മലയാളിയുടെ ഗൃഹാതുരത്വത്തിൻ്റെ പ്രതിഫലനമായ മലയാളി മനസ്സ് എന്ന ഓൺലൈൻ പത്രത്തിൽ ഗൃഹവൈദ്യം പംക്തി കൈകാര്യം ചെയ്യുന്ന ശ്രീമതി ജിത ദേവൻ്റെ പിന്തുണയാൽ ഒരു കുറിപ്പ് അച്ചടിച്ച് വരികയും തുടർന്ന് ഒരു കുറിപ്പുകൂടി എഴുതുവാൻ ശ്രീമതി ജിത ദേവൻ ആവശ്യപ്പെടുകയും ചെയ്തു.
“ജനനിയും ജന്മഭൂമിയും സ്വർഗ്ഗത്തേക്കാൾ മഹത്തരമല്ലോ !”ലോകത്തിൻ്റെ ഏത് കോണിൽ ജീവിച്ചാലും മലയാളിക്ക് ജന്മഭൂമി സ്വർഗ്ഗമാണ്.
ഇന്നത്തെ ഗൃഹവൈദ്യത്തിൽ ആടലോടകം, കറ്റാർവാഴ, തെങ്ങിൻ കൂമ്പ് എന്നിവയുടെ ഔഷധഗുണങ്ങളിലൂടെ നമ്മുക്കൊന്ന് സഞ്ചരിച്ചാലോ…
തയ്യാറാക്കിയത്: വിമല സോമൻ കാരിച്ചാൽ
ആടലോടകം
പറമ്പുകളിൽ സമൃദ്ധമായി വളരുന്ന ഔഷധച്ചെടിയാണ് ആടലോടകം. ചുമയ്ക്ക് വളരെ ഫലപ്രദമാണിത്. കുട്ടികളെ ബാധിക്കുന്ന വില്ലൻ ചുമ, അലർജിമൂലമുണ്ടാകുന്ന ചുമ എന്നിവയ്ക്ക് ആടലോടകത്തിൻ്റെ ഇലകൾ പറിച്ച് നന്നായി കഴുകിയതിന് ശേഷം ചെറുതായി അരിഞ്ഞ് വെയിലത്ത് വെച്ച് ഉണക്കി കല്ക്കണ്ടം ചേർത്ത് നന്നായി പൊടിച്ചെടുത്ത് ഓരോ സ്പൂൺ വീതം മൂന്നു നേരം കഴിക്കണം. ഇങ്ങനെ ഒരാഴ്ച കഴിക്കുമ്പോൾ ചുമയ്ക്ക് ( അലർജി മുതൽ വില്ലൻ ചുമ അഥവ whopping cough വരെ)ആശ്വാസം കിട്ടും. കുട്ടികൾക്കും പ്രായമായവർക്കും ഉത്തമമാണിത്.
കറ്റാർവാഴ
കാലിൻ്റെ നഖങ്ങളിൽ അഴുക്ക് കയറി കുഴിനഖം (അണുബാധ ) ഉണ്ടാകുമ്പോൾ കറ്റാർവാഴയുടെ പൾപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് കെട്ടിവെക്കുന്നത് ഉത്തമമാണ്.
കറ്റാർവാഴയുടെ ഒരു തണ്ട് മുറിച്ചെടുത്ത് അതിനെ വീണ്ടും നാല് ചെറിയ കഷണങ്ങളാക്കുക. അതിൽ ഒരു കഷണത്തിൻ്റെ പൾപ്പ് എടുക്കുക. അതിലേക്ക് ഒരു സ്പൂൺ മഞ്ഞപ്പൊടി ചേർക്കുക.ഈ മിശ്രിതം കുഴിനഖത്തിന് മുകളിൽ വെച്ച് കോട്ടൺ ഉപയോഗിച്ച് കെട്ടുക. പന്ത്രണ്ട് മണിക്കൂർ കഴിഞ്ഞ് കെട്ടഴിക്കുമ്പോൾ കുഴിനഖവും വേദനയും പമ്പ കടന്നിരിക്കും.
കറ്റാർവാഴയുടെ ഗുണങ്ങൾ നിരവധിയാണ്.കേശവർദ്ധിനിയായും സൗന്ദര്യ വർദ്ധക വസ്തുവായും ഉപയോഗിക്കുന്നതു കൂടാതെ ഇതിൻ്റെ പൾപ്പ് ജ്യൂസ്സായും ഉപയോഗിച്ചു വരുന്നു.
തെങ്ങിൻ കൂമ്പ്
തെങ്ങിൻ്റെ എല്ലാ ഭാഗങ്ങളും ഉപയോ യോഗ്യമായതിനാൽ തെങ്ങിനെ കല്പവൃക്ഷം എന്നാണല്ലോ പറയപ്പെടുന്നത്.
നടുവിനുണ്ടാകുന്ന വേദനയ്ക്ക് തെങ്ങിൻ കൂമ്പ് ലേഹ്യം അത്യുത്തമമാണ്. തെങ്ങിൻ്റെ ഇളം കൂമ്പിനുള്ളിലെ പൂങ്കുലകൾ അടർത്തിയെടുക്കുക. അതിന് ശേഷം നന്നായി കഴുകി ഉണക്കിയ പച്ചരിയും( ആവശ്യത്തിന്) ചേർത്ത് ഉരലിൽ ഇടിച്ച് ഇടഞ്ഞെടുക്കുക അല്ലെങ്കിൽ മിക്സിയിൽ പൊടിക്കുക.
അതിന് ശേഷം കരുപ്പെട്ടി പാനിയാക്കി ഉരുളിയിൽ ഒഴിച്ച് ചൂടാക്കുക. തിളക്കുമ്പോൾ കൂമ്പിൻ്റെയും പച്ചരിയുടെയും പൊടി ചേർക്കുക. കുഴമ്പ് പരുവം ആകുന്നതു വരെ പാകം ചെയ്യണം. മിശ്രിതം നന്നായി ഇളക്കി കൊണ്ടിരിക്കണം.ലേഹ്യം പാകമാകുമ്പോൾ ചുക്ക്, ജീരകം, ഏലയ്ക്ക (ആവശ്യത്തിന്) എന്നിവ പൊടിച്ച് ചേർത്ത് ഇളക്കുക.
ഒരു ടേബിൾ സ്പൂൺ വീതം രാവിലെയും വൈകിട്ടും കഴിക്കുക. എല്ലാവിധ നടുവിന് വേദനയും മാറി കിട്ടും.
വിമല സോമൻ കാരിച്ചാൽ
________________________________________________________________
മലയാളി മനസ്സിൽ ജിത ദേവൻ അവതരിപ്പിക്കുന്ന ഗൃഹ വൈദ്യം പoക്തിയിലേക്ക് രചനകൾ അയക്കാൻ താൽപര്യമുള്ളവർ ബന്ധപെടുക
ജിത ദേവൻ
എഡിറ്റോറിയൽ അസിസ്റ്റന്റ്
മലയാളി മനസ്സ് യു. എസ്. എ
വാട്ട്സ്ആപ്പ്: 8139073334