ദന്ത ചികിത്സയും ചില മിഥ്യാ ധാരണകളും
- ദന്ത ചികിത്സ വളരെ ചിലവേറിയതല്ലേ?
പ്രിവൻഷൻ ഈസ് ബെറ്റർദാൻ ക്യൂവർ എന്ന ആപ്ത വാക്യം ഓർമ്മപ്പിച്ചു പറയട്ടെ, ദന്തരോഗങ്ങൾ വരാതെ നോക്കുന്ന ചികിത്സകൾ (പ്രിവെൻറ്റീവ് ട്രീറ്റ്മെന്റ് ) വളരെ ചിലവു കുറഞ്ഞതാണ്. ദന്ത രോഗത്തിന്റെ ആരംഭത്തിൽ തന്നെ ചികിത്സ തേടുന്നത് ചിലവുകൾ കാര്യമായി കുറയ്ക്കും. രോഗം സങ്കീർണമാവുകയും സ്പെഷ്യാലിറ്റി ചികിത്സ ആവശ്യമായി വരികയും ചെയ്യുന്ന സാഹചര്യത്തിലാണ് ദന്ത ചികിത്സയുടെ ചിലവുകൾ കൂടുന്നത്. ഉദാഹരണം : കേടുവന്ന പല്ല് തുടക്കത്തിൽതന്നെ അടച്ചു സംരക്ഷിക്കുന്നതിനെക്കാൾ 5 മുതൽ 10 മടങ്ങ് വരെ ചിലവു വരും ആ പല്ല് കേട് മൂർച്ഛിച്ച് അതിൻറ മജ്ജയിൽ എത്തിക്കഴിഞ്ഞാൽ ചെയ്യേണ്ടിവരുന്ന റൂട്ട് കനാൽ ട്രീറ്റ്മെൻറിനും പിന്നീട് ക്യാപ്പ് ഇടുന്നതിനും.
- പല്ല് ക്ലീൻ ചെയ്യിക്കുന്നത് ഇനാമൽ കേട് വരുത്തുമോ?
ഇത് തെറ്റായ ധാരണയാണ് . ക്ലീൻ ചെയ്യുമ്പോൾ പല്ലിന്റെ മുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന കക്ക (Calculus) എടുത്തുകളയുകയാണ്. പല്ലിൽ പറ്റിപ്പിടിച്ചിരിക്കുന്ന കക്ക എന്നത് പ്ലാക് എന്ന പാടയിൽ കാൽസ്യവും മറ്റും അടിഞ്ഞ് കട്ടി ആയി ഇരിക്കുന്ന ഒരു വസ്തുവാണ്. ഇത് ബ്രഷ് ചെയ്യുമ്പോൾ മാറ്റപ്പെടാത്തതിനാൽ അൾട്രാസോണിക്ക് സ്ക്കേലർ ഉപയോഗിച്ച് നീക്കം ചെയ്യുന്നു. ഈ കക്ക രോഗാണുക്കളുടെ ഒരു സഞ്ചയമാണ്.ഇത് നീക്കം ചെയ്തില്ലെങ്കിൽ പല്ലിൽ ദീർഘനാളായി പറ്റിപ്പിടിച്ചിരിക്കുന്നതും രോഗാണുക്കൾ ഉൽപാദിപ്പിക്കുന്നതുമായ ടോക്സിനുകൾ മൂലം മോണയും അടിയിലുള്ള എല്ലും ദ്രവിച്ചു പോകും. ക്രമേണ പല്ല് ഇളകി പോകുകയും ചെയ്യും. പല്ലു കേട് വരുത്തുന്നതും ഈ കക്കയും പ്ലാക്കുo അതിലുള്ള രോഗാണുക്കൾ ഉൽപ്പാദിപ്പിക്കുന്ന ടോക്സിനുകളും ആണ് . ഇത് നീക്കം ചെയ്യേണ്ടത് ആരോഗ്യസംരക്ഷണത്തിന് അത്യന്താപേക്ഷിതം.
