തെലങ്കാനയിൽ വനിതാ മൃഗഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത ശേഷം കൊന്ന് കത്തിച്ച പ്രതികൾ, അതേ സ്ഥലത്ത് പൊലീസ് വെടിയേറ്റ് മരിച്ചുവീണത് ഒരുവിഭാഗം കയ്യടിയോടെയാണ് സ്വീകരിച്ചത്. പൊലീസുകാരെ പൂക്കൾ വിതറി ആദരിച്ചും കയ്യിൽ ചരട് െകട്ടി നൽകിയും സ്ത്രീകളും വരവേറ്റിരുന്നു. സ്കൂൾ ബസുകളിൽ നിന്ന് പോലും അന്ന് പൊലീസിനെ വാഴ്ത്തി മുദ്രാവാക്യം ഉയർന്നിരുന്നു. എന്നാൽ, അന്ന് നടന്നത് ഒരു വ്യാജ ഏറ്റുമുട്ടലാണെന്ന് സുപ്രീം കോടതി നിയോഗിച്ച സമിതി കണ്ടെത്തിയിരിക്കുന്നത്.
സംഭവത്തിന് ഉത്തരവാദികളായ 10 പൊലീസുകാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും സുപ്രീം കോടതിയിലെ മുൻ ജസ്റ്റിസ് വി.എസ് സിർപുർകറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി ശുപാർശ നൽകി. ഇപ്പോൾ തിയറ്ററിൽ ഓടുന്ന ജനഗണമന എന്ന ചിത്രത്തിന്റെ കഥയും ഹൈദരാബാദ് എൻകൗണ്ടറും തമ്മിൽ സാമ്യമുണ്ട്.
കൊല്ലപ്പെട്ട പ്രതികള്‍ പൊലീസില്‍ നിന്ന് തോക്ക് തട്ടിയെടുത്തുവെന്നും പൊലീസിനെതിരെ കല്ലെറിഞ്ഞെന്നുമായിരുന്നു തെലങ്കാന സർക്കാരിനു വേണ്ടി ഹാജരായ മുകുള്‍ റോഹ്തഗിയുടെ വാദം. സംഭവത്തിൽ രൂക്ഷ വിമര്‍ശനമാണ് തെലങ്കാന സര്‍ക്കാരിനെതിരെ സുപ്രീംകോടതി നടത്തിയത്. പ്രതികൾക്ക് എങ്ങനെയാണ് തോക്ക് ലഭിച്ചതെന്നും പൊലീസുകാർക്ക് പരുക്കേറ്റിട്ടുണ്ടോയെന്നും കോടതി ആരാഞ്ഞിരുന്നു. ഹൈദരാബാദ് ബലാല്‍സംഗക്കേസ് പ്രതികള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതില്‍ സത്യമറിയണമെന്നും വിശദമായി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതി 2019 ഡിസംബറിലാണ് ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടത്.
തെലങ്കാനയിൽ മൃഗ ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയ പ്രതികളെ ഡിസംബർ ആറിന് പുലർച്ചെ 3.30നാണ് പൊലീസ് വെടിവച്ചുകൊന്നത്. കേസിലെ മുഖ്യപ്രതിക്ക് പൊലീസുമായി ഉണ്ടായ ഏറ്റുമുട്ടലിൽ നാലു തവണ വെടിയേറ്റതായി പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. ഡോക്ടറുടെ കൊലപാതകത്തെ തുടർന്നുണ്ടായ ജനരോഷം തണുപ്പിക്കാൻ വേണ്ടി പൊലീസ് നടത്തിയ നാടകമാണ് ഏറ്റുമുട്ടൽ കൊലകളെന്ന ആരോപണം ശക്തമായതോടെ ദേശീയ മനുഷ്യാവകാശ കമ്മിഷൻ ഹൈദരാബാദിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു.