‘ആയുരാരോഗ്യ സൗഖ്യം’ – 1
തയാറാക്കിയത്: മാത്യു ശങ്കരത്തിൽ
തലമുടിയിൽ ആദ്യം കണ്ടെത്തുന്ന വെള്ളിനാര് മിക്കപ്പോഴും വാർദ്ധക്യത്തെ വിളംബരം ചെയ്യുന്ന കൊടിയടയാളമാണ് . പിന്നെ അടയാളങ്ങൾ കൂടുന്നു . ജരാനരകളിലൂടെ , മറവിയിലൂടെ , എല്ലുകളുടെ തേയ്മാനങ്ങളിലൂടെ വാർദ്ധക്യത്തിന്റെ വെള്ളക്കിരീടം തലയിൽ വന്നു വീഴുകയായി . ഈ അവസ്ഥ മനസ്സിനെയും ബാധിക്കാറുണ്ട് പലർക്കും .
ഇവിടെ ഒരു അന്വേഷണം .
വാർദ്ധക്യത്തിന്റെ കാരണങ്ങളും പ്രതിരോധ വിധികളും ചികിൽസാരൂപങ്ങളും തേടി നാം പോവുന്നത് നമ്മുടെ ചികിൽസാ പാരമ്പര്യത്തിലേക്കാണ് . വാർദ്ധക്യത്തിലെത്തിയവർക്കും എന്നെങ്കിലും വാർദ്ധക്യത്തിൽ എത്തേണ്ടവർക്കുംവേണ്ടി ഒരു
പരമ്പര ആരംഭിക്കുന്നു –
മഹാഭാരതത്തിന്റെ തുടക്കത്തിൽ ഒരു ചക്രവർത്തിയുടെ കഥയുണ്ട് – അതിരുകടന്ന ആസക്തിയുടെ അഗ്നിനാളങ്ങൾക്കുള്ള ശിക്ഷയായി , അകാലവാർദ്ധക്യം ശാപമായി ശിരസിൽ ഏറ്റെടുക്കേണ്ടി വന്ന യയാതിയുടെ കഥ. പക്ഷേ, എന്നും പൂക്കളും ശലഭങ്ങളുമുള്ള യൗവനത്തിന്റെ ലോകത്തേക്കു
തിരിച്ചുപോവാൻ യയാതി ആഗ്രഹിക്കുന്നു ; പുത്രന്മാർ ആരെങ്കിലും അവരുടെ യൗവനം യയാതിക്കു നൽകി , അകാല വാർദ്ധക്യം പകരം വാങ്ങിയാൽ ആയിരം വർഷത്തെ നിത്യയൗവനം യയാതിക്കു ലഭിക്കുമെന്ന് ശാപമോക്ഷത്തിൽ .
യൗവനം അച്ഛനു വേണ്ടിയാണെങ്കിലും വൃഥാ നൽകുകയോ ? മക്കൾ മുഖംതിരിച്ചു . പക്ഷേ, അവരിലൊരാൾ മാത്രം ആ ത്യാഗത്തിനു തയ്യാറായി ; ജീവിതത്തോളം വിലപ്പിടിപ്പുള്ള ആത്മഹത്യാഗത്തിന് . അച്ഛനിൽനിന്നു വാർദ്ധക്യത്തിന്റെ ജരാനരകളും ആകുലതകളും രോഗങ്ങളും മകൻ പുരു സ്വമനസ്സാ ഏറ്റുവാങ്ങി .
നമ്മുടെ ഇതിഹാസ- പുരാണങ്ങളിലെ ഏറ്റം ഹൃദയസ്പർശിയായ ത്യാഗ കഥയാണിത് . കാരണം പുരു വെടിഞ്ഞത് അയാളുടെ ജീവിതത്തിലെ മുഴുവൻ നിറങ്ങളുമായിരുന്നു .
വാർദ്ധക്യത്തിനു നിറങ്ങളില്ല .
*** ***** *****
നിങ്ങളുടെ ഓഫീസിലേക്കുള്ള പടവുകൾ പതിവുപോലെ ആ രാവിലെയും നിങ്ങൾ ചവിട്ടി കയറുകയാണ് .ഇടയ്ക്ക് സൗമ്യമായി ഒരു മൂളിപ്പാട്ടിനു വേണ്ടി ശ്രമിക്കുന്നുമുണ്ട്. പടവുകൾക്കിടയിലെപ്പോഴോ നിങ്ങളുടെ കാലിലെക്ക് അതുവരെയില്ലാത്ത ക്ഷീണത്തിന്റെ ഭാരം വന്നു വീഴുന്നു . ജീവിതത്തിൽ അതുവരെ തോന്നാത്ത ആയാസം ആ നടത്തത്തിൽ നിങ്ങൾക്കു തോന്നുന്നു….
