മാതൾ നാരങ്ങയുടെ ജന്മദേശം അറേബിയ ആണ് . ഉറുമാമ്പഴം കൂടുതലായി കണ്ടുവരുന്ന രാജ്യങ്ങൾ അറേബിയ , അഫ്ഗാനിസ്ഥാൻ, ബലൂചിസ്ഥാൻ, ഇന്ത്യ എന്നിവിടങ്ങളിലാണ്.
കേരളത്തിൽ പല ഭാഗത്തായി പല പേരിലാണ് അറിയപ്പെടുന്നതു്. മാതൾ നാരങ്ങ, ഉറുമാമ്പഴം, താളി മാതളം എന്നിവയാണ് ആ പേരുകൾ . ഹിന്ദിയിൽ അനാർ എന്നും ധാളിം എന്നും തമിഴിൽ കലുമൽ , മാതളൈ എന്നും പറയുന്നു. കട്ടിയുള്ളത് കട്ടി കുറഞ്ഞതു് എന്നിങ്ങനെ രണ്ടു തരമുണ്ട്. ഈ മരത്തിന്റെ പട്ടയിലും കറയിലും വിഷം അടങ്ങിയിട്ടുണ്ട്.
വളരെ ഔഷധവീര്യമുള്ള താണ് മാതൾ നാരങ്ങ . ഈ വൃക്ഷത്തിന്റെ തൊലി, ഇല, പുഷ്പം, വേര്, പഴം, പഴത്തിന്റെ തോട് എന്നിവയെല്ലാം ഔഷധ വീര്യം ഉൾക്കൊള്ളുന്നതാണ്.
മാതളപ്പഴം ധാരാളം അറകളോടു കൂടിയതാണ്. ഇവയിലെല്ലാം ചെറിയ കുരുക്കൾ നിറഞ്ഞു നില്ക്കുന്നു. മാതളം വളരെ പ്രധാനപ്പെട്ട ആയുർവേദ ഔഷധമാണ്.
ഔഷധ ഗുണം :
1- ശരീരം ക്ഷീണിച്ചവർക്ക് നിത്യവും ഒരു ഉറുമാമ്പഴം കഴിച്ച് ആരോഗ്യം വീണ്ടെടുക്കാം.
2- രക്തം പോകുന്ന അതിസാരത്തിന്ന് ഉറുമാമ്പഴത്തിന്റെ നീര് കഴിച്ചാൽ ഉടനെ രോഗം ശമിക്കും.
3 – ഒരു നാരങ്ങയുടെ മുകൾ ഭാഗത്ത് ദ്വാരമുണ്ടാക്കി ശുദ്ധമായ ബദാമിന്റെ എണ്ണ അതിൽ നിറച്ച് അടച്ചു വെക്കുക. ഒരു മണിക്കൂർ കഴിഞ്ഞ് എണ്ണ പഴത്തിൽ അലിഞ്ഞുചേരും. ഈ പഴത്തിന്റെ അല്ലി കഴിക്കുക. കാലപ്പഴക്കമുള്ള ചുമ വിട്ടു മാറും. എത്ര പഴക്കം ചെന്നതായ ശ്വാസം മുട്ടും ഈ പ്രയോഗം കൊണ്ട് മാറുന്നതാണ്.
4-ദിവസവും ഒരു ഉറുമാമ്പഴം വെച്ച് കഴിച്ചാൽ ഉദരപ്പുണ്ണ് പൂർണ്ണമായും മാറും.
5 – പഴുത്ത ഉറുമാമ്പഴത്തിന്റെ തൊലി ഉണക്കിപ്പൊടിച്ച് സൂക്ഷിച്ച് വെയ്ക്കുകയും വയറു വേദന , വയറ്റിൽ പുണ്ണ് എന്നിവ വരുമ്പോൾ ഈ പൊടി ഒരു ടീസ്പൂൺ അളവിൽ എടുത്ത് ചൂടു വെള്ളത്തിൽ കഴിക്കുകയും ചെയ്യാം.
6-ആമാശയം, കുടൽ രോഗം, കൃമിരോഗം, അതിസാരം എന്നിവക്കും ഏറ്റവും ഫലപ്രദമാണ് ഉറുമാമ്പഴം.
7- ഡാഡി മാദി ചൂർണ്ണം, ഡാഡി മാദി ഘൃതം എന്നിവ ഉറുമാമ്പഴം കൂട്ടി ചേർത്തുണ്ടാക്കുന്നതാണ്.
ഇതിന്റെ വിഷം ഉള്ളിൽ ചെന്നാലുള്ള ദോഷം :
കറ ഉള്ളിൽ ചെന്നാൽ തലവേദന , തലകറക്കം, ഛർദ്ദി, വയറിളക്കം എന്നിവ ഉണ്ടാകും. കാഴ്ച് ശക്തിയെ കാര്യമായി ബാധിക്കും, കറ അമിതമായി കഴിച്ചാൽ ജീവന്ന് അപകടം സംഭവിക്കും.
ഉറുമാമ്പഴത്തിന്റെ ദോഷവും ഗുണവും ഓർത്തു വെക്കണം
തയ്യാറാക്കിയത്: അശോകൻ ചേമഞ്ചേരി