ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മഞ്ഞുമലയിടിഞ്ഞുണ്ടായ മിന്നൽപ്രളയത്തിൽ മരിച്ച 31 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു
കാണാതായ 206 പേർക്കായി തെരച്ചിൽ തുടരുകയാണ്. സൈന്യവും എൻഡിആർഎഫ്, ഐടിബിപി, എസ്ഡിആർഎഫ് തുടങ്ങിയവർ രാത്രിയും പകലും തെരച്ചിൽ നടത്തിവരികയാണ്
ഞായറാഴ്ച രാവിലെ നന്ദാദേവി മഞ്ഞുമലയുടെ ഒരു ഭാഗം ഇടിഞ്ഞുവീണാണു മിന്നൽപ്രളയമുണ്ടായത്.
പ്രദേശത്തെ രണ്ടു വൈദ്യുത പദ്ധതികൾക്കു സാരമായ നാശനഷ്ടമുണ്ടായി. കാണാതായവരിൽ വൈദ്യുത പദ്ധതിയുടെ നിർമാണത്തിലേർപ്പെട്ടിരുന്ന തൊഴിലാളികളും ഏതാനും നാട്ടുകാരും ഉൾപ്പെടുന്നു.
27 പേരെ രക്ഷപ്പെടുത്തിയെന്നു സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്റർ അറിയിച്ചിരുന്നു. ഇതിൽ 12 പേരെ തപോവൻ-വിഷ്ണുഗഡ് പദ്ധതി പ്രദേശത്തുനിന്നും 15 പേരെ ഋഷിഗംഗ പദ്ധതിപ്രദേശത്തുനിന്നുമാണു രക്ഷപ്പെടുത്തിയത്.
ഹിമപാതമല്ല, പർവതഭാഗത്തുനിന്നു ലക്ഷക്കണക്കിനു ടൺ മഞ്ഞ് പെട്ടെന്ന് ഇടിഞ്ഞുവീണതാണു മിന്നൽപ്രളയത്തിനു കാരണമായതെന്ന് ശാസ്ത്രജ്ഞരെ ഉദ്ധരിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് പറഞ്ഞു.