ആയുരാരോഗ്യസൗഖ്യം-2
(തയ്യാറാക്കിയത് : മാത്യു ശങ്കരത്തിൽ)
ഒരു പ്രാവശ്യം
ഭക്ഷിക്കുന്നവൻ
യോഗി,
രണ്ടു നേരക്കാരൻ
ഭോഗി ,
മൂന്നു നേരക്കാരൻ
രോഗി
എന്നാണു പ്രമാണം.
മൂന്നു നേരത്തിൽ
കൂടുതൽ
ഭക്ഷിക്കുന്നവർ
ദ്രോഹികളുടെ
പട്ടികയിലാണ്
ലോകം ഓടുകയാണ് ; നമ്മളും.
വിശ്രമമില്ലാത്ത ഓട്ടം .
ആവശ്യത്തിനും അനാവശ്യത്തിനുമുള്ള വേഗ സഞ്ചാരം തളർത്തുന്നത് ശരീരത്തെയാണ് . പുതിയ ലോകത്തിന്റെ അമിതാവേശങ്ങൾക്കിടയിൽ , വെട്ടിപ്പിടിക്കാനുള്ള ആവേശങ്ങക്കിടയിൽ തളരുന്ന , തകരുന്ന പാവം ശരീരത്തെ ഓർക്കാൻ പലർക്കും സമയം കിട്ടുന്നില്ല .
പക്ഷേ , അവരറിയുന്നില്ല , ഓട്ടപ്പന്തയത്തിനിടയിൽ പാതിവഴിയിൽ വെച്ച് ഓട്ടമൊടുക്കാൻ കാലുകൾ തയ്യാറായിക്കഴിഞ്ഞുവെന്ന്…….
അശ്രദ്ധ ശരീരത്തെ ക്ഷീണിപ്പിച്ചുന്നു, ക്ഷയിപ്പിക്കുന്നു. വേണ്ടരീതിയിൽ ദഹനപ്രക്രിയ നടക്കാതെ , ആഗിരണശേഷി ഇല്ലാതെ ശരീരത്തിൽ ദോഷങ്ങൾ അടിഞ്ഞുകൂടുന്നു . ഇതിനെ ആയുർവേദം ‘ആമാവസ്ഥ’ എന്നു വിളിക്കുന്നു .
ഇങ്ങനെ ദേഹം ദുർബലമാവുകയായി . അയൽപക്കത്തു കൂടിപ്പോകുന്ന രോഗാണുവിനെക്കൂടി ക്ഷണിച്ചുവരുത്താൻ തക്ക സ്വീകാര്യതയും .
നാമറിയണം . നേരത്തെതന്നെ തലയിൽവന്നുവീഴുന്ന വാർധക്യത്തിന്റെ വെള്ളിക്കിരീടം . നമ്മുടെതന്നെ സൃഷ്ടിയാണെന്ന് .
“പഞ്ചഭൂതശരീരസ്യം
പഞ്ചഭൂതാനിചൗഷധം”
(പഞ്ചഭൂതംതന്നെയാണ് പഞ്ചഭൂതനിർമിതമായ ശരീരത്തിന് ഔഷധം )
പൃഥ്വി ( ഭൂമി ) എന്ന പഞ്ചമഭൂതം ആവാസംമൊരുക്കുന്നതിനൊപ്പം മനുഷ്യന് ആഹാരവും നൽകുന്നു . അതിഭക്ഷണം ആരോഗ്യം നശിപ്പിക്കുന്നു . ആയുസ് കുറയ്ക്കുന്നു .
എന്നാൽ അൽപാഹാരവും ശരീരത്തിന് ദോഷകരമാണ് .
എപ്പോഴാണ് ഭക്ഷണം കഴിക്കേണ്ടത് ? ഉത്തരം ലളിതം . നല്ല വിശപ്പുള്ളപ്പോൾ ; അപ്പോൾമാത്രം. കിട്ടുന്നതൊക്കെ കഴിക്കരുത് . ശരീരത്തിന് അതു ദോഷം . ആഹാരം കഴിച്ചാൽ അത് പൂർണമായും ദഹിക്കട്ടെ. വിശ്രമം വയറിനും വേണ്ടേ ? വിശപ്പില്ലാത്തപ്പോൾ ഭക്ഷിച്ചാൽ ദഹനവും കുറയും . വയർ കുഴപ്പത്തിലാകും . ശോധനക്കുറവ് , ദഹനക്കേട് , വായുക്ഷോഭം…..
