ആന്റിബയോട്ടിക്കിനെ ഭയക്കണോ?
എന്താണ് ആൻറിബയോട്ടിക് ?
രോഗാണുക്കളെ നശിപ്പിക്കുകയോ, അവയുടെ വളർച്ച തടയുകയോ ചെയ്യുന്ന മരുന്നുകളെയാണ് ആൻറിബയോട്ടിക്കുകൾ എന്ന് വിളിക്കുന്നത്. ഇവ സൂക്ഷ്മാണുക്കളിൽ നിന്നോ ചിലയിനം പൂപ്പലുകളിൽ നിന്നോ കൃത്രിമമായോ ഉൽപാദിപ്പിക്കുന്നു.
ഡോ. അല്ലക്സാൻഡർ ഫ്ലെമിങ്ങ് 1928-ൽ പെനിൻസിലിൻ എന്ന ആദ്യ ആൻറിബയോട്ടിക് കണ്ടുപിടിച്ചപ്പോൾ ഒരു സർവ്വ രോഗ സംഹാരിയായിട്ടാണ് അതിനെ ലോകം വാഴ്ത്തിയത്. പിന്നീട് ധാരാളം ആൻറിബയോട്ടിക്കുകൾ കണ്ടുപിടിക്കുകയും അവ ദുരുപയോഗം ചെയ്യപ്പെടുകയും ചെയ്തു. അങ്ങനെ ആൻറിബയോട്ടിക്കിനെ പ്രതിരോധിക്കാൻ ശേഷിയുള്ള രോഗാണുക്കൾ ഉത്ഭവിച്ചു. ഇതിനെ തുടർന്ന് ലോകമെമ്പാടുമുള്ള ആരോഗ്യപ്രവർത്തകർ ആൻറിബയോട്ടിക് ദുരുപയോഗം തടയുവാൻ ബോധവൽക്കരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. മാധ്യമങ്ങളിലൂടെയും സെമിനാറുകളിലൂടെയും മറ്റുമുള്ള പ്രചരണങ്ങൾ മൂലം ആൻറിബയോട്ടിക്കുകൾ ഭയപ്പെടേണ്ട ഒന്നാണ് എന്നൊരു തെറ്റിദ്ധാരണ പലർക്കും ഉണ്ടാവാനിടയായി. ചില രോഗികൾക്ക് ആൻറിബയോട്ടിക് നിർദ്ദേശിക്കുമ്പോൾ അവർ അത് നിരസിക്കുന്നു. ചിലരാകട്ടെ ഡോക്ടറുടെ നിർദേശത്തെ മറികടന്ന് കുറഞ്ഞ ഡോസിലും തവണ കുറച്ചും ഉപയോഗിക്കുന്നു. ഇങ്ങനെ ചെയ്യുന്നതിനാൽ എന്താണോ ആരോഗ്യപ്രവർത്തകർ ഭയന്നത് (ആൻറിബയോട്ടിക് പ്രതിരോധിക്കുന്ന രോഗാണുക്കൾ ഉണ്ടാകുന്നു) അത് സംഭവിക്കുന്നു.
ആൻറിബയോട്ടിക്കുകളെ ഭയപ്പെടേണ്ടതില്ല. രോഗാണുക്കൾ മൂലം ഉണ്ടാകുന്ന രോഗം ചെറുക്കാൻ ആൻറിബയോട്ടിക്കുകൾ കൂടിയേതീരൂ. അവയുടെ ദുരുപയോഗമാണ് പാടില്ലാത്തത് . ഡോക്ടർ നിർദ്ദേശിക്കുന്ന ഡോസിലും തവണയിലും ആൻറിബയോട്ടിക്കുകൾ കഴിക്കുവാൻ ശ്രദ്ധിക്കുക. പാർശ്വഫലങ്ങൾ ഉണ്ടാക്കുന്ന ആൻറിബയോട്ടിക്കുകളാണെങ്കിൽ അവ തടയാൻ നിർദ്ദേശങ്ങളും മരുന്നുകളും ഡോക്ടർ നൽകും. അവ കൃത്യമായി പാലിക്കണം. ആൻറിബയോട്ടിക് കഴിക്കുമ്പോൾ എന്തെങ്കിലും പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നുണ്ടെങ്കിൽ ഡോക്ടറെ അറിയിക്കണം. ഡോക്ടറുടെ നിർദേശപ്രകാരമല്ലാതെ ആൻറിബയോട്ടിക്കുകളുടെ ഡോസ് കുറയ്ക്കുകയോ, തവണ കുറയ്ക്കുകയോ, നിർത്തുകയോ ചെയ്യാൻ പാടില്ല . ശരിയായ വിധത്തിൽ ഉപയോഗിച്ചാൽ ഒരു ജീവൻരക്ഷാ ഉപാധി തന്നെയാണ് ആൻറിബയോട്ടിക്കുകൾ .
ഡോ. അനിൽ കുര്യൻ, സീയോൻ കുന്നിൽ ദന്തൽ ക്ലിനിക്ക്, ചിങ്ങവനം, കോട്ടയം
Informative
Thank you doctor