വാർദ്ധക്യത്തോടുളള യുദ്ധത്തിൽ ആയുർവേദവും ഹോമിയോപ്പതിയും നമുക്കു കൂട്ടായി ഉണ്ടെന്നു കഴിഞ്ഞ ലക്കങ്ങളിലുടെ നാം അറിഞ്ഞു. ഇക്കുറി നാം ബന്ധപ്പെടുന്നത് പ്രാണിക് ഹീലിങ് ചികിത്സാരീതിയുമായാണ്.
എന്താണ് പ്രാണിക് ഫീലിങ്? സ്പർശം കൂടാതെ ജീവശക്തി (പ്രാണൻ) ഉപയോഗിച്ച് അസുഖങ്ങളകറ്റുന്ന ശാസ്ത്രീയ ചികിത്സാ സമ്പ്രദായമാണിത് . ശരീരത്തിൽ തൊടുകയോ മരുന്ന് നൽകുകയോ ചെയ്യാതെയുള്ള സുഖപ്പെടുത്തൽ.
മനുഷ്യ ശരീരത്തിനു ചുറ്റുമുള്ള ഊർജവലയത്തിൽ എവിടെയാണ് രോഗബാധ എന്നു കണ്ടുപിടിക്കുകയാണ് ചികിത്സയുടെ ആദ്യപടി. ശരീരത്തിൽ തൊടാതെ ഊര്‍ജവലയത്തിൽ കൈകൾ ചലിപ്പിക്കുമ്പോൾ ഇതു ചികിത്സകനു വ്യക്തമാകുമത്രേ. എവിടെയെങ്കിലും ഊര്‍ജ കണികകളുടെ തിങ്ങിക്കുടലോ അഭാവമോ, ഉണ്ടെങ്കിൽ അതു വലയത്തിൽ മുഴപ്പോ കുഴിയോ ആയി രൂപാന്തരപ്പെട്ടിരിക്കും. രോഗബാധിതമായ ഈ ഊർജകണികകളെ ഡോക്ടർ കൈകൊണ്ടു തുടച്ചെടുത്ത് ഉപ്പുവെള്ളത്തിലേക്കു കളയുന്നു. അശുദ്ധമായ കണികകളെ ഉപ്പുവെള്ളം നശിപ്പിക്കും എന്ന സിദ്ധാന്തമാണ് ഇതിനു പിന്നിൽ. തുടർന്നു പ്രകൃതിയിൽനിന്നു ശുദ്ധമായ ഊര്‍ജം ബന്ധപ്പെട്ട ഭാഗത്തേക്കു പകരുന്നതോടെ ചികിത്സ പൂർത്തിയാകുന്നു.
സ്വയം സുഖപ്പെടുത്താനുള്ള പ്രവണത മനുഷ്യശരീരത്തിനു സ്വാഭാവികമായി ഉണ്ട്. ഈ യാഥാർത്ഥ്യം ഉൾക്കൊണ്ടാണ് ചികിൽസ.
ഈ ചികിൽസാ സമ്പ്രദായപ്രകാരം എന്താണു വാർദ്ധക്യം ? ഉത്തരം ലളിതം. ആത്മശരീരമനസുകൾ തളരുന്നതായി തോന്നുമ്പോൾ വാർദ്ധക്യം എത്തുന്നതായി അറിയണം. അപ്പോൾ അകാല വാർദ്ധക്യമോ? ആധിയും വ്യാധിയും മനസിനെ കീഴ്പ്പെടുത്തുക, സ്വസ്ഥത ഇല്ലാതാവുക, സുഖമായ ഉറക്കം ലഭിക്കാതെ വരിക, തകർന്ന മനസ്, മന്ദതയും മ്ലാനതയും, അകാരണമായ ഭയം…. ഇതെല്ലാം അകാല വാർധക്യത്തിൻ്റെ ലക്ഷണങ്ങളെന്നു വിശദീകരണം.
ഹരിതം വായിച്ചാലും തമാശ കേട്ടാലും നിങ്ങൾക്കു ചിരി വരാറില്ലേ? ഇല്ലെങ്കിൽ അത് രോഗമാണ്. അകാല വാർദ്ധക്യത്തിലേക്കു നയിക്കുന്ന രോഗം, ഇത്തരക്കാർ മാനസിക പിരിമുറുക്കമുളളവരായിരിക്കാനാണു സാധ്യത.
ഫലമോ? അകാല വാർദ്ധക്യത്തിലേക്കു തള്ളപ്പെടുന്നു.
