കോഴിക്കോട്ട് ഷിഗെല്ല രോഗവ്യാപനമുണ്ടായതു വെള്ളത്തിലൂടെയെന്നു പ്രാഥമിക പഠന റിപ്പോർട്ട്.
കോഴിക്കോട് മെഡിക്കൽ കോളേജിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗമാണു പരിശോധനയ്ക്കുശേഷം പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ ബാക്ടീരിയ എങ്ങനെ എത്തിയെന്നത് ഇതുവരെ കണ്ടെത്താനായിട്ടില്ല.
ഷിഗെല്ല എന്നത് ബാക്ടീരിയയാണ്. ഈ ബാക്ടീരിയ വരുത്തുന്ന രോഗമാണ് ഷിഗെല്ല. വയറിളക്കം, പനി, വയറുവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. എല്ലാ ഷിഗെല്ല രോഗികൾക്കും രോഗലക്ഷണങ്ങൾ കാണണമെന്നില്ല.
ഷിഗെല്ല ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് മൂന്നുദിവസത്തിനു ശേഷമാകും രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുക. രണ്ടുദിവസം മുതൽ ഏഴു ദിവസം വരെ മാത്രമേ രോഗമുണ്ടാകുകയുള്ളു. എന്നാൽ മൂന്നു ദിവസത്തിന് ശേഷവും വയറിളക്കമുണ്ടെങ്കിൽ ഡോക്ടറെ ബന്ധപ്പെടണം. വയറിളക്കത്തോടൊപ്പം നിർജലീകരണം കൂടിയുണ്ടാകുന്നത് പ്രശ്നം ഗുരുതരമാക്കും.
കോഴിക്കോട് ജില്ലയിൽ 15 പേര്‍ക്കാണ് ഷിഗെല്ല രോഗലക്ഷണം കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കൽ കോളജിലും സ്വകാര്യ ആശുപത്രിയിലും ചികിത്സയിൽ കഴിയുന്നവർക്കാണ് രോഗ ലക്ഷണമുള്ളത്. ഇതിൽ 10 പേർ കുട്ടികളാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച മുണ്ടിക്കൽതാഴം കൊട്ടാംപറന്പിലെ ചോലയിൽ വീട്ടിൽ അദ്നാൻ ഷാഹുൽ ഹമീദ്(11) മരിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. കുട്ടികയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്തവർക്കാണ് ഇപ്പോൾ രോഗലക്ഷണമുള്ളത്.