ഫോൺ വിളിച്ചു വിളികൾക്കിടയിൽ വീർപ്പുമുട്ടുകയാണ് പതിവുപോലെ നിങ്ങൾ എങ്കിലും അത് ആസ്വദിക്കുന്നുമുണ്ട് . ഇതിനിടയിൽ ആരെയോ വിളിക്കണമെന്ന തോന്നൽ ഉണ്ടാവുന്നു . അടുത്ത സുഹൃത്താണ് ; സഹപാഠി . ഒരു ഈ രാവിലെയും അയാളെ കണ്ടതാണ് . പക്ഷേ , ദൈവമേ , അയാളുടെ പേര് ഓർമയിലേക്കു വരുന്നില്ലല്ലോ . ജീവിതത്തിൽ ആദ്യമായാണ് ഇത്തരത്തിലൊരു മറവി . ഒരിക്കലും മറക്കാൻ പാടില്ലാത്ത ഒരു പേര്. പക്ഷേ ഓർമ്മ ആദ്യമായി ഇങ്ങനെ ചതിച്ചതെന്തേ?
കാലുകളിലോരു ഇടറൽ ആദ്യമായി അനുഭവപ്പെടുമ്പോൾ. ഓർമ്മയിൽനിന്ന് ഏറ്റവും പരിചിതമായ ഒരു വാക്ക് നിനച്ചിരിക്കാതെ തുടച്ചു നീക്കപ്പെടുമ്പോൾ അറിയണം .നിങ്ങളെ വാർധക്യം വന്നു തൊട്ടിരിക്കുന്നു. ഇനി കരുതിയിരിക്കണം. പക്ഷേ എങ്ങനെയുള്ള കരുതലാവണമത്? വാർദ്ധക്യം എന്താണ്? എങ്ങനെയാണ് ആ “പൂച്ചനടത്ത’ ത്തെ ആദ്യം തിരിച്ചറിയുക? തിരിച്ചറിഞ്ഞാൽ തന്നെ ചെറുക്കുന്നതെങ്ങനെ ?
ഓർക്കുക : എല്ലാവരിലും ഒരു യയാതിയുണ്ട് ; യൗവനം നഷ്ടപ്പെടുന്നത് ഇഷ്ടപ്പെടാത്ത ആ പഴങ്കഥയിലെ രാജാവ് . പക്ഷേ , വാർദ്ധക്യം ഏറ്റുവാങ്ങി യൗവനം പകരം തരാൻ നമുക്ക് ഒരു ‘പുരു’ ഇല്ലല്ലോ…
അതുകൊണ്ട് നമ്മളിലേക്കു ജരാനരകളുടെ വേരാഴ്ത്തുന്ന വാർധക്യത്തെ നാംതന്നെ ചെറുത്തു തോൽപ്പിക്കേണ്ടി യിരിക്കുന്നു ; ആ യുദ്ധത്തിൽ അന്തിമ വിജയം നമുക്കാവില്ലെന്ന് ഉറപ്പുണ്ടെങ്കിലും സമരം ചെയ്തേ പറ്റൂ . കാരണം , ആ യുദ്ധത്തിനു പോലും യൗവനം നൽകാൻ കഴിയും . ഇതു വ്യത്യസ്തമായ ഒരു യാത്രയാണ് . വാർദ്ധക്യത്തിന്റെ കാരണം നിർവചനവും കാരണവും പരിഹാരവും തേടി നാം പോകുന്നതു കേരളത്തിന്റെ ധന്യപാരമ്പര്യത്തിന്റെ സുകൃത ധാരയായ ആയുർവേദത്തിന്റെ ഉപാസക രുടെ അരികിലേക്കാണ് . അവർ പറഞ്ഞുതുടങ്ങുന്നു:
അകാലവാർദ്ധക്യമാണ് ഏറ്റവും ഭീതികരം . കഴുകനെപ്പോലെ പറന്നുയരേണ്ട യൗവനത്തിലും പലരും രോഗത്തിന്റെ പിടിയിൽ അമരുന്നു . എന്നാൽ നിഷ്ഠയോടുകൂടിയ ജീവിതചര്യകൾ വൃദ്ധരിൽപോലും യുവത്വം നിലനിർത്തുമെന്ന് ആയുർവേദ ചികിൽസാ വിദഗ്ധർ . വയസായെന്നും കഴിവുകളെല്ലാം നശിച്ചുവെന്നും ഒരാൾ സ്വയം തീരുമാനിച്ചാൽ പിന്നെ രക്ഷയില്ല. ആരോഗ്യം അതിവേഗം ക്ഷയിക്കുകയും രോഗങ്ങൾ അടിക്കടി ആക്രമിക്കുകയും ചെയ്യും . കാരണം , അയാളുടെ ശരീരം വാർധക്യത്തിനുള്ള ഒരു ക്ഷണപത്രമായി മാറുകയാണ് . ജീവജാലങ്ങൾക്ക് ആശ്രയമായ അന്തരീക്ഷമണ്ഡലവും ഭൂമണ്ഡലവും കോടാനുകോടി സൂക്ഷ്മാണുക്കൾ നിറഞ്ഞതാണ് . അതിലുള്ള അസംഖ്യങ്ങളായ രോഗബീജങ്ങൾ ജീവജാലങ്ങളുടെ ശരീരത്തിൽ സ്ഥിരതാമസമാക്കിയിട്ടുണ്ട് . തക്കംനോക്കി അവ നമ്മെ ആക്രമിക്കും.
