റിപ്പോർട്ട് തയ്യാറാക്കിയത്: സുനിൽ ചാക്കോ, കുമ്പഴ .
ഇന്ന് ഇന്ത്യ 73 – ആം കരസേന ദിനമായി കൊണ്ടാടുകയാണ്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ സൈനിക തലവനായി ജനറല്‍ കെ എം കരിയപ്പ സ്ഥാനമേറ്റതിന്റെ ഓർമയ്ക്കായാണ് ഈ ദിനം ജനുവരി 15, കരസേനാ ദിനമായി ആചരിക്കുന്നത്. ഇന്ത്യയുടെ അവസാന ബ്രിട്ടീഷ് കമാന്‍ഡര്‍ ഇന്‍ ചീഫ് ജനറൽ ഫ്രാൻസിസ് ബുച്ചറിൽ നിന്നാണ് കരിയപ്പ സൈനിക തലവനായി സ്ഥാനം ഏറ്റെടുത്തത്. 1949 ജനുവരി 15 നായിരുന്നു കരിയപ്പ സൈനിക തലവനായി ചുമതലയേറ്റത്. അന്നു മുതല്‍ നാം ഇത് ആഘോഷിക്കുന്നു . രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച വീര സൈനികരെ ഓർക്കാനും, അവർക്ക് ആദരവ് അര്‍പ്പിക്കാനും കൂടിയാണ് ഈ ദിനം. സൈനികരുടെ പോരാട്ടവീര്യത്തേയും ത്യാഗത്തേയും നമുക്ക് ഓർക്കാം.
സ്വതന്ത്ര ഇന്ത്യയിലെ ഇന്ത്യൻ സൈന്യത്തിന്റെ ആദ്യത്തെ കമാൻഡർ-ഇൻ-ചീഫ് ആയി കൊഡന്ദേര മാഡപ്പ കരിയപ്പ ബ്രിട്ടീഷുകാരിൽ നിന്ന് പദവി ഏറ്റെടുത്തു. ഫീൽഡ് മാർഷൽ ഓഫ് ഇന്ത്യ എന്ന പദവി ലഭിച്ച രണ്ട് പേരിൽ ഒരാളാണ് കരിയപ്പ . 1947 ലെ ഇന്ത്യാ-പാകിസ്ഥാൻ യുദ്ധത്തിൽ അദ്ദേഹം ഇന്ത്യൻ സൈന്യത്തിനായി തന്റെ സുപ്രധാന പങ്ക് വഹിച്ചിരുന്നു.
കർണാടക സ്വദേശിയായ ജനറൽ കരിയപ്പയുടെ സൈനിക ജീവിതം മൂന്ന് പതിറ്റാണ്ടിലേറെ നീണ്ടുനിന്നു. സൈന്യത്തിന്റെ കിഴക്കൻ, പടിഞ്ഞാറൻ കമാൻഡുകൾക്ക് നേതൃത്വം നൽകിയപ്പോൾ നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി.
‘ സ്വയം സേവിക്കുന്നതിന് മുമ്പ് സേവനം’ എന്നതാണ് ഇന്ത്യന്‍ കരസേനയുടെ മുദ്രാവാക്യം. ദേശീയ സുരക്ഷയും ഐക്യവും ഉറപ്പുവരുത്തുക, ബാഹ്യ ആക്രമണങ്ങളില്‍ നിന്നും ആഭ്യന്തര ഭീഷണികളില്‍ നിന്നും രാജ്യത്തെ രക്ഷിക്കുക, അതിര്‍ത്തിക്കുള്ളില്‍ സമാധാനവും സുരക്ഷയും നിലനിര്‍ത്തുക എന്നീ ദൗത്യങ്ങളിൽ നിന്ന് വ്യതിചലിക്കാതെ ഇന്ത്യന്‍ കരസേന മുന്നോട്ട് പോകുന്നു.
ഇന്നേ ദിവസം വിവിധ കരസേനാ ആസ്ഥാനങ്ങളിൽ സൈനിക പരേഡുകൾ സംഘടിപ്പിക്കുന്നു. ആ പരേഡുകൾ വിവിധ ഏരിയൽ സ്റ്റണ്ടുകൾ, ബൈക്ക് പിരമിഡുകൾ തുടങ്ങിയവ പ്രദർശിപ്പിക്കുന്നു. ഇന്ത്യാ ഗേറ്റിലെ ‘അമർ ജവാൻ ജ്യോതി’യിലാണ് രാജ്യം സൈന്യത്തിനുള്ള ആദരാഞ്ജലി ഈ ദിവസം അർപ്പിക്കുന്നത്. ഒപ്പം
ധീരതക്കുള്ള അവാർഡുകളും സേന മെഡലുകളും ഈ ദിവസം നൽകുന്നു.
‘സൈനികരാണ് യഥാര്‍ഥ വീരന്മാര്‍’, ഇത് ക്യാപ്റ്റന്‍ വിക്രം ബത്രയുടെ വാക്കുകൾ നമുക്ക് ഓർക്കാം. ഇന്ന് രാജ്യത്തിന്റെ 73- ആം കരസേനാ ദിനം ആചരിക്കുമ്പോൾ നമുക്ക് അവരെ ഓർക്കാം. രാജ്യത്തിന്റെ സൈനികരെ ആദരിക്കാൻ എല്ലാ വര്‍ഷവും ആര്‍മി കമാന്‍ഡ് ആസ്ഥാനത്ത് കരസേനാ ദിനം ആചരിക്കുന്നു . നാം ഓരോരുത്തരുടെയും സന്തോഷത്തിനായി, നമ്മുടെ കാവലിനായി അവര്‍ ചെയ്യുന്ന ത്യാഗങ്ങള്‍ അമൂല്യമാണ്. അത് മറ്റൊന്നുമായും താരതമ്യം ചെയ്യാന്‍ പറ്റില്ല.അത്രക്ക് അനുപമാണ് അവ. ജീവനെപോലെതന്നെ മരണത്തെയും അവർ ധീരതയോടെ നേരിടുന്നു. രാജ്യത്തിന്റെ യഥാർത്ഥ യോദ്ധാക്കളായ അവർക്ക് ഈ ദിനത്തിൽ നമുക്ക് ആദരം അർപ്പിക്കാം.