തയ്യാറാക്കിയത്: മാത്യു ശങ്കരത്തിൽ
രോഗവും രോഗഭയവും ഇല്ലാത്ത അവസ്ഥ-അതാണു പ്രകൃതിജീവനത്തിൻ്റെ ലക്ഷ്യം. രോഗം എന്തുകൊണ്ട്? തെറ്റായ ജീവിതചര്യകൾ. ക്രമരഹിതവും അമിതവുമായ ഭക്ഷണരീതി. കൃത്രിമാഹാരങ്ങളുടെ ഉപയോഗം. മാരകമായ ഔഷധപ്രയോഗം. ശുചിത്വമില്ലായ്മയും വ്യായാമമില്ലായ്മയും. ശുദ്ധവായു, ശുദ്ധജലം, സൂര്യപ്രകാശം, ശുദ്ധഭക്ഷണം എന്നിവയുടെ അഭാവം, രോഗത്തെക്കുറിച്ചും രോഗനിവാരണത്തെക്കുറിച്ചുമുളള അജ്ഞത-ഇവയെല്ലാം രോഗത്തിനു കാരണമാകുന്നു.
രോഗവിമുക്തിക്ക് എന്തെല്ലാമാണു ശ്രദ്ധിക്കേണ്ടത്? പത്തു മാസം കൊണ്ടു മനുഷ്യശരീരം സൃഷ്ടിച്ച 'ജീവശക്തി'യിൽ വിശ്വസിക്കണം. ജീവശക്തിയുടെ അമിതവ്യയം കുറയ്ക്കണം, മിതമായ ഭക്ഷണം, മിതഭാഷണം, മിതമായ കായികവ്യായാമം-ഇവയെല്ലാം ജീവശക്തിയുടെ ചോർച്ച കുറയ്ക്കും. രോഗംവന്നാൽ അകറ്റാനും ശരീരത്തിലെ കേടുപാടുകൾ തീർക്കാനും ജീവശക്തിക്കു കഴിയുമെന്നു പൂർണമായി വിശ്വസിക്കുക.
പ്രകൃതിക്കൊത്ത ജീവിതം. ശരീരത്തിനും മനസിനും ഇണങ്ങുന്ന ചര്യകൾ. ആരോഗ്യത്തിൻ്റെയും സുഖജീവിതത്തിൻ്റെയും പാഠങ്ങൾ ഇവിടെ തുടങ്ങുന്നുവെന്നു പ്രകൃതി ചികിൽസാ ആചാര്യർ. മനുഷ്യനെ നിത്യരോഗിയാക്കാനും അരോഗദൃഢഗാത്രനാക്കാനും ഭക്ഷണത്തിനു കഴിയും. ഭക്ഷണത്തിലെ ക്രമക്കേടുകൾ മനസിനെയും ശരീരത്തെയും തളർത്തുന്നു. അകാലവാർധക്യം ക്ഷണിച്ചുവരുത്തുന്നു.
ഉത്തമമായ ഭക്ഷണം നിത്യയൗവനം പ്രദാനം ചെയ്യുന്നു. പ്രമേഹം, രക്തസമ്മർദം, ആസ്മ, ഹൃദ്രോഗം, അർബുദം, വൃക്കരോഗങ്ങൾ, ത്വക്ക് രോഗങ്ങൾ തുടങ്ങിയവ മാറ്റുന്നതിന് ഉത്തമ ഭക്ഷണവും ജീവശക്തിയും മാത്രം മതിയെന്നതിന് ഉദാഹരണങ്ങൾ ഏറെ.....
