റിപ്പോർട്ട്: നിരഞ്ജൻ അഭി
മസ്കറ്റ്: ഇന്ത്യൻ രൂപ തുടർച്ചയായി ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ ഒമാൻ റിയാലിന്റെ വിനിമയ നിരക്ക് ഒരു വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ എത്തി. വെള്ളിയാഴ്ച ഇന്ത്യൻ രൂപയുമായുള്ള വിനിമയ നിരക്ക് 188.55 ആയി താഴ്ന്നു. ആഗോളതലത്തിൽ ഡോളറിന് ഉണ്ടായ ഇടിവും ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ ഉണ്ടായ ഉണർവ്വുമാണ് രൂപ ശക്തി പ്രാപിക്കാൻ ഗുണകരമായത്. മാസങ്ങളായി 190 ന് മുകളിൽ നിന്ന മൂല്യമാണ് ഇപ്പോൾ തുടർച്ചയായി താഴുന്നത്..
കുറച്ച് മാസങ്ങളായി ഡോളറിനെതിരെ ഇന്ത്യൻ രൂപയും ചൈനീസ് യുവാനും ശക്തിപ്പെടുകയാണ്..കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഒമാൻ റിയാലിന് 185 രൂപ വിനിമയ നിരക്ക് ഉണ്ടായിരുന്നത് ഒരവസരത്തിൽ 198രൂപ വരെ എത്തുകയും ചെയ്തിരുന്നു.
കോവിഡ് പ്രതിസന്ധിയും അമേരിക്കയിലെ ഭരണ മാറ്റവും ആഗോള തലത്തിൽ ഡോളർ ഇടിയാൻ കാരണമായിട്ടുണ്ട്.കോവിഡ് പ്രതിസന്ധി മൂലം ലോകത്ത് നേട്ടമുണ്ടാക്കിയത് ചൈനയും ഇന്ത്യയുമാണ്. സമീപ ഭാവിയിൽ ഏറ്റവും സുരക്ഷിതമായ നിക്ഷേപങ്ങൾക്ക് ഇന്ത്യൻ വിപണിയാണ് ഗുണകരം എന്ന് തിരിച്ചറിഞ്ഞു നിരവധി വിദേശ നിക്ഷേപകർ ഇന്ത്യയിൽ നിക്ഷേപിക്കുന്നത് ഇന്ത്യൻ ഓഹരി വിപണി ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽ എത്താൻ ഇടയാക്കി.ഇതും രൂപ കരുത്തു കാട്ടാൻ സാഹചര്യമൊരുക്കി.
കോവിഡ് വാക്‌സിൻ വിൽപ്പനയും ഇന്ത്യൻ സമ്പദ് വ്യവസ്ഥക്ക് പുതിയ ഉണർവ്വ് നൽകുമ്പോൾ പ്രവാസികൾക്ക് രൂപയുടെ വിനിമയ നിരക്കിൽ ഉണ്ടാകുന്ന കുറവ് നഷ്ടവും സാമ്പത്തിക പ്രതിസന്ധിയും സൃഷ്ടിക്കുകയും ചെയ്യുന്നു.
അടുത്ത ആറു മാസത്തേക്ക് ഡോളർ തിരിച്ചു വരാൻ സാധ്യത ഇല്ലന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.. ഇത് ഇന്ത്യൻ രൂപയുടെയും, ചൈനീസ് യുവന്റെയും മൂല്യം ഇനിയും ഉയർത്തുമെന്നാണ് കരുതപ്പെടുന്നത്.
നിരഞ്ജൻ അഭി.
