9 – മുതിര ക്രാണം) – Horsegram
ശരീരത്തിന്ന് നല്ല ബലം തരുന്ന ഭക്ഷണ പദാർത്ഥമാണ് മുതിര, കുതിരയ്ക്ക് മുതിര എന്നാണല്ലോ പ്രമാണം. പണ്ട് കാലത്ത് വേഗത്തിൽ യാത്ര ചെയ്യാൻ കുതിരയേയാണ് ഉപയോഗിച്ചിരുന്നത്. അല്പം സാമ്പത്തിക ശേഷിയുള്ള വീടുകളി കുതിരയെ വളർത്തിയിരുന്നു. കുതിരയുടെ മുഖ്യ ആഹാരം മുതിരയായിരുന്നു. ശരീര ബലം കിട്ടാൻ വേണ്ടിയാണ് കുതിരക്ക് മുതിര കൊടുക്കുന്നത്.
ഉഷ്ണവീര്യമുള്ള മുതിര സാധാരണ മഴക്കാലത്താണ് നമ്മൾ പണ്ടുകാലത്ത് കഴിച്ചു വന്നിരുന്നത്. എല്ലുമുറിയെ പണി എടുക്കുന്ന കർഷകർ കർക്കിടക മാസത്തിൽ മുതിരക്കഞ്ഞി ഉണ്ടാക്കി കുടിക്കുക പതിവുള്ളതാണ്. നഷ്ടപ്പെട്ടു പോയ ശരീര ബലം തിരിച്ചു കിട്ടാൻ ഇത് ഉപകരിക്കും. കാലപ്പഴക്കത്തിൽ പുതുതലമുറ മുതിര ഉപയോഗിക്കാറില്ല. എല്ല് തേയ്മാനം നട്ടെല്ല് വേദന എന്നിവയ്ക്ക് പരിഹാരമാണ് മുതിരയുടെ ഉപയോഗം.
മുതിരകഴിച്ചാലുള്ള ഗുണങ്ങൾ :-
1- കഫം, വാതം, ശമിപ്പിക്കും.
2- അർശസ് രോഗം, കാസരോഗം, ചുമ എന്നിവ കുറക്കും.
3 – മൂത്രക്കല്ല് രോഗം, പ്രമേഹം, വയറു വീർപ്പ് എന്നീ രോഗികൾ മുതിരകഴിക്കണം.
4- മൂത്രം വർദ്ധിപ്പിക്കും
5 – തടിച്ചവർ മെലിയും .
6- പ്രസവശേഷമുള്ള ശു ശ്രൂഷയിൽ ഗർഭാശയ ശുദ്ധിയ്ക്ക് മുതിര കഷായം വെച്ച് കുടിക്കണം.
7- മുതിരകഷായം വെച്ച് അതിൽ സ്വല്പം മല്ലിയും ജീരകവും വെളുത്തുള്ളിയും കടുകും ചേർത്ത് വെളിച്ചെണ്ണയിൽ താളിച്ച് ആ കഷായം വറവിൽ ഒഴിച്ച് കഴിച്ചാൽ രക്താർബുദത്തിൽ ഉണ്ടാകുന്ന പ്ലീഹാവീക്കവും, മഞ്ഞപ്പിത്തവും മാറും. രക്താർബുദ ചികിത്സയിൽ ആധുനീക വൈദ്യശാസ്ത്രം മുതിര ഉപയോഗിക്കുന്നുണ്ട്.
8 – മൂത്രക്കല്ലിന്ന് മുതിരക്കഷായം നല്ലതാണ്. രണ്ട് ഔൺസ് മുതിരക്കഷായത്തിൽ സമം മുള്ളങ്കി നീര് ചേർത്ത് കഴിച്ചാൽ മൂത്രത്തിലെ കല്ല് പൊടിഞ്ഞ് പോകും.
മുതിരയ്ക്ക് ധാരാളം ഔഷധ ഗുണങ്ങളുള്ളത് പോലെ ദോഷങ്ങളുമുണ്ട്.
1- മുതിര ഉഷ്ണമാണ്. ഉഷ്ണ ശരീരമുള്ളവർക്ക് ചൂടുകാലത്ത് മുതിരകഴിക്കുന്നത് ദോഷം ചെയ്യും.
2- ചിലർക്ക് മലബന്ധമുണ്ടാക്കും
3- ദഹന രസം പുളിപ്പാണ്. പാലുമായി ചേർത്ത് കഴിക്കാനോ മുതിര കഴിക്കുന്നതിന്ന് തൊട്ടു മുമ്പോ, പിമ്പോ പാൽ കഴിക്കാനോ പാടില്ല.
4- ശരീര വിയർപ്പിനെ കുറക്കും. എന്നിവ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.
നവധാന്യങ്ങൾ ഇവിടെ സമാപിക്കുന്നു. അടുത്ത ആഴ്ച പുതിയ വിഷയവുമായി കാണാം
തയ്യാറാക്കിയത്: അശോകൻ ചേമഞ്ചേരി