എന്താണ് ഉത്തമ ഭക്ഷണം? മനുഷ്യൻ ഒഴികെ ഭൂമിയിലെ എല്ലാ ജീവികളും വിധിച്ചതു ഭക്ഷിക്കുന്നു. മനുഷ്യനോ, കൊതിച്ചതു ഭക്ഷിക്കുന്നു. സൃഷ്ടി കൽപിച്ച ഭക്ഷണത്തെ ചേരുവ ചേർത്തോ, പാകം ചെയ്തോ, അഴുകാതെ സൂക്ഷിച്ചോ രൂപാന്തരപ്പെടുത്തി ഉപയോഗിക്കുന്നതു മനുഷ്യൻമാത്രം. സൃഷ്ടിസങ്കൽപത്തിൽ മനുഷ്യന് ആഹാരമായി കൽപ്പിക്കപ്പെട്ടിട്ടുളളതു കായ്കനികളാണ്.
പഴവർഗം (ഫലവർഗം), അണ്ടിവർഗം, പച്ചിലകൾ, പച്ചക്കറികൾ എന്നിവ ഉത്തമ ഭക്ഷണം. തവിടുകളയാതെ ധാന്യങ്ങൾ ഉപയോഗിക്കുക. പുഴുങ്ങിക്കുത്തിയ അരി ജീർണിച്ച വസ്തുവാണ്. പച്ചരി ഉപയോഗിക്കുന്നതാണ് ഉത്തമം . ധാന്യാഹാരത്തോടൊപ്പം വേവിക്കാത്തതും വേവിച്ചതുമായ പച്ചക്കറികൾ ധാരാളം കഴിക്കണം.
ആരോഗ്യത്തിന് അരവയർ ഭക്ഷണം നന്ന് . അല്ലെങ്കിൽ ദഹനം ശരിയാകില്ല . മൂന്നു നേരത്തിൽ കൂടുതൽ ഭക്ഷണം അനാവശ്യം . വിശപ്പില്ലെങ്കിൽ കഴിക്കാതിരിക്കുക . നല്ലവണ്ണം ചവച്ചരച്ചു സാവകാശം ഭക്ഷിക്കണം . വെള്ളം വേണമെങ്കിൽ ഭക്ഷണത്തിനു മുൻപോ പിൻപോ മാത്രം ഉപയോഗിക്കുക . രാത്രി ഭക്ഷണം ലഘുവായിരിക്കട്ടെ.പഴവർഗമായാൽ നന്ന്.
'ഭക്ഷണം തന്നെ ഔഷധം , ഔഷധം തന്നെ ഭക്ഷണം ' എന്ന തത്വം മറക്കാതിരിക്കുക . രോഗാവസ്ഥയിൽ ഭക്ഷണം മരുന്നെന്നോണം മാത്രം കഴിക്കുക . പയറുവർഗങ്ങളും കടലവർഗങ്ങളും മുളപ്പിച്ചു മാത്രം മിതമായി ഉപയോഗിക്കണം .
മല്ലികാപ്പി ഉത്തമമാണ് . 100 ഗ്രാം കൊത്തമല്ലി , 20 ഗ്രാം സാധാരണ ജീരകം , 20 ഗ്രാം ഉലുവ ഇവ പ്രത്യേകം വറുത്തു പൊടിച്ചെടുത്തു 10 ഗ്രാം ചുക്കുപൊടി , 10 ഗ്രാം ഏലക്കായുടെ പൊടി എന്നിവ കൂടി ച്ചേർക്കുക ( കൂടുതൽ വേണമെങ്കിൽ ഈ തോതിൽ കൂട്ടിയാൽ മതി ).
ഒരു കപ്പ് വെള്ളത്തിനു മൂന്നു ഗ്രാം പൊടി എന്ന കണക്കിൽ കരിപ്പെട്ടിയോ ശർക്കരയോ ചേർത്ത് ഉപയോഗിക്കുക . ആവശ്യമെങ്കിൽ അൽപം പാൽ ഉപയോഗിക്കാം.
അകാലവാർധക്യം അകറ്റാൻ എന്തെല്ലാം ഒഴിവാക്കണം ? തീൻമേശ രുചിയുടെ പുതിയ പരീക്ഷണശാലയാവട്ടെ . പഞ്ചസാര , ഉപ്പ് , മൈദ , കുടംപുളി , വാളൻപുളി , ഉള്ളിവർഗങ്ങൾ , ഉഴുന്ന് ഇവ വർജിക്കണം .
