ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ പണം വാങ്ങി വഞ്ചിച്ചെന്ന കേസിൽ ബോളിവുഡ് താരം സണ്ണി ലിയോൺ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. പല തവണകളായി 29ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന പെരുമ്പാവൂർ സ്വദേശി ഷിയാസിന്റെ പരാതിയിൽ ക്രൈം ബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിൽ ആണ് മുൻകൂർ ജാമ്യപേക്ഷ നൽകിയത്. കൊച്ചി അടക്കമുള്ള സ്ഥലങ്ങളിലെ ചടങ്ങിൽ പങ്കെടുക്കാൻ പണം വാങ്ങി ഡേറ്റ് നൽകിയെങ്കിലും പരിപാടി നടത്താൻ സംഘടകർക്ക് കഴിഞ്ഞില്ല. സാമ്പത്തിക പ്രശ്നങ്ങൾ അടക്കം ചൂണ്ടി കാട്ടിയാണ് അഞ്ചു തവണ പരിപാടി മാറ്റി. ഇക്കാര്യത്തിൽ താൻ വഞ്ചന കാണിച്ചിട്ടില്ല. കേസ് അന്വേഷണവുമായി സഹകരിക്കാൻ തയ്യാറായിട്ടുണ്ടെന്നും ജാമ്യം അനുവദിക്കണം എന്നുമാണ് ഹർജിയിലെ ആവശ്യം. കരൺ ജിത് കൗർ വോഹ്‌റ എന്ന പേരിൽ മുംബൈ അന്ധേരിയിലെ വിലാസത്തിൽ ആണ് മുൻകൂർ ജാമ്യ ഹർജി നൽകിയിട്ടുള്ളത്. ഭർത്താവും രണ്ടാം പ്രതിയുമായ ദ ഡാനിയൽ വെബർ, മൂന്നാം പ്രതി സുനിൽ രജാനി എന്നിവരും മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്.2019ൽ ആണ് കൊച്ചി ക്രൈം ബ്രാഞ്ച് യുണിറ്റ് സണ്ണി ലിയോൺ അടക്കമുള്ളവരെ പ്രതികളാക്കി വഞ്ചന കേസ് രജിസ്റ്റർ ചെയ്തത്.