- ക്ലീൻ ചെയ്താൽ ഇനാമൽ നഷ്ടപ്പെടുകയും പുളിപ്പ് അനുഭവപ്പെടുകയും ചെയ്യുമോ?
പല്ല് ക്ലീൻ ചെയ്താൽ ഉടനെ ചിലർക്ക് പുളിപ്പ് അനുഭവപ്പെടാറുണ്ട്. അത് പല്ലിലെ ഇനാമൽ നഷ്ടപ്പെടുന്നതു കൊണ്ടല്ല . പല്ലിന്റെ മുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന കക്കയിൽ ഉള്ള രോഗാണുക്കൾ ഉൽപ്പാദിപ്പിക്കുന്ന ടോക്സിനുകൾ മൂലം മോണ താഴോട്ട് ഇറങ്ങിപ്പോവുകയും പല്ലിന്റെ വേര് തെളിയുകയും ചെയ്യുന്നു. കക്ക നീക്കം ചെയ്യുമ്പോൾ ഈ വേര് തെളിയുന്നതു കൊണ്ടാണ് പുളിപ്പ് അനുഭവപ്പെടുന്നത്. കക്ക നീക്കം ചെയ്യാതെയിരുന്നാൽ മോണ കൂടുതൽ താഴോട്ട് ഇറങ്ങിപ്പോവുകയും അടിയിലുള്ള എല്ല് ദ്രവിക്കുകയും പല്ല് ഇളകി പോവുകയും ചെയ്യും.
- മുകളിലത്തെ വരിയിലെ പല്ലുകൾ എടുക്കുകയോ റൂട്ട് കനാൽ ചികിത്സ നടത്തുകയോ ചെയ്താൽ തലച്ചോറിനും കണ്ണനും മറ്റും കേടു വരുമോ ?.
പല്ലും കണ്ണും തലച്ചോറും എല്ലാം ഒരേ തലയോട്ടിയിൽ പിടിപ്പിച്ചിരിക്കുന്നു എന്നതൊഴിച്ചാൽ ഇവ തമ്മിൽ നേരിട്ട് യാതൊരു ബന്ധവുമില്ല. പല്ലിൽ വരുന്ന ഇൻഫെക്ഷൻ തലച്ചോറിലേക്ക് ഒക്കെ ബാധിക്കാൻ സാധ്യതയുണ്ടങ്കിലും അത് നേരിട്ടല്ല സംഭവിക്കുന്നത്. മാത്രവുമല്ല പല്ലിലെ ഇൻഫെക്ഷൻ തലച്ചോറിലേക്കും മറ്റും വ്യാപിക്കാതെ ഇരിക്കുവാനാണ് റൂട്ട് കനാൽ ട്രീറ്റ്മെന്റും അല്ലെങ്കിൽ പല്ല് നീക്കം ചെയ്യുന്നതും. കേടു വന്ന പല്ലുകൾ ബാക്ടീരിയയുടെ ഒരു സ്രോതസ്സായി ആയി തീരുകയും തലച്ചോർ മാത്രമല്ല ഹൃദയത്തിനും മറ്റ് അവയവങ്ങൾക്കും ക്രമേണ കേടുവരുത്തുകയും ചെയ്യും . അതിനാൽ കേടുവന്ന പല്ലുകൾ റൂട്ട് കനാൽ ചെയ്യുകയോ നീക്കം ചെയ്യുകയോ വേണം.
- 40 – 50 വയസ്സു കഴിഞ്ഞാൽ പല്ലുകൾ സ്വാഭാവികമായി നഷ്ടപ്പെടുംമോ? മുത്തശ്ശൻ / മുത്തശ്ശി തന്റെ പല്ലില്ലാത്ത മോണകാട്ടി ചിരിച്ചു എന്നത് മലയാളത്തിലെ ഒരു പ്രയോഗമാണ്. പല്ല് നഷ്ടപ്പെടുന്നത് പ്രായമേറുന്നതിന്റെ ലക്ഷണമായി മലയാളികൾ പണ്ടേ അംഗീകരിച്ചിരിക്കുന്ന മിഥ്യാധാരണയാണ്. യഥാവിധി സംക്ഷിക്കപ്പെടുന്ന പല്ലുകൾ നൂറു വയസ്സു കഴിഞ്ഞാലും കേടുകൂടാതെയും ഇളക്കം തട്ടാതെയും ജീവിതാവസാനം വരെ നിലനില്ക്കും.