ലാഫിങ് എക്സർസൈസിലുടെ ചിരി എന്ന സിദ്ധൗഷധം ഇവർക്കു തിരിച്ചു നൽകാനാവുമെന്നു പ്രാണിക് ഹീലേഴ്സ് ഉറപ്പിച്ചു പറയുന്നു. അതോടെ മനസിൻ്റെ പിരിമുറുക്കം അകലുന്നു, ക്രമേണ യൗവനം തിരിച്ചുകിട്ടുന്നു.
താളംതെറ്റിയ ഋതുചര്യകളും ദിനചര്യകളും അകാല വാർദ്ധക്യത്തിൻ്റെ മുഖ്യ കാരണങ്ങളാണ്. മാനസിക അസ്വസ്ഥതകൾ ശാരീരിക രോഗങ്ങളായി പരിണമിക്കുന്നു; അകാല വാർദ്ധക്യത്തിനു കാരണമാവുന്നു. സൈക്കോ തെറാപ്പിയിലുടെയും കൗൺസിലിങ്ങിലുടെയും മനസിന് യുവത്വമെന്ന രക്ഷാകവചം നൽകുകയാണ് പ്രാണിക് ഹീലേഴ്സ് ചെയ്യുന്നത്.
കായിക വ്യായാമം, ശ്വസന വ്യായാമം, ഹൃദയ സമന്വയ ധ്യാനം എന്നിവയിലുടെ സൗഖ്യത്തിലേക്കും പ്രകാശത്തിലേക്കും രോഗിയെ നയിക്കുക എന്നതാണ് പ്രാണിക് ഹീലിങ് തത്വം.
അകാല വാർദ്ധക്യത്തെ തടഞ്ഞു നിർത്തുന്നതിന് വിദഗ്ധർ നിർദ്ദേശിക്കുന്ന മറ്റു പ്രതിവിധികൾ: മത്സ്യമാംസാദികൾ കഴിവതും വെടിയുക, മദ്യപാനവും പുകവലിയും പാടില്ല. പച്ച വെള്ളത്തിലുള്ള കുളിയാണ് ഉത്തമം. (ആരോഗ്യമുള്ള അവസ്ഥയിൽ) അഞ്ചു മണിക്കൂറെങ്കിലും ഗാഢനിദ്ര അനിവാര്യം. അമിത ഭക്ഷണം ആപത്തെന്ന് അറിയുക. രാത്രി ഭക്ഷണം വയറു നിറച്ചു കഴിക്കാതിരിക്കുക. കായിക വ്യായാമവും ധ്യാനവും മുടക്കാതിരിക്കുക. പുലർകാലത്ത് ഉണർന്ന് കർമനിരതനാവുക, രാത്രി അധ്വാനം ഇല്ലെങ്കിൽ പകലുറക്കം ഒഴിവാക്കുക. സമയത്ത് ഭക്ഷണം, സമയത്ത് ഉറക്കം എന്നിവ ശീലമാക്കുക….
എപ്പോഴാണ് ഉറങ്ങേണ്ടത്? പ്രകൃതിയെ നോക്കി പഠിക്കണമെന്ന് ഉത്തരം. ജീവജാലങ്ങൾ സായംസന്ധ്യയിൽ ഉറങ്ങുന്നു. സൂര്യൻ്റെ ചെങ്കതിരുകളെ നോക്കി അവ ഉണരുകയും ചെയ്യുന്നു. മനുഷ്യനോ? തോന്നിയപോലെ ഉണ്ണുന്നു; ഉറങ്ങുന്നു; ജീവിക്കുന്നു.
ഉറക്കം പ്രശ്നമായാൽ? പ്രാണിക് ഹീലിങ് വിധിപ്രകാരം രോഗിയിലെ രോഗാതുരമായ ഊർജം നീക്കിക്കളയും. പുതിയ ഊർജം നൽകുന്നതോടെ രോഗി അറിയാതെ ഗാഢനിദ്ര ലഭിക്കുന്നു. ഉണരുമ്പോഴാകട്ടെ മനസും ശരീരവും സ്വസ്ഥമാകുന്നു, സന്തോഷം വീണ്ടകിട്ടുന്നു.
വിവരങ്ങൾക്കു കടപ്പാട്: ഡോ. ജോയി ജോസഫ്, പ്രാണിക് ഫീലിങ് ഫൗണ്ടേഷൻ കേരള, ബേക്കർഹിൽ, കോട്ടയം.