കോവിഡ് -20 രാജ്യങ്ങളിൽ നിന്നുള്ള വിദേശികൾക്ക് സൗദിയിൽ പ്രവേശിക്കുന്നതിന് താൽക്കാലിക വിലക്ക്
ഇന്ത്യയും ഉൾപ്പെടും
കോവിഡ് കേസുകൾ സൗദിയിൽ വീണ്ടും ഉയരുന്ന പശ്ചാത്തലത്തിലാണ് വിദേശികൾക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഫെബ്രുവരി മൂന്ന് ബുധനാഴ്ച രാത്രി ഒമ്പത് മണി മുതൽ വിലക്ക് പ്രാബല്യത്തിലാവും.
യു.എ.ഇ, ജർമ്മനി, അമേരിക്ക, ഇന്തോനേഷ്യ, ഇറ്റലി, പാക്കിസ്ഥാൻ, ബ്രിട്ടൻ, സൗത്ത് ആഫ്രിക്ക, ഫ്രാൻസ്, ലെബനൻ, ഈജിപ്ത്, ജപ്പാൻ, അർജന്റീന, അയർലൻഡ്, ബ്രസീൽ, പോർച്ചുഗൽ, തുർക്കി, സ്വീഡൻ, സ്വിസർലാൻഡ് എന്നിവയാണ് വിലക്ക് ഏർപ്പെടുത്തിയ മറ്റു രാജ്യങ്ങൾ.
എന്നാൽ ഈ രാജ്യങ്ങളിൽ നിന്നുള്ള സൗദി പൗരന്മാർ, വിദേശ നയതന്ത്രജ്ഞർ, ആരോഗ്യ പ്രവർത്തകർ, ഇവരുടെയെല്ലാം കുടുംബങ്ങൾ എന്നിവർക്ക് സൗദി ആരോഗ്യ മന്ത്രാലയം നിഷ്‌കർഷിക്കുന്ന കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിച്ചുകൊണ്ട് സൗദിയിലേക്ക് പ്രവേശിക്കുന്നതിന് വിലക്ക് ബാധകമല്ല.
മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരാണെങ്കിലും വിലക്ക് ഏർപ്പെടുത്തിയ രാജ്യങ്ങളിൽ കഴിഞ്ഞ 14 ദിവസം സന്ദർശനം നടത്തിയവരാണെങ്കിൽ അവർക്കും സൗദിയിലേക്ക് വരുന്നതിന് വിലക്ക് ബാധകമാണ്. എന്നാൽ ഇന്ത്യ അടക്കം വിലക്ക് ഏർപ്പെടുത്തിയ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് വിലക്ക് ബാധകമല്ലാത്ത രാജ്യങ്ങളിൽ 14 ദിവസങ്ങൾ ക്വാറന്റൈൻ പൂർത്തിയാക്കി സൗദിയിൽ പ്രവേശിക്കാനാവുമോ എന്ന കാര്യത്തിൽ അവ്യക്തത നിലനിൽക്കുകയാണ്.