ശ്വസിക്കുന്നതു വിഷമയമായ വായു . കുടിക്കുന്നതു പലപ്പോഴും മലിനജലം . കഴിക്കുന്നതോ മായം നിറഞ്ഞ ഭക്ഷണം . ഉണ്ണാനും ഉറങ്ങാനും നേരമില്ല . പിരിമുറുക്കം നിറഞ്ഞ ജീവിതം…. ഇവിടെ ആത്മ-ശരീര-മനസ്സുകൾ തളരുന്നു . രോഗങ്ങളുടെ പിടിയിൽ നാമം അമരുന്നു .
മനസ്സിനും ശരീരത്തിനും ആത്മാവിനും ഒരുപോലെ ആശ്വാസം ലഭിക്കുകയാണാവശ്യം . ചികിൽസാക്രമങ്ങളിലൂടെ നേടേണ്ടതും അതുതന്നെ .
ആരോഗ്യത്തിൻ്റെ ലക്ഷണങ്ങൾ എന്തൊക്കെ ? ചുറുചുറുക്ക് , ആത്മവിശ്വാസം , തലച്ചോറിൻ്റെ കാര്യക്ഷമമായ പ്രവർത്തനം , ബുദ്ധിപരമായ ഏകാഗ്രത , ഉയർന്ന ഗ്രഹണശക്തി , ചലനാത്മകമായ നാഡീവ്യൂഹങ്ങൾ , ഓർമശക്തി… ഒക്കെ ആരോഗ്യത്തെ വിളിച്ചറിയിക്കുന്നു .
വാർധക്യത്തിൻ്റെ ലക്ഷണങ്ങളോ ? തളർച്ച , നിരാശാബോധം, മറവി , ഉദാസീനത, മടി….
അകാലവാർധക്യം രോഗമാണ് . ‘ചത്തതിനൊക്കുമോ ജീവിച്ചിരിക്കിലും ‘ എന്ന തോന്നലാണു രോഗലക്ഷണം .
ചിട്ടയായ ജീവിതം രോഗങ്ങൾ അകറ്റുന്നു . ആയുരാരോഗ്യസൗഖ്യം നിലനിർത്തുന്നു . മദ്യവും മയക്കുമരുന്നും പുകവലിയും ഒക്കെ അമിതമാകുമ്പോൾ ജീവിതത്തിൻറെ താളം തെറ്റുന്നു . നാഡീവ്യൂഹങ്ങൾ തളരുന്നു . ജീവിതം തകരുന്നു .
ഹൃദ്രോഗം ഉദാഹരണം . വർഷങ്ങൾക്കു മുൻപ് അപൂർവ്വമായി മാത്രം കണ്ടുവന്നിരുന്ന ഈ രോഗം ഇന്നു സർവസാധാരണമായി . പുകയിലയുടെ അമിതമായ ഉപയോഗമാണ് കാൻസറിനു പ്രധാനകാരണം .
ചികിൽസാസമ്പ്രദായം ഏതായിരുന്നാലും മരുന്നിൻ്റെ ശക്തി കൂടുന്നതനുസരിച്ചു ദൂഷ്യവശങ്ങളും കൂടും . സുരക്ഷിതം എന്നു പറയാവുന്ന ഒരു മരുന്നുമില്ല . എല്ലാ മരുന്നിനും അതിൻ്റെതായ പാർശ്വഫലങ്ങളുണ്ട് . ആൻറിബയോട്ടിക്സിനോടു ചെറുത്തു നിൽക്കാനുള്ള ശക്തി പല രോഗാണുക്കളും ആർജിച്ചുകഴിഞ്ഞു .
പാരമ്പര്യരോഗങ്ങൾ കൂടുതലായി മനസ്സിലാക്കപ്പെട്ടുവരുന്നു . ഹീമോഫീലിയ ( മുറിവിൽ നിലയ്ക്കാതെയുള്ള രക്തപ്രവാഹം ) ഉദാഹരണം .
ശാസ്ത്രീയമായ രോഗനിർണയമാണു പ്രധാനം . ആധുനിക ചികിൽസാ സമ്പ്രദായത്തിൽ ഇതിനുള്ള സൗകര്യങ്ങൾ ഏറെയാണ് . എന്നാൽ കെമിക്കൽ ഔഷധങ്ങളുടെ വർധന വളരെയധികം പ്രശ്നങ്ങൾക്കു കാരണമാകുന്നു . രാസവളങ്ങളും കീടനാശിനികളുംമൂലം മനുഷ്യശരീരത്തിൽ രാസദ്രവ്യങ്ങൾ വർധിക്കുന്നു . ഇത് രോഗങ്ങൾക്കു കാരണമാകുന്നു .
ആരോഗ്യത്തെപ്പറ്റി ചിന്തിക്കുമ്പോൾ ഒരു കാര്യം ഓർമിക്കുക : എത്രയും മരുന്നു കുറച്ചു കഴിക്കുന്നുവോ അത്രയും നന്ന് .
രോഗചികിൽസയിലും ആരോഗ്യസംരക്ഷണത്തിലും വ്യായാമമുറകൾ അനിവാര്യം.
പതിനേഴ് – പതിനെട്ട് വയസുള്ളവർക്കു ബോഡിബിൽഡിങ് എക്സർസൈസ് ഉത്തമം. നാൽപതു കഴിഞ്ഞവർ മറക്കരുത് : നടത്തം അതാവശ്യം . ദിവസം ഒരു മണിക്കൂറെങ്കിലും നടക്കുക .
കായികവിനോദങ്ങളിൽ ഏർപ്പെടാന്‍ ലഭിക്കുന്ന ഒരവസരവും നഷ്ടപ്പെടുത്തരുത്. 20 മുതൽ 60 വയസുവരെ ഒരേ തൂക്കം നിലനിർത്താൻ കഴിയുമെങ്കിൽ ഏറെ ഉത്തമം .
ശരീരം അനങ്ങാതെ സുഖിമാന്മാരായി കഴിഞ്ഞാൽ വണ്ണം കൂടും ; രോഗം പിടികൂടും . കുളി , ഉറക്കം, ഭക്ഷണം, എണ്ണതേപ്പ് തുടങ്ങിയ ജീവിതചര്യകളിൽ നിങ്ങൾ ശീലിച്ചുപോരുന്ന രീതി തുടരുക . മരുന്നുകൾ കഴിക്കേണ്ടിവരുമ്പോൾ ഡോക്ടർ നിർദേശിക്കുന്ന പഥ്യം പാലിക്കുക . വാർധക്യം അകറ്റാൻ കുറിക്കുകൊള്ളുന്ന മരുന്നുകൾ ഉണ്ടെന്നു പറയാനാവില്ല . ഒന്നു പറയാം ; ചിട്ടയായ ജീവിതം വാർധക്യത്തിലും യൗവനം നില നിർത്തും .
വിവരങ്ങൾക്കു കടപ്പാട് :
ഡോ.കെ.പി.ജോർജ് എം.ആർ.സി.പി
(റിട്ട . അസോഷ്യേറ്റ് പ്രഫസർ , കോട്ടയം)
(പരമ്പര അവസാനിച്ചു)