂട്ട് മാപ്പിനേക്കാള്‍ ദൂരം ട്രാക്ടറുകള്‍ക്ക് സഞ്ചരിക്കേണ്ടി വന്നേക്കുമെന്നാണ് വിലയിരുത്തല്‍.
സിംഘു, തിക്രി, ഗാസിപുര്‍, ചില്ല ബോര്‍ഡര്‍, ഹരിയാനയിലെ മേവാത്, ഷാജഹാന്‍പുര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ട്രാക്ടര്‍ പരേഡ് ആരംഭിച്ചത്. പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, തമിഴ്‌നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് പരേഡില്‍ അണിചേരുന്നത്. റിപ്പബ്ലിക് ദിനത്തിന്റെയും ട്രാക്ടര്‍ പരേഡിന്റെയും പശ്ചാത്തലത്തില്‍ ഡല്‍ഹിയിലും അതിര്‍ത്തി പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കി.