തയ്യാറാക്കിയത്: മാത്യു ശങ്കരത്തിൽ
ഊർജം അനാദിയാണ്, അനൂസ്യൂതവും. ഭൂമിയും ആകാശവും ആഴിയും എന്നു വേണ്ട, പ്രപഞ്ചത്തിലെ സകലചരാചരങ്ങളിലും ഊർജം നിലനിൽക്കുന്നു. ഒരു അവസ്ഥയിൽ നിന്നു മറ്റൊന്നിലേക്ക് ഊർജം പരിഗണിക്കുകയും ചെയ്യുന്നു. കൈമാറലുകളിൽ ഊർജം നഷ്ടപ്പെടുന്നുമില്ല.
ഊർജത്തെ വ്യാഖ്യാനിക്കാൻ, വ്യവഹരിക്കാൻ എല്ലാ ശാസ്ത്രശാഖകളും ആഴത്തിലുള്ള പഠനം നടത്തിയിട്ടുണ്ട്. ഇപ്പോഴും നടക്കുന്നു. ഊർജമാണ് അക്യുപ്രഷർ, അക്യുപങ്ചർ എന്നീ ചികില്‍സാരീതികളുടെ അടിസ്ഥാനം.
ഭൂമിയിലെ എല്ലാ ജീവഘടനയിലൂടെയും ഊർജത്തിൻ്റെ അനുസ്യൂതി ഈ ചികില്‍സാശാസ്ത്രം തിരിച്ചറിയുന്നു. ഒരിക്കലും തീരാത്തതത്രെ ഊർജത്തിൻ്റെ ഈ മഹാപ്രവാഹം. മനുഷ്യശരീരത്തിലേക്ക് ആകാശത്തിൽ നിന്നും ഭൂമിയിൽ നിന്നും ഊർജം ലഭിക്കുന്നുണ്ട്. അഥവാ ഇങ്ങനെ ലഭിക്കുന്ന ഊർജമാണ് ജീവൻ്റെ ഇന്ധനം.
ശരീരത്തിലെ ഊർജത്തിൻ്റെ പ്രവാഹപഥങ്ങളെ 'മെറിഡിയനുകൾ' എന്നാണ് വിളിക്കുന്നത്. ഈ പ്രവാഹപഥങ്ങൾ ശരീരം മുഴുവനും വ്യാപിച്ചു കിടക്കുന്നു. അക്യുപ്രഷറും അക്യുപങ്ചറും രോഗ ചികില്‍സ തേടി ഈ മെറിഡിയനിലെ പ്രത്യേക 'പോയിൻ്റു' കളെയാണ് തൊടുന്നത്. അക്യുപങ്ചറിൽ ചികില്‍സകൻ പ്രത്യേകതരം സൂചികൊണ്ടും അക്യുപ്രഷറിൽ ചികില്‍സകൻ്റെ തന്നെ വിരലുകൾ കൊണ്ടും.
ചൈനീസ് രീതിയനുസരിച്ച് മെറിഡിയനുകളെ രണ്ടായി തരം തിരിച്ചിരിക്കുന്നു. 'യിൻ' 'യാങ് 'എന്നിവയാണവ. ശരീരപ്രതലത്തിൽ മെറിഡിയൻ ഒഴുകുന്ന ദിശയെ ആസ്പദമാക്കിയാണി വിഭജനം.
'യാങ്' വിഭാഗത്തിൽ സൂര്യനിൽ നിന്നാണ് ഊർജം എത്തുന്നത്. 'യിൻ' വിഭാഗത്തിൽ ഭൂമിയിൽ നിന്നും വിരലറ്റം മുതൽ മുഖം വരെ, വിവിധ ശരീരാവയവങ്ങളുമായി ബന്ധപ്പെട്ട് മെറിഡിയനുകൾ നീളുന്നു. ശരീരത്തിനകത്ത് ഇവ രണ്ടുമുണ്ട്. അതായത് 'യിൻ' 'യാങി'നെയും 'യാങ്' 'യിന്നി'നെയും ഒരേ സമയം വഹിക്കുന്നു. ശരീരത്തിനകത്തെ ധ്രുവങ്ങൾ പോലെയാണവ. അതു പോലെ വൈജാത്യം പ്രകടിപ്പിക്കുന്നു. അതേ സമയം സാമ്യവും.
അക്യുപ്രഷർ-അക്യുപങ്ചർ ശാഖകൾ പറയുന്നു, ഈ സാജാത്യവൈജാത്യങ്ങളാണ് ജീവഘടനയുടെ അടിസ്ഥാനം. 14 പ്രധാന മെറിഡിയനുകളാണ് ശരീരത്തിലുള്ളത്. ഇവയിലൂടെയുള്ള ഊർജ മൊഴുക്കിൻ്റെ സന്തുലിതാവസ്ഥയാണ് ആരോഗ്യം.
'യാൻ' പുറത്തേക്കുളള ഊർജധാരയാണ്. 'യാങ് 'അകത്തേക്കും. അങ്ങനെയെങ്കിൽ, ഈ ഊർജപ്രവാഹം തടസ്സപ്പെട്ടാൽ.....നീസംശയം രോഗം ഉണ്ടാവുന്നു. ഉദാഹരണത്തിനു, ഹൃദയമെറിഡിയൻ ചെറുവിരൽ വരെ ബന്ധപ്പെട്ടിരിക്കുന്നു. ഈ വഴിത്താരയിൽ എന്തെങ്കിലും 'ബ്ലോക്ക്' ഉണ്ടാവുകയാണെങ്കിൽ, ഹൃദയവുമായി ബന്ധപ്പെട്ട അസുഖങ്ങൾക്കു നിമിത്തമാവുന്നു. 'മെറിഡിയൻ ബ്ലോക്ക്' ഉണ്ടാവുമ്പോൾ ആ സ്ഥാനത്ത് സൂചികൊണ്ട് കുത്തിയും മർദം പ്രയോഗിച്ചും മെറിഡിയൻ പ്രവാഹത്തെ പൂർവസ്ഥിതിയിലാക്കാം.