വറുത്തതും പൊരിച്ചതുമായ ഭക്ഷ്യവസ്തുക്കൾ വേണ്ട . ഇവ മാത്രം കഴിക്കാൻ കൊതിച്ചാൽ ‘ഉണ്ണിക്കുടവയർ’ കൂട്ടിനുണ്ടാവുമെന്ന് ഓർമിക്കുക .
അച്ചാറുകൾ , ലഘുപാനീയങ്ങൾ , സോഡ , ശുദ്ധീകരിച്ച എണ്ണകൾ , ക്ലോറിൻ , ഫ്ളൂറിൻ ഇവ ചേർത്ത വെള്ളം - ഇവയൊക്കെ ദോഷകരം . ക്ലോറിൻ ചേർത്ത വെള്ളം മാത്രമേ കിട്ടുകയുള്ളൂവെങ്കിൽ വെള്ളം പരന്ന പാത്രത്തിൽ 48 മണിക്കൂർ തുറന്നുവച്ചശേഷം കുടിക്കാനും പാചകത്തിനും ഉപയോഗിക്കുക .
ചായ , കാപ്പി , പുകയില , മദ്യം , മയക്കുമരുന്ന് എന്നിവ വേണ്ട . മൽസ്യം, മാംസം , മുട്ട ഇവയൊന്നും ആരോഗ്യരക്ഷ നൽകില്ല . പാകംചെയ്തു മൂന്നു മണിക്കൂർ കഴിഞ്ഞ ഒന്നും ഭക്ഷണയോഗ്യമല്ലെന്നറിയുക .
അലുമിനിയം പാത്രങ്ങൾ പാചകത്തിന് ഉപയോഗിക്കരുത് . മൺപാത്രങ്ങൾ , കൽചട്ടി , ഈയം പൂശിയ ചെമ്പ് , ഓട്ടുപാത്രങ്ങൾ എന്നിവ ഉപയോഗിക്കാം . സ്റ്റീൽപാത്രങ്ങളിൽ ഉപ്പും പുളിയും എടുക്കരുത് . പ്ലാസ്റ്റിക് പാത്രങ്ങളിൽ ഭക്ഷണസാധനങ്ങൾ സൂക്ഷിക്കരുത് .
സൂര്യോദയത്തിനു മുൻപ് ഉണരുക . 15 മിനിറ്റ് ധ്യാനം . 15 മിനിറ്റ് കായികവ്യായാമം . പച്ചവെള്ളത്തിൽ കുളിശീലമാക്കുക . അതിനു കഴിയുന്നില്ലെങ്കിൽ കഴുത്തിനു മുകളിൽ ചൂടുവെള്ളം ഉപയോഗിക്കാതിരിക്കുക .
ഇളംവെയിൽ ഏൽക്കുന്നതും ഇളനീരു കഴിക്കുന്നതും നന്ന് . പകലുറക്കം വേണ്ട . എന്നാൽ ആറുമുതൽ എട്ടുമണിക്കൂർവരെ ഉറക്കം ആവശ്യം .’ടെൻഷൻ’ ഒഴിവാക്കുക .
രോഗഭയമില്ലാത്ത ജീവിതം , മരുന്നുകളിൽനിന്നുള്ള മോചനം - പ്രകൃതിജീവനത്തിൻ്റെ ലക്ഷ്യം ഇതാണ് . വാർധക്യത്തിലും നിങ്ങൾ കഴുകനെപ്പോലെ ചിറകടിച്ചു പറന്നുയരും.
വിവരണങ്ങൾക്കു കടപ്പാട് : സി. ആർ. ആർ. വർമ , പ്രകൃതിചികിൽസാ ആചാര്യൻ , പ്രകൃതിജീവന സമിതി,കോട്ടയം