- പല്ലു കേട് വരുന്നത് കാൽസ്യം കുറവുകൊണ്ടാണോ ?
പല്ല് ഉണ്ടായി വരുമ്പോഴാണ് കാൽസ്യത്തിന്റെ ആവശ്യം . മോണയിൽ നിന്നു പുറത്തുവന്ന പല്ലിനെ കാൽസ്യത്തിന്റെ കുറവ് നേരിട്ടു ബാധിക്കുകയില്ല. നല്ല പല്ലായി പുറത്തുവരികയും പിന്നീടു കേടു വരികയും ചെയ്യുന്നത് പല്ലിൽ അടിഞ്ഞു കൂടിയ പ്ലാക്കിന്റെയും ഭക്ഷണാവശിഷ്ടങ്ങളിൽ രോഗാണുക്കൾ പ്രവർത്തിച്ചുണ്ടായ ചില രാസ വസ്തുക്കളുടെയും പ്രവർത്തന ഫലമായാണ്. പല്ല് ശരിയായ വിധം ശുചിയാക്കിയാൽ ഇത് പൂർണ്ണമായും തടയാം. കാൽസ്യത്തിന്റെ കുറവുകൾ വഴി പല്ല് ഉറപ്പിച്ചിരിക്കുന്ന എല്ലിനും മോണയ്ക്കും ബലക്ഷയം വരികയും പല്ലു ഇളകി പോകാൻ ഇടയാവുകയും ചെയ്യുന്നു.
- പുതിയ പല്ലുകൾ വരുമെന്നതിനാൽ പാൽപ്പല്ലുകൾ സംരക്ഷിക്കേണ്ട ആവശ്യം ഉണ്ടോ?
താടിയെല്ലുകളുടെ ശരിയായ വളർച്ചയ്ക്ക് പാൽപ്പല്ലുകൾ സംരക്ഷിക്കേണ്ടത് അത്യാവശ്യം. പാൽപ്പല്ലുകൾ സ്വാഭാവികമായി ഇളകിപ്പോകുന്നതിനു മുമ്പ് നീക്കം ചെയ്യുന്നത് തുടർന്നുവരുന്ന സ്ഥിരദന്തങ്ങൾ നിര തെറ്റുന്നതിനും ചിലപ്പോഴൊക്കെ താടിയെല്ലകുകളിൽ കുടുങ്ങി പോകുന്നതിനും (impaction) ഇടയാക്കും. കേടുവന്ന പല്ലുകൾ കേട് നീക്കം ചെയ്തു അടച്ച് സംരക്ഷിക്കുകയോ ആഴത്തിൽ കേടു വരികയാണെങ്കിൽ റൂട്ട് കനാൽ ചികിത്സ നടത്തി സ്റ്റെയിൻലെസ് സ്റ്റീൽ ക്യാപ് ഇട്ട് സംരക്ഷിക്കുകയോ വേണം. താടിയെല്ലുകളുടെ സ്വാഭാവിക വളർച്ചയ്ക്കും ഉച്ചാരണശുദ്ധി വികസി ക്കുന്നതിനും കുട്ടികളുടെ മാനസിക വളർച്ചയ്ക്കും പാൽപ്പല്ലുകൾ സംരക്ഷിക്കപ്പെടേണ്ടത് അത്യാവശ്യം .
Very good information. Thank you
Thank you Anish
Awesome informations. Thanks for sharing
Thank you Thomas
Very informative
Thank you Dimple
Very good information.
Thank you Ray