ഈ ചികില്‍സാരീതികൾ അത്യന്തം ഫലപ്രദമാണെന്നും ചികില്‍സകര്‍ അവകാശപ്പെടുന്നു.
ഇനിയറിയുക: നമ്മുടെ ശരീരത്തിൽ ‘മെറിഡിയൻ ബ്ലോക്ക്’ ഉണ്ടാകാൻ സാധ്യതയുള്ള അഞ്ഞൂറിലധികം സ്ഥാനങ്ങൾ ഉണ്ട്. അവ രോഗങ്ങളുടെ കാരണവുമായി മാറുന്നു.
അകാല വാർധക്യത്തിൻ്റെ കാരണങ്ങളെക്കുറിച്ച് ഈ ചികില്‍സാരീതിയിലെ വിദഗ്ധർ പറയുന്നതു ശ്രദ്ധിക്കുക.
- ക്രമവിരുദ്ധമായ ഭക്ഷണ രീതി
- മാനസിക പിരിമുറുക്കം
- വ്യായാമക്കുറവ് അകാലത്തിൽ തലമുടി നരയ്ക്കുന്നതിനും മുഖം ചുളിയുന്നതിനും മുഖത്തെ കറുത്തപാടുകൾക്കും കുടവയറിനും മറ്റും ഈ ചികില്‍സാരീതി കൊണ്ടു ഫലമുണ്ടാകുമെന്നും ഇവർ അവകാശപ്പെടുന്നു. ‘മെറിഡിയൻ ബ്ലോക്കി’ ൽ നിന്നു ചിലപ്പോഴൊക്കെ നീരുണ്ടാവുന്നു. ആ ബ്ലോക്ക് നീക്കം ചെയ്യുമ്പോൾ നീര് അപ്രത്യക്ഷമാവുന്നു. ‘ഫലശ്രുതി’ യിൽ അത്രമാത്രം വിശ്വാസമാണ് ചികിത്സ ചികില്‍സകന്. തനിക്കുപോലും വിശ്വസിക്കാനാവാത്ത ഫലപ്രാപ്തിയുള്ള ചികില്‍സാരീതിയാണെന്നും ചികില്‍സകൻ അവകാശപ്പെടുന്നു. ഈ ചികില്‍സാരീതിയനുസരിച്ചുളള ചില നിർദ്ദേശങ്ങൾ.
- അമിത ചൂടുള്ളതും അമിത തണുപ്പുള്ളതുമായ ഭക്ഷണം ഒഴിവാക്കുക.
- പേസ്റ്റും ബ്രഷും ഒഴിവാക്കുക. ഉമിക്കരിയിലും വേപ്പിൻ കമ്പിലും വിശ്വസിക്കുക.
- എരിവുകുറഞ്ഞ ആഹാരം ഉപയോഗിക്കുക.
- ധാരാളം പച്ചക്കറി കഴിക്കണം, പഴങ്ങളും
- ഏഴ്,എട്ട് മണിക്കൂർ വരെ ഉറക്കം.
- വ്യായാമം (വ്യായാമം കൊണ്ടു മെറിഡിയനിലെ ബ്ലോക്ക് സ്വയം ഇല്ലാതാക്കാൻ പരിധിവരെ കഴിയും)
- ധ്യാനം ശീലിക്കുക.
- ജോലി ഭാരം കുറയ്ക്കുക.
- കുളിക്കുമ്പോൾ സോപ്പ് ഉപയോഗിക്കാതിരിക്കുക. ചതച്ച കൊടിത്തണ്ടോ, ഇഞ്ചയോ ആകാം. എണ്ണ, കുഴമ്പ് എന്നിവ കൊണ്ടു പ്രയോജനമില്ല (‘എണ്ണയും കുഴമ്പുമൊക്കെ തേച്ചു കുളിക്കുന്നതു കൊണ്ടാണോ ആനയ്ക്ക് ഇത്ര ആരോഗ്യമെന്ന് ചികില്‍സകൻ)
- പുകവലി, മദ്യം, അമിത ലൈംഗികാസക്തി എന്നിവ ഒഴിവാക്കണം.
- നീന്തൽ നല്ലതാണ്.
മെറിഡിയനിൽ നേരത്തെ ബ്ലോക്ക് ഉണ്ടാവുന്നതാണ് അകാല വാർധക്യത്തിനു കാരണം മാനസിക പിരിമുറുക്കവും ചിട്ടയില്ലാത്ത ജീവിതരീതിയും ഇതിനു പ്രധാന കാരണങ്ങളും. ഓർമ്മിക്കാൻ: ഊർജത്തിൻ്റെ അനുസൃൂത പ്രവാഹത്തിൽ വിശ്വസിക്കുക. അതിനു തടസ്സം വരാതിരിക്കാൻ പരമാവധി ശ്രദ്ധിക്കുക.
വിവരങ്ങൾക്കു കടപ്പാട്: ഡോ. സി. ഐ. തോമസ് (ഹോമിയോ ആൻഡ് ഓൾട്ടർനേറ്റീവ് മെഡിക്കൽ പ്രാക്ടീഷനർ, കുഴിമറ്റം കോട്ടയം)