നായ്ക്കുരണ (Cowitch Plant )
നായ്ക്കുരണ വള്ളിയായി പടർന്ന് വളരുന്ന ബഹുവർഷി സസ്യമാണ്. മനുഷ്യരിലും മൃഗങ്ങളിലും ഒരു പോലെ ചൊറിച്ചിലുണ്ടാക്കുന്ന ഒരിനം പൊടി ഇതിന്റെ കായയുടെ പുറത്തുണ്ട്. ഇത് ഒരു കാലത്ത് നാട്ടിൻപുറത്ത് വീട്ടുവളപ്പിൽ കൃഷി ചെയ്തിരുന്നു. ഉപ്പേരി (തോരൻ) വെക്കാൻ വേണ്ടിയാണ് ഇത് ഉപയോഗിച്ചിരുന്നത്. കയ്യിൽ എണ്ണ പുരട്ടി തുണി കൂട്ടിപ്പിടിച്ചാണ് കായ പറച്ചിരുന്നതും പാകം ചെയ്തിരുന്നതും. ഈ ചെടി ഇന്ന് നാട്ടിൻപുറത്തു നിന്നും പാടെ അപ്രത്യക്ഷമായിരിക്കുന്നു. കാറ്റിൽ ഇതിന്റെ പൊടി പാറി ശരീരത്തിൽ ചൊറിച്ചിൽ ഉണ്ടാക്കും. എണ്ണ പുരട്ടിയാൽ ചൊറിച്ചിൽ മാറും. ഇതിന്റെ വള്ളികൾക്കിടയിലൂടെ ഓടിച്ചാടിക്കളിക്കുന്ന നായ്ക്കൾക്ക് ഇതിന്റെ പൊടിതട്ടി ചൊറിച്ചിൽ സഹിക്ക വയ്യാതെ വെള്ളത്തിൽ ചാടി നീന്തുന്നതു് കാണാൻ രസമാണ്.
പയർ വർഗ്ഗങ്ങളിൽ വളരെയധികം ഔഷധ ഗുണമുള്ളതാണിത്. ഞരമ്പുകൾക്ക് ഉത്തേജനവും ശരീര ബലവും നല്ല ബുദ്ധിശക്തിയും നൽകുന്ന ഇതിന്റെ പരിപ്പിൽ അത്രയും പോഷക മൂല്യങ്ങൾ അടങ്ങിയിട്ടുണ്ട്. ഇതിന്റെ കായ ബീൻസിനേക്കാൾ അല്പം പരന്നിട്ടാണ്. ഇതിന്റെ പൂക്കൾ കൗതുകകരമാണ്. ഉപയോഗത്തെ ആധാരമാക്കി ആയുർവേദം ഈ സസ്യത്തെ വാജീകരണ ഔഷധങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇതിന്റെ വിത്ത് മുളപ്പിച്ചാണ് പ്രജനനം നടക്കുന്നത്. ഉഷ്ണവീര്യമാണ്. വേര്, വിത്ത്, ഫല രോമം, ഇല എന്നിവ ഔഷധത്തിന്ന് ഉപയോഗിക്കുന്നു. നായ്ക്കു രണ രണ്ടു തരമുണ്ട്. ഒന്ന് പടർന്ന് പന്തലിക്കുന്നതും രണ്ടാമത്തേത് അധിക വളർച്ച ഇല്ലാത്തവയുമാണ്. വിഷം അടങ്ങിയിട്ടുള്ളത് പുറത്തുള്ള രോമത്തിലാണ്.
രാസഘടന വിത്തിൽ ..ഖനിജങ്ങൾ 6.75 ശതമാനം . പ്രോട്ടീൻ 25.03 ശതമാനം . കാൽസ്യം 3.9 ശതമാനം, സൾഫർ 0.02 ശതമാനം, കൂടാതെ മഗ്നീഷ്യം, ഗാനിക് അമ്ലം, ഗ്ലൂക്കോസൈഡ് എന്നിവയും അടങ്ങിയിട്ടുണ്ട്..
ഔഷധ ഗുണം :
1- വിര. ഫലത്തെ ആവരണം ചെയ്തിരിക്കുന്ന രോമം നാല് ഡെസീ ഗ്രാം എടുത്ത് ശർക്കരയിലോ വെണ്ണയിലോ ചേർത്ത് വെറും വയറ്റിൽ സേവിച്ചാൽ ഉദരവിര നശിക്കും.
2- വ്രണം.. ഇല അരച്ച് വ്രണത്തിൽ തേച്ച് കൊണ്ടിരുന്നാൽ വ്രണം പഴുത്തു പൊട്ടി എളുപ്പം ഉണങ്ങിപ്പോകും.
3 – വാത രോഗം: വേരും വിത്തും ഉണക്കിപ്പൊടിച്ച് ചൂർണ്ണമാക്കി മൂന്ന് ഗ്രാം വീതം രാവിലെയും രാത്രിയും ഉപയോഗിച്ചാൽ വാത രോഗം ശമിക്കും.
4- വൃക്ക രോഗം: വേരും ഞെരിഞ്ഞിലും തുല്യമായി എടുത്ത് കഷായം വെച്ച് കുടിച്ചാൽ വൃക്ക രോഗത്തിന്ന് കുറവുണ്ടാകും.
5 – മന്ത് രോഗം: വേര് അരച്ച് മന്ത്. രോഗികൾക്ക് ലേപനമായി ഉപയോഗിക്കാം.
6- തേൾ കുത്തിയ ഭാഗത്ത് നായ്ക്കുരണ പരിപ്പ് അരച്ച് പുരട്ടിയാൽ വിഷം ശമിക്കും.
ശ്രദ്ധിക്കുക. അമിതമായ തോതിൽ കഴിക്കാൻ പാടില്ല. ശുദ്ധമായ പാലിൽ ചേർത്ത് കഴിക്കുന്നത് ഉത്തമമാണ്.
തയ്യാറാക്കിയത്: അശോകൻ ചേമഞ്ചേരി✍