ഗതാഗത മലിനീകരണം ശ്വാസകോശത്തെ മാത്രമല്ല തലച്ചോറിനെയും ബാധിക്കാമെന്നാണ് പഠനം. ബൈക്കില്‍ പോകുന്നവരെ മാത്രമല്ല കാറിനുള്ളില്‍ യാത്ര ചെയ്യുന്നവരെയും ഈ മലിനീകരണം ബാധിക്കുമെന്ന് പഠനം മുന്നോട്ടുവയ്ക്കുന്നത്. ലോകത്ത് തന്നെ ആദ്യമായാണ് ഇത്തരത്തില്‍ ഒരു പഠനം നടക്കുന്നത്. യൂണിവേഴ്‌സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയും വിക്ടോറിയ യൂണിവേഴ്‌സിറ്റിയും സംയുക്തമായാണ് പഠനം നടത്തിയത്.
സാധാരണ ഗതാഗത മലിനീകരണം പോലും മനുഷ്യമനസ്സിനെ ദോഷകരമായി ബാധിക്കുമെന്നും
ഇതിന് ഏതാനും മണിക്കൂറുകള്‍ മാത്രം മതിയെന്നുമാണ് പഠനത്തില്‍ പറയുന്നത്. റിപ്പോര്‍ട്ടനുസരിച്ച്, ഡീസലിന്റെ പുകയില്‍ രണ്ട് മണിക്കൂര്‍ സമ്പര്‍ക്കം പുലര്‍ത്തുന്നത് തലച്ചോറിന്റെ പ്രവര്‍ത്തന ശേഷി കുറയ്ക്കുന്നു. അതായത്, തലച്ചോറിന്റെ വിവിധ ഭാഗങ്ങള്‍ തമ്മിലുള്ള ആശയവിനിമയം ദുര്‍ബലമാവുകയും ഇത് മനുഷ്യന്റെ ഓര്‍മ്മയിലും ചിന്തകളിലും നേരിട്ട് സ്വാധീനം ചെലുത്തുകയും ചെയ്യുന്നു. അതായത് ഏറെ നേരം ഗതാഗതക്കുരുക്കില്‍ കുടുങ്ങിക്കിടക്കുന്നത് തലച്ചോറിനെ ബാധിക്കുമെന്ന് സാരം.
മലിനീകരണം ഹൃദയത്തെയും ശ്വസനവ്യവസ്ഥയെയും തകരാറിലാക്കുമെന്ന് ഇതിനുമുമ്പും പല പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. എന്നാല്‍ ഗതാഗത മലിനീകരണം മനുഷ്യന്റെ നാഡീവ്യൂഹത്തിലും സ്വാധീനം ചെലുത്തുമെന്ന കാര്യം ശ്രദ്ധയില്‍പ്പെടുന്നത് ഇതാദ്യമാണ്.
ഈ പഠനത്തിന്റെ ഭാഗമായി തലച്ചോറിന്റെ ശേഷി അളന്ന്, 25 പേരെ ശുദ്ധവായുയിലും ഡീസല്‍ പുകയിലും പ്രത്യേകമായി ലബോറട്ടറിയില്‍ നിരീക്ഷിച്ചു. പിന്നീട് അവരുടെ തലച്ചോറിന്റെ പ്രവര്‍ത്തനം നിരീക്ഷിച്ചപ്പോള്‍ ഈര്‍പ്പത്തില്‍ വ്യക്തമായ കുറവുണ്ടായതായി കണ്ടെത്തി. മലിനീകരണം തലച്ചോറിലുണ്ടാക്കിയ ആഘാതം അധികനാള്‍ നീണ്ടുനിന്നില്ലെങ്കിലും തുടര്‍ച്ചയായി ഗതാഗത മലിനീകരണം ഉണ്ടായാല്‍ അത് തലച്ചോറിനെ ബാധിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നത്.
മലിനീകരണത്തില്‍ നിന്ന് രക്ഷനേടാന്‍ ട്രാഫിക്കില്‍ കുടുങ്ങുമ്പോള്‍ വാഹനത്തിന്റെ ഗ്ലാസുകള്‍ അടച്ചിടുന്നതാണ് ഉത്തമം എന്നാല്‍ വാഹനത്തിലെ എയര്‍ ഫില്‍ട്ടര്‍ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.