മദ്ധ്യവയസ് കഴിഞ്ഞവർക്ക് സാധാരണയായി മുട്ടിന് വേദനയുണ്ടാക്കുന്ന തേയ്മാനമാണ് ഈ അസുഖം. മുട്ടിൻ്റെ തേയ്മാനം പലരേയും വേദനിപ്പിക്കുകയും ചലനശേഷി ഇല്ലാതാക്കുകയും ചെയ്യുന്നുണ്ടല്ലോ. എന്താണ് ഈ തേയ്മാനമെന്നും എന്തെല്ലാം കാരണങ്ങൾ തേയ്മാനം കൂട്ടുമെന്നും നമുക്ക് പരിശോധിക്കാം.കൂടാതെ തേയ്മാനത്തെ എങ്ങനെ ഒഴിവാക്കാമെന്നും ചികിൽസിക്കാമെന്നും ചർച്ച ചെയ്യാം.
ഏതൊരു സന്ധിയുടേയും ഉൾഭാഗത്തുള്ള നേർത്തതും ദൃഢമായതുമായ വെളുത്ത ഒരു ആവരണമാണ് കാർട്ടിലേജ്.ഈ കാർട്ടിലേജിൽ ഉണ്ടാകുന്ന ക്ഷതവും ശോഷണവും ബലക്കുറവും തേയ്മാനത്തിന് കാരണമാകുന്നു. കാർട്ടിലേജിൻ്റെ ബലം നഷ്ടമാവുമ്പോൾ ഭാരം വഹിക്കുന്ന സന്ധികളിലെ ലോഡ് അസ്ഥികളിലേക്ക് മാറുകയും അസ്ഥിയ്ക്ക് ക്ഷതം സംഭവിക്കുകയും ചെയ്യുന്നു. മാത്രമല്ല സന്ധിയിലെ അസ്ഥികൾ തമ്മിലുള്ള ബന്ധം ശിഥിലമാവുകയും തൽഫലമായി ലിഗമെൻ്റുകൾ ദുർബലമാവുകയോ പൊട്ടിപ്പോവുകയോ ചെയ്യുന്നു. അസ്ഥികൾക്ക് ഉണ്ടാവുന്ന വൈകല്യങ്ങളും ലിഗമെൻ്റുകളുടെ ദൗർബല്യവും കാലുകളിൽ മുട്ടിൻ്റെ ഭാഗത്ത് പുറത്തോട്ടോ അകത്തോട്ടോ വളവ് ഉണ്ടാക്കുന്നു. കൂടാതെ സന്ധിയ്ക്കകത്തെ ആവരണത്തിൽ തടിപ്പ് ഉണ്ടാവുകയും സന്ധിക്ക് വീർപ്പവും ഉണ്ടാക്കുന്നു.
ഇനി നമുക്ക് തേയ്മാനം ഉണ്ടാക്കുന്ന സാഹചര്യങ്ങൾ വിലയിരുത്താം. അമിതമായ വണ്ണവും അമിതമായ ഉപയോഗവുമാണ് സന്ധികളിൽ തേയ്മാനം ഉണ്ടാക്കാനുള്ള പ്രധാന കാരണങ്ങൾ. കൂടാതെ വ്യായാമത്തിൻ്റെ കുറവും പോഷകങ്ങളുടെ കുറവും സന്ധിവാതം ഉണ്ടാക്കാം. ആരോഗ്യമുള്ള ജീവിതശൈലിയുടെ അഭാവം ഉണ്ടാക്കുന്ന ജീവിതശൈലീരോഗങ്ങളുടെ പട്ടികയിലാണ് തേയ്മാനത്തിന് സ്ഥാനം.
ചിട്ടയായ വ്യായാമവും സമീകൃതവും നിയന്ത്രിതവുമായ ആഹാരശൈലിയും ആരോഗ്യമുള്ള ഒരു ശരീരവും അതിൽ ആരോഗ്യമുള്ള സന്ധികളെ നിലനിർത്തും. അമിതമായ മധുരത്തിൻ്റേയും കൊഴുപ്പിൻ്റെയും എണ്ണയുടേയും ഉപയോഗം ഒഴിവാക്കാൻ ശ്രമിച്ചാൽ സന്ധിവാതം പോലെയുള്ള ജീവിതശൈലീരോഗങ്ങൾ ഒഴിവാക്കാം.
Dr. അനിൽകുമാർ SD