കത്വ കേസില്‍ പെണ്‍കുട്ടിക്ക് വേണ്ടി ഹാജരായ അഡ്വ. ദീപിക സിംഗ് രാജാവത്തിന് മറുപടിയുമായി യൂത്ത് ലീഗ്.കേസില്‍ രണ്ടു പ്രാവശ്യം മാത്രമാണ് ദീപിക സിംഗ് കോടതിയില്‍ ഹാജരായതെന്നും മുബീന്‍ ഫാറുഖി ഹാജരായത് പെണ്‍കുട്ടിയുടെ പിതാവിന്‍റെ ആവശ്യപ്രകാരമാണെന്നും യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ. സുബൈര്‍ പറഞ്ഞു. കേസില്‍ പഠാന്‍കോട്ട് കോടതിയുടെ വിധി പകര്‍പ്പും ഇവര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഹാജരാക്കി. യൂത്ത് ലീഗ് നേതാക്കള്‍ ഇദ്ദേഹത്തോടൊപ്പം കോടതിയുടെ മുന്‍പില്‍ മാധ്യമങ്ങളെ കാണുന്ന ചിത്രങ്ങളും ഇവര്‍ പുറത്തുവിട്ടു. കത്വ കേസുമായി ബന്ധപ്പെട്ട് കേസ് നടത്തിപ്പിനായി കേരളത്തില്‍ നിന്ന് യൂത്ത് ലീഗ് ഒരു കോടി രൂപ പിരിച്ചുവെന്നും ഇത് കൈമാറിയില്ലെന്നും വലിയ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ 39,33,697 രൂപ മാത്രമാണ് പിരിച്ചതെന്നാണ് യൂത്ത് ലീഗ് ആദ്യം വിശദീകരിച്ചത്. കത്വ ഇരയുടെ ബന്ധുക്കള്‍ക്കും അഭിഭാഷര്‍ക്കുമടക്കം പണം കൈമാറിയെന്നും യൂത്ത് ലീഗ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചിരുന്നു. എന്നാല്‍ കത്വാ കേസ് നടത്തിപ്പിനായി അഭിഭാഷകര്‍ ആരും പണം വാങ്ങിയിട്ടില്ലെന്നാണ് ദീപിക സിംഗ് രാജാവത് പിന്നീട് വ്യക്തമാക്കിയത്. യൂത്ത് ലീഗ് പണം നല്‍കിയെന്ന് പറയുന്ന അഡ്വ. മുബീന്‍ ഫാറൂഖിക്ക് കേസുമായി ബന്ധമില്ലെന്നും ഇവര്‍ പറഞ്ഞു.