അസമിൽ പ്രളയത്തെ തുടർന്നുള്ള മരണസംഖ്യ നൂറ് കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പത്ത് മരണം കൂടി സ്ഥിരീകരിച്ചതോടെയാണ് മരണസംഖ്യ 118 ലേക്ക് എത്തിയത്. തുടർച്ചയായുള്ള ആറാം ദിവസവും കാച്ചർ ജില്ലയിലെ സിൽച്ചാർ നഗരം വെള്ളക്കെട്ടിൽ തുടരുകയാണ്. അതേ സമയം 28 ജില്ലകളിൽ 45.34 ലക്ഷം പേർക്കാണ് പ്രളയ ഭീഷണി നിലനിന്നിരുന്നതെങ്കിൽ നിലവിൽ ഇത് 33.08 ലക്ഷം പേരെന്ന തോതിലേക്ക് കുറഞ്ഞിട്ടുണ്ട്. ധുബ്രി മേഖലയിലുള്ള ബ്രഹ്മപുത്രയുടെ ജലനിരപ്പിലും ക്രമാതീതമായി ഉയർന്നിട്ടുണ്ട്.
കുടിവെള്ളം, ആഹാരം പോലെയുള്ള ആവശ്യ വസ്തുക്കൾ വ്യോമസേനയുടെ സഹായത്തോടെ പ്രളയ ബാധിതപ്രദേശങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. സ്ഥിതി മെച്ചപ്പെടുന്നത് വരെ ഇത് തുടരുമെന്നാണ് അധികൃതർ പറയുന്നത്. സിൽച്ചാറിലെ പ്രളയ ബാധിത പ്രദേശങ്ങൾ കണ്ടെത്തുന്നതിന് രണ്ട് ഡ്രോണുകളെയും വിന്യസിച്ചിട്ടുണ്ട്. കാച്ചർ ജില്ല ഭരണകൂടം സിൽച്ചാറിൽ രക്ഷാപ്രവർത്തനങ്ങളുമായി രംഗത്തുണ്ട്.
ഇറ്റാനഗർ, ഭുവനേശ്വർ എന്നിവിടങ്ങളിൽ നിന്നുള്ള 207 പേരടങ്ങുന്ന എട്ട് എൻഡിആർഎഫ് സംഘങ്ങളെ ആർമിയോടൊപ്പം വിന്യസിച്ചിട്ടുണ്ട്. അടിയന്തിര ആവശ്യങ്ങൾ മുൻനിർത്തി ദിമാപുറിൽ നിന്നുള്ള ഒൻപത് ബോട്ടുകൾ സിൽച്ചാറിലുണ്ട്. ഭക്ഷണം, വെള്ളം, മരുന്ന് പോലെയുള്ള അടിയന്തിര വസ്തുക്കളില്ലാതെ മൂന്ന് ലക്ഷം പേരാണ് ദുരിതമുഖത്ത് തുടരുന്നത്. 3,150 ഗ്രാമങ്ങളെ ഇതിനോടകം പ്രളയം ബാധിച്ചു. 2,65,788 പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടിയിട്ടുണ്ട്. 24 മണിക്കൂറിനിടെ 312 വീടുകളാണ് പ്രളയത്തിൽ നാശോന്മുഖമായത്.