വാഴപ്പിണ്ടി പല രോഗങ്ങള്‍ക്കുമുള്ള നല്ലൊന്നാന്തരം മരുന്നാണ്. ഇതെക്കുറിച്ചറിയൂ
നമ്മുടെ നാട്ടിന്‍പുറത്തു ലഭിയ്ക്കുന്ന പല സൂപ്പര്‍ ഫുഡുകളുമുണ്ട്. പലപ്പോഴും ഏറെ ഗുണങ്ങള്‍ അടങ്ങിയ ഇത്തരം ഭക്ഷണ വസ്തുക്കള്‍ നാം അവഗണിച്ച് വലിയ വില കൊടുത്ത് കെമിക്കലുകളും മറ്റും അടങ്ങിയ പച്ചക്കറികളും മറ്റും വാങ്ങിക്കഴിയ്ക്കുന്നതാണ് പതിവ്. ഇത്തരത്തിലെ ഒന്നാണ് വാഴപ്പിണ്ടി. വാഴയുടെ തന്നെ ഉപയോഗിയ്ക്കാവുന്ന ഒരു ഭാഗമാണ് വാഴപ്പിണ്ടി. ഇതു കൊണ്ട് സ്വാദിഷ്ടമായ തോരനും കറിയുമെല്ലാം ഉണ്ടാക്കുകയുമാകാം. വാഴപ്പിണ്ടിയിലൂടെയാണ് വാഴയ്ക്ക് ആവശ്യമായ എല്ലാ പോഷകങ്ങളും ലഭിയ്ക്കുന്നത്. ഇതിനാല്‍ തന്നെ വാഴപ്പഴത്തിനേക്കാള്‍ കൂടുതല്‍ പോഷകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ടെന്നു വേണം, പറയാന്‍. ഇതില്‍ അയേണ്‍, വൈറ്റമിന്‍ ബി6, പൊട്ടാസ്യം തുടങ്ങിയ പല ഘടകങ്ങളും ധാരാളമായി അടങ്ങിയിട്ടുണ്ട്. സ്വാദിഷ്ടമായ ഭക്ഷണം മാത്രമല്ല, നാരുകള്‍ ധാരാളമടങ്ങിയ ഒന്നു കൂടിയാണിത്.വാഴപ്പിണ്ടി തോരനായും ജ്യൂസായുമെല്ലാം കഴിയ്ക്കാം. ഭക്ഷണമെന്നതിലുപരിയായി ഇത് മരുന്നായി ഉപയോഗിയ്ക്കാം. ആയുര്‍വേദത്തില്‍ മരുന്നായി കണക്കാക്കുന്ന ഒന്നാണിത്.
പെണ്‍കുട്ടികള്‍ക്ക്
പെണ്‍കുട്ടികള്‍ക്ക് വാഴപ്പിണ്ടി ആഴ്ചയില്‍ രണ്ടു മൂന്നു തവണ നല്‍കുന്നത് ഏറെ നല്ലതാണ്. ഇതിലെ അയേണ്‍ വിളര്‍ച്ച തടയാന്‍ നല്ലതാണ്. കുട്ടികള്‍ക്ക് ഇതേറെ നല്ല ഭക്ഷണ വസ്തുവാണ്. മാത്രമല്ല, ആര്‍ത്തവ സമയത്ത് ശരീരത്തിലെ രക്തം നഷ്ടപ്പെടുന്നത് ബാലന്‍സ് ചെയ്യാനാണ് പെണ്‍കുട്ടികള്‍ക്കിത് നല്‍കണമെന്നു പറയുന്നത്. ഇതു പോലെ യൂറിനറി ഇന്‍ഫെക്ഷന് ഏറെ ഗുണകരമാണിത്. പല പെണ്‍കുട്ടികള്‍ക്കും അടിക്കടി വരുന്ന മൂത്രാശയ അണുബാധയ്ക്ക് വാഴപ്പിണ്ടിയുടെ നീര് കുടിയ്ക്കുന്നത് നല്ലതാണ്. ഇതുപോലെ യൂറിക് ആസിഡ് പ്രശ്‌നങ്ങളെങ്കില്‍ ഇതിന്റെ നീര് നാല് ഔണ്‍സെടുത്ത് ഇതില്‍ രണ്ടോ മൂന്നോ തുളളി നാരങ്ങാനീരു ചേര്‍ത്ത് കുടിയ്ക്കുന്നത് നല്ലതാണ്. യൂറിക് ആസിഡ് കാരണമുണ്ടാകുന്ന സന്ധിവേദനയ്ക്കും ഇതു നല്ലതാണ്. കിഡ്‌നി സ്റ്റോണിനും ഇതു നല്ലതാണ്.
കൊളസ്‌ട്രോള്‍
ധാരാളം നാരുകള്‍ ഇതിലുണ്ട്. വായ മുതല്‍ കുടല്‍ വരെ ക്ലീന്‍ ചെയ്യുന്ന ഒന്നാണിത്. അസിഡിറ്റി, അള്‍സര്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് നല്ലൊരു പരിഹാരമാണിത്. കുടലില്‍ ഒരു ചൂല്‍ പോലെ പ്രവര്‍ത്തിയ്ക്കുന്ന ഒന്നാണിത്. നല്ല ശോധനയ്ക്കു നല്ലതാണിത്.