ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പുതിയ പാര്‍ട്ടി രൂപീകരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നു. കോണ്‍ഗ്രസിലെ വിമതരെന്ന് അറിയപ്പെടുന്ന ജി-23 ഗ്രൂപ്പിന്റെ ഭാഗമായ ഗുലാം നബി ആസാദ് ജമ്മു കശ്മീരില്‍ നിരന്തരം പൊതുയോഗങ്ങളില്‍ പങ്കെടുക്കുന്നുണ്ട്.
ഈ യോഗങ്ങളിലെല്ലാം കോണ്‍ഗ്രസിനെ പരോക്ഷമായി വിമര്‍ശിക്കുന്നുണ്ട്. മാത്രമല്ല, ആസാദിനെ കേള്‍ക്കാന്‍ വലിയ ജനക്കൂട്ടമാണ് പലയിടത്തുമെത്തുന്നത്.
സംസ്ഥാനത്തെ പല നേതാക്കളും ഗുലാം നബി ആസാദ് പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതിനെ പിന്തുണയ്ക്കുന്നുണ്ടെന്നാണ് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നത്. കോണ്‍ഗ്രസിന് പുറത്തുള്ളവരും ഇക്കാര്യമാവശ്യപ്പെട്ട് അദ്ദേഹത്തെ സമീപിച്ചതായാണ് വിവരം.
ഇക്കഴിഞ്ഞ നവംബറില്‍ ഗുലാം നബി ആസാദിനോട് അടുപ്പമുള്ള 20 നേതാക്കള്‍ പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവെച്ചിരുന്നു. അധ്യക്ഷസ്ഥാനത്ത് നിന്ന് ജി.എ. മിറിനെ മാറ്റണമെന്നാണ് ഇവരുടെ ആവശ്യം.