റിപ്പോർട്ട്: നിരഞ്ജൻ അഭി
അബുദാബി : മുംബൈയെയും യു എ ഇ യിലെ ഫുജൈറയെയും ബന്ധിപ്പിച്ചുകൊണ്ട് കടലിനടിയിലൂടെ അതിവേഗ റെയിൽ പാതക്ക് പദ്ധതി തയ്യാറാക്കുന്നതായി യു എ ഇ നാഷണൽ അഡ്വൈസർ ബ്യൂറോ ഡയറക്ടർ അബ്ദുള്ള അൽശെഹീ അറിയിച്ചു..
ഇന്ത്യ യുഎഇ കോൺക്ലെവിൽ അബുദാബിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുംബൈ -ഫുജൈറ 2000കിലോമീറ്റർ കടലിനടിയിലൂടെ 2മണിക്കൂർ കൊണ്ട് എത്താൻ കഴിയും വിധമാണ് രൂപകൽപ്പന ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു..അൾട്രാ സ്പീഡ് ട്രാൻസ് ഫ്ലോട്ടിങ് ട്രെയിനുകളാണ് പദ്ധതിക്കായി രൂപ കൽപ്പന ചെയ്യുന്നത്.. അറബിക്കടലിലൂടെയുള്ള യാത്രാ ഉപയോഗത്തിന് മാത്രമല്ല അതോടനുബന്ധിച്ചു പൈപ്പ്‌ലൈൻ സ്ഥാപിച്ച് യു എ ഇ യിൽ നിന്നും ഓയിലും തിരിച്ചു ഇന്ത്യയിൽ നർമദാ നദിയിൽ നിന്ന് കുടിവെള്ളവും എത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അബ്ദുള്ള അൽശെഹീ വെളിപ്പെടുത്തി.
പദ്ധതി നടപ്പിലാക്കാൻ കടമ്പകൾ ഏറെയുണ്ടെന്നും പ്രായോഗിക തലത്തിൽ ഏത് രീതിയിലാണ് നടപ്പിലാക്കേണ്ടതെന്നും കൂടുതലായും വേഗത്തിലും പഠിച്ചു വരികയാണെന്നും അദ്ദേഹം അറിയിച്ചു. ഇത്തരമൊരു പാതയിലൂടെ ഇന്ത്യയും ഗൾഫ് രാജ്യങ്ങളുമായുള്ള വ്യാപാരം കൂടുതൽ സുഗമമാകുമെന്നും,ഭാവിയിൽ സൗത്ത് ഏഷ്യൻ രാജ്യങ്ങളുമായുള്ള കൂടുതൽ വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിനായി പാകിസ്താനിലെ കറാച്ചിയിലേക്കും ഇത്തരം പാത വ്യാപിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു..
നിരഞ്ജൻ അഭി.