എല്ലാവിധ രോഗങ്ങളുടെയും മൂലകാരണം ത്രിദോഷങ്ങളാണെന്ന് ആയുർവേദം വിധിക്കുന്നു . വാത-പിത്ത-കഫങ്ങൾ എന്ന ഈ ത്രിദോഷങ്ങളുടെ അസന്തുലിതാവസ്ഥയിൽ രോഗവും സമാവസ്ഥയിൽ ആരോഗ്യവും അനുഭവപ്പെടും . വാതം കോപിച്ചാൽ ഇതരദോഷങ്ങളായ പിത്ത-കഫ ങ്ങളും പിടികൂടുന്നു.
മാനസിക സംഘർഷങ്ങളും പിരിമുറുക്കവും നിറഞ്ഞ ഇന്നത്തെ ജീവിതരീതിയാണ് മിക്ക രോഗങ്ങളുടെയും കാരണം . ഉണ്ണാനും ഉറങ്ങാനും നേരമില്ല; സമയനിഷ്ഠയില്ല; വ്യായാമം കുറഞ്ഞു; നടത്തംപോലും ഇല്ലാതായി . ജീവിതക്രമങ്ങളുടെ ഈ താളംതെറ്റൽ വാർദ്ധക്യം ക്ഷണിച്ചുവരുത്തുന്നു.
ജരാനരകളാണു വാർധക്യത്തിന്റെ പ്രകടമുദ്രകൾ . ദഹനസഹായികളായ അമ്ലദ്രവങ്ങൾ കുറയുകയോ ഇല്ലാതാവുകയോ ചെയ്യാം . അതോടെ വിശപ്പ് വളരെ കുറയും . മലബന്ധം സാധാരണപ്രശ്നമാകും . ശ്വാസകോശങ്ങളുടെ വികസനക്ഷമത കുറഞ്ഞുവരും . ചെറിയ ജോലി ചെയ്താൽപോലും ശ്വാസംമുട്ടൽ ഉണ്ടാകും . ഹൃദയ പേശികളുടെ ശക്തി ക്രമേണ ക്ഷയിക്കും . ധമനികളുടെ വ്യാസം കുറഞ്ഞ് രക്തസഞ്ചാരത്തിനു തടസ്സം നേരിടും . ഹൃദയധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടി രോഗകാരണമായും തീരുന്നു . വാർധക്യകാല വൈകല്യങ്ങൾ നട്ടെല്ലിനെ ബാധിച്ചാൽ നടുവേദന , സന്ധികളിലെ എല്ലുകൾക്കു തേയ്മാനം , നീർക്കെട്ട് തുടങ്ങിയവ ഉണ്ടാകും . എന്നാൽ ശാരീരികപ്രവർത്തനങ്ങൾ ശ്രദ്ധാപൂർവം നിയന്ത്രിച്ചാൽ വാർധക്യത്തിലും യൗവനം നിലനിർത്താനാവും.
ആയുർവേദം ഇക്കാര്യത്തിൽ നിർദേശിക്കുന്ന പ്രതിവിധികൾ അടുത്ത ആഴ്ചയിൽ.
തയാറാക്കിയത്: മാത്യു ശങ്കരത്തിൽ