മോണ രോഗം തിരിച്ചറിയാം ; ജീവൻ രക്ഷിക്കാം.
എന്താണ് മോണരോഗം?
പല്ലിന്റെ മുകളിൽ കാണുന്ന പിങ്ക് നിറത്തിലുള്ള ഭാഗമാണ് മോണ. ഈ മോണയ്ക്കു വരുന്ന ഇൻഫെക്ഷനാണ് മോണരോഗം.
മോണ രോഗം എങ്ങനെ ഉണ്ടാകുന്നു ?
ശരിയായ വിധത്തിൽ വദന ശുചീകരണം നടത്താത്തവർക്ക് പ്ലാക്ക് എന്ന നേരിയ പാട പോലുള്ള വസ്തു പല്ലിന്റെ മുകളിൽ ഉണ്ടാകുന്നു. വായിലുള്ള രോഗാണുക്കൾ ഭക്ഷണപദാർത്ഥങ്ങളിലും ഉമിനീരിൽ ഉള്ള ജൈവ ഘടകങ്ങളിലും പ്രവർത്തിച്ചാണ് പ്ലാക്ക് ഉണ്ടാക്കുന്നത്. ശരിയായ വിധത്തിൽ പല്ല് ബ്രഷ് ചെയ്താൽ ഈ പ്ലാക്ക് നീക്കം ചെയ്യാമെങ്കിലും 12 മണിക്കൂറിനുള്ളിൽ പുതിയ പ്ലാക്ക് രൂപപ്പെടുന്നു. നീക്കം ചെയ്യപ്പെടാത്ത പ്ലാക്കിൽ തഴച്ചു വളരുന്ന രോഗാണുക്കൾ ഉണ്ടാക്കുന്ന പശിമയുള്ള വസ്തുക്കളിൽ കൂടുതൽ ഭക്ഷ്ണാവശിഷ്ടങ്ങൾ പറ്റിപ്പിടിക്കുകയും പ്ലാക്ക് കൂടുതൽ വളരുവാൻ ഇടയാകുകയും ചെയ്യും. പ്ലാക്ക് കാൽസ്യവും മറ്റു മിനറലുകളും അടിഞ്ഞുകൂടി കട്ടിയാകുന്ന പ്ലാക്കിനെ കക്ക (calculus ) എന്നു വിളിക്കുന്നു. ഈ കക്കയ്ക്കു മുകളിൽ കൂടുതൽ പ്ലാക്ക് അടിഞ്ഞുകൂടുകയും അവ വളർന്നു കൊണ്ടിരിയ്ക്കുകയും ചെയ്യും. കക്കയിലും പ്ലാക്കിലും വളരുന്ന രോഗാണുക്കൾ ഉണ്ടാക്കുന്ന വിഷ വസ്തുക്കളാണ് മോണരോഗത്തിനു കാരണം.
മോണ രോഗത്തിന്റെ ലക്ഷണങ്ങൾ
- മോണ വീങ്ങി നിൽക്കുന്നതായി കാണപ്പെടുക.
- പല്ല് ബ്രഷ് ചെയ്യുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും മോണയിൽ നിന്നും രക്തം വരിക.
- വായ്നാറ്റം.
- അരുചി
- പല്ലുകൾക്ക് ബലക്കുറവ്
- മോണയ്ക്ക് നീണ്ടുനില്ക്കുന്ന വേദന
- പല്ലുകൾക്ക് ഇളക്കം
മോണ രോഗം ഉണ്ടെങ്കിൽ എന്താണ് പ്രശ്നം ?
തക്കസമയത്ത് ചികിത്സിച്ചില്ലെങ്കിൽ പല്ലുകൾ ഇളകി നഷ്ടപ്പെടാൻ ഇടയാകും. വായ് നാറ്റവും അരുചിയുമാണ് മറ്റു പ്രശ്നങ്ങൾ . ശരീരം മുഴുവൻ വ്യാപിക്കുന്ന മാരക പ്രശ്നങ്ങളും മോണരോഗം വഴി ഉണ്ടായേക്കാം. മോണരോഗം ഉള്ള വായ് രോഗാണുക്കളുടെ പ്രഭവകേന്ദ്രമായി മാറുന്നു. ഇവിടെ നിന്നുമുള്ള രോഗാണുക്കളും വിഷവസ്തുക്കളും രക്തത്തിൽ കലർന്ന് ശരീരം മുഴുവൻ വ്യാപിക്കുന്നു. ഹൃദയം കിഡ്നി തുടങ്ങിയ ആന്തരികാവയവങ്ങളെ കേടു വരുത്താനുള്ള ശക്തി ഇതിനുണ്ട്. ഗർഭിണികളിൽ ഉള്ള മോണരോഗം അബോർഷന് വരെ കാരണമാകാം. മോണയിൽ നിന്നുള്ള രോഗാണുക്കൾ രക്തത്തിലൂടെ ഹൃദയവാൽവുകളിലെത്തി വാൽവിന് തകരാറുകൾ ഉണ്ടാക്കുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
മോണ രോഗം എങ്ങനെ തടയാം ?
- ശരിയായ വിധത്തിലുള്ള ദന്ത ശുചീകരണമാണ് പ്രാഥമിക നടപടി. രാവിലെയും വൈകിട്ടും ശരിയായവിധത്തിൽ ബ്രഷ് ചെയ്യുക.
- വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം പല്ല് ക്ലീൻ ചെയ്താൽ പല്ലിനു മുകളിൽ രൂപപ്പെടുന്ന കക്കയും പ്ലാക്കും നീക്കം ചെയ്യുവാൻ സാധിക്കുo.
- വായ്നാറ്റം, അരുചി, മോണയിൽ നിന്ന് രക്തo വരിക തുടങ്ങിയവ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ വൈദ്യസഹായം തേടണം.
- പ്രമേഹം നിയന്ത്രണാതീതം ആയാൽ മോണ രോഗത്തിനുള്ള സാധ്യത കൂടുതലാണ്.
- അപസ്മാരം , രക്തസമ്മർദ്ദം തുടങ്ങിയ അസുഖങ്ങൾക്ക് കഴിയ്ക്കുന്ന ചില മരുന്നുകൾ മോണ വീക്കത്തിന് സാധ്യത കൂട്ടുന്നു. അവർ ഡോക്ടറെ കണ്ടു മരുന്ന് മാറ്റി വാങ്ങുവാൻ ശ്രദ്ധിക്കണം .
- പുകവലി, പുകയില ഉൽപന്നങ്ങളുടെ ഉപയോഗം എന്നിവ ഉപേക്ഷിക്കണം.
- രക്താർബുദം, കരൾരോഗം എന്നിവയുടെ പ്രാരംഭ ലക്ഷണമായി മോണയിൽ നിന്ന് രക്തം വരാറുണ്ട്. അവർ വൈദ്യപരിശോധന നടത്തി ഇത്തരം രോഗങ്ങളില്ലെന്ന് ഉറപ്പുവരുത്തണം.
- മോണരോഗം വർധിച്ചാൽ ഫ്ലാപ്പ് സർജറി ചികിത്സകളിലൂടെ മോണയുടെ ആരോഗ്യം ഒരുപരിധിവരെ പുനസ്ഥാപിക്കാൻ സാധിക്കും.
ഡോ. അനിൽ കുര്യൻ, സീയോൻ കുന്നിൽ ദന്തൽ ക്ലിനിക്ക്, ചിങ്ങവനം, കോട്ടയം✍