പത്തില – തുടർച്ച
3- ചേന ഇല:- പ്രത്യേകിച്ച് യാതൊരു പരിചരണവും ഇല്ലാതെ വീട്ടുവളപ്പിൽ വളരുന്ന ഒരു പ്രധാന കിഴങ്ങു വിളയാണ് ചേന.
ചേന ഇലയിലും തണ്ടിലും മാംസ്യവും ധാതുലവണങ്ങളും ധാരാളം അടങ്ങിയിട്ടുണ്ട്. ചേന ഇലയുടെ തണ്ടാണ് മഴക്കാലത്ത് കറി വെക്കാൻ ഉപയോഗിക്കുന്നത്.
4-മത്ത നില :– ഓണക്കാലത്തേക്ക് വിളവെടുക്കാനുള്ള മത്തൻ നട്ടാൽ കർക്കിടകത്തിൽ മത്തനിലപറിക്കാം. മത്തന്റെ ഇളം ഇലയാണ് എടുക്കേണ്ടത്. ഇലയിൽ ജീവകം A ധാരാളമുണ്ട്.
5 – കുമ്പളം : – കുമ്പള ഇലയിൽ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇരുമ്പ്, കാത്സ്യം , ഫോസ്ഫറസ്, നാരുകൾ എന്നിവ ധാരാളമുള്ള കുമ്പള ഇല ഭക്ഷിക്കുന്നത് വയർ ശുദ്ധീകരിച്ച് മലമൂത്ര ശോധന തടസമില്ലാതെ പോകുന്നതിന്ന് സഹായിക്കുന്നു.
6- മുള്ളൻ ചീര :- സാധാരണ ചീരയേക്കാളും മുള്ളൻ ചീരയാണ് കർക്കിടകത്തോരന്ന് നല്ലത്. മുള്ളൻ ചീര കുടൽ സംബന്ധമായ രോഗങ്ങൾ ശമിപ്പിക്കാനും അസുഖം വരാതിരിക്കാനും നല്ലതാണ്. മുളളൻ ചീര വേര് സഹിതം തോരൻ വെക്കുന്നതാണ് ഉത്തമം.
7- ആനത്തുവ്വ ഇല:- ഇത് കേരളത്തിൽ എല്ലാ ഇടത്തും കാണും , പക്ഷേ ദേശത്തിനനുസരിച്ച് പേരിൽ മാറ്റമുണ്ടാവും.
കൊടിത്തുവ്വ, ചൊറിയണം, ചെന്തോട്ടി, കുപ്പത്തുവ്വ എന്നിങ്ങനെ പല പേരിൽ അറിയപ്പെടുന്നു. ഇതിന്റെ ഇല ശരീരത്തിൽ തട്ടിയാൽ ചൊറിച്ചിൽ വരും അതുകൊണ്ടു തന്നെ അധികമാരും ഇത് ഭക്ഷണമായി ഉപയോഗിക്കാറില്ല. ചൊറിച്ചിൽ ഒഴിവാക്കാൻ കയ്യിൽ അല്പം എണ്ണ പുരട്ടിയതിനു ശേഷം ഇല പറിച്ചെടുത്ത് കുറച്ചു സമയം വെള്ളത്തിൽ ഇട്ടു വെക്കുകയും പിന്നീട് ഭക്ഷണത്തിന്ന് പാകപ്പെടുത്തുകയും ചെയ്യുകയാണ് പതിവ്. വളരെയധികം ഔഷധ ഗുണമുള്ളത് കൊണ്ട് നിർബന്ധമായും ഭക്ഷണത്തിന്ന് ഉപയോഗിക്കണം. പ്രമേഹം, അർശസ്സ്, ജ്വരം, ചുമ എന്നിവ ശമിപ്പിക്കും. കൂടാതെ രക്തശുദ്ധി വരുത്തുകയും മലശോധന ഉണ്ടാക്കുകയും ചെയ്യുന്നു.
8 – നെയ്യുണ്ണി :- ഈ ചെടിയുടെ കൈപ്പത്തിയുടെ ആകൃതിയിലാണ്. ഈ ഇല ഉപയോഗിക്കുന്നത് കൊണ്ട് രണ്ടു പ്രധാന രോഗത്തെ തടഞ്ഞു നിർത്താനാവും. ശരീരത്തിൽ നീര് വരുന്നതിനെ തടയാനും മഴക്കാല രോഗമായ പനി വരുന്നതിനെ തടയാനും കഴിയും.
9 – ചെറുപയർ ഇല:- സാധാരണ ചെറുപയർ ഇല ആരും കഴിക്കാറില്ല. എന്നാൽ ഇലയുടെ ഔഷധ ഗുണം വളരെ ശ്രേഷ്ഠമാണ്. ശരീരത്തിന്ന് ബലം നൽകുന്നു. ദഹനശക്തി വർദ്ധിപ്പിക്കുന്നു , ശരീര താപം ക്രമീകരിക്കുന്നു. നേത്ര രോഗം, കരൾ വീക്കം എന്നിവ തടയുന്നു. ഇലയിൽ മാംസ്യം, ധാതുക്കൾ, വിറ്റാമിൻ A, വിറ്റാമിൻ C. മുതലായവ അടങ്ങിയിട്ടുണ്ട്.
10- തഴുതാമ :- മേൽപ്പറഞ്ഞ ഒമ്പതു് ഇലകളെക്കാൾ എറ്റവും ഔഷധ ഗുണം അടങ്ങിയിരിക്കുന്നത് പത്താമത്തെ ഇലയായ തഴുതാമയാണ്. സംസ്കൃതത്തിൽ ഇതിന്റെ പേര് പുനർനവ എന്നാണ്. ശരീരത്തിലെ നശിച്ചു പോയ കോശങ്ങളെ പുതുക്കി പണിയാനുള്ള കഴിവ് അത്ഭുതകരമാണ്. റോഡ് വക്കിൽ സമൃദ്ധിയായി വളരുന്നു. മഴക്കാലത്ത് പറമ്പിലും തൊടിയിലും തഴച്ചു വളരുന്നു..
ശരീരത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്യാനും കരളിലെ നിർജീവമായ സെല്ലുകളെ പുനർജീവൻ കൊടുക്കാനും വയർ , കിഡ്നി, എന്നിവ ശുദ്ധീകരിക്കാനുള്ള തഴുതാമയുടെ കഴിവ് മറെറാന്നിനും ഇല്ല . മേൽ പറഞ്ഞ പത്തിലകളിൽ ചിലത് ലഭിക്കാതെ വരുമ്പോൾ പകരം ആറ് തരം ഇലകൾ കൂടി ഉൾപ്പെടുത്താറുണ്ട്
അവ അടുത്ത ആഴ്ച വിശദീകരിക്കുന്നതാണ്.
അശോകൻ ചേമഞ്ചേരി
നല്ല അറിവ്, ഇത്രയും ഗുണങ്ങൾ ഉള്ളവയെ തള്ളിയിട്ടാണല്ലോ വിഷമാലിന്യങ്ങൾ കഴിക്കുന്നത് നമ്മൾ ❤❤🌹