മൽസ്യം, മാംസം, മുട്ട ഇതൊക്കെ കൂടുതലായി കഴിച്ചാലേ ആരോഗ്യം ഉണ്ടാകൂ എന്ന് പലരുടെയും ധാരണ തെറ്റ് .
ആയുർവേദ ശാസ്ത്രം പറയുന്നു, സസ്യാഹാരങ്ങൾ മാത്രം കഴിക്കുന്നവരിൽ രോഗം കുറഞ്ഞിരിക്കും .
എളുപ്പം ദഹിക്കുന്ന ഭക്ഷണം ഉത്തമം.
ആരോഗ്യവും ആയുസും ആഗ്രഹിക്കുന്നവർ ഭക്ഷണകാര്യത്തിൽ ഓർമിച്ചിരിക്കേണ്ട പ്രധാന കാര്യങ്ങൾ:
1.ദിവസം മൂന്നു മണിക്കൂറെങ്കിലും വയറിനു പൂർണ വിശ്രമം നൽകുക.
2.മുഖ്യമായ ഭക്ഷണം ദിവസത്തിൽ ഒരു പ്രാവശ്യം മാത്രമാക്കുക
- ദഹിക്കുവാൻ താമസമുള്ള ഭക്ഷണപദാർഥങ്ങൾ പരിമിതപ്പെടുത്തുക .
- നല്ലതുപോലെ കടിച്ച് ചവച്ചരച്ച് കഴിക്കണം . മനുഷ്യശരീരത്തിൽ പല്ലുകളുടെ പ്രസക്തി തിരിച്ചറിയുക .
5.ഇടവേളകളിൽ ഭക്ഷണം ഒഴിവാക്കുക. വേണ്ടിവന്നാൽ പഴം മാത്രം.
6.മനസ്സ് പ്രക്ഷുബ്ധമായിരിക്കുമ്പോൾ ആഹാരം വെടിയുക. മനസ്സിനു വേണ്ടാത്തതൊന്നും ശരീരത്തിനും ആവശ്യമില്ല .
7.ഭക്ഷണം കഴിക്കുമ്പോൾ വെള്ളം കുടിക്കാതിരിക്കുക. ദഹിപ്പിക്കാനാവശ്യമായ രാസവസ്തുക്കൾ വെള്ളത്തിൽ കലർന്നു ദഹനശക്തി കുറയാനിടവരും. - വറുത്ത സാധനങ്ങളും വറുത്തരച്ച കറികളും കഴിവുള്ളിടത്തോളം ഉപേക്ഷിക്കുക. ഇവ ദഹിക്കാൻ താമസം നേരിടും.
- വയറു നിറച്ചു കഴിക്കരുത്. കാൽ ഭാഗമെങ്കിലും ഒഴിഞ്ഞു കിടക്കട്ടെ.
- ചോറ് ഉരുട്ടി വിഴുങ്ങരുത്. ഉമിനീരിൽ അരഞ്ഞുചേർന്നാലേ വേണ്ടപോലെ ദഹിക്കുകയുള്ളൂ. സ്റ്റാർച്ച് ധാരാളമുള്ള ചോറ്, കിഴങ്ങ് മുതലായവ കുറേശ്ശെ എടുത്തു കടിച്ചു ചവച്ചരച്ചു വെള്ളമാക്കി ഇറക്കണം. പ്രമേഹം ഒഴിവാക്കാൻ ഇതു സഹായകരമാണ്.
- കാപ്പിയും ചായയും പരമാവധി കുറയ്ക്കുക
- ലഹരി പദാർത്ഥങ്ങൾ ആർക്കും ഒരിക്കലും നന്മ വരുത്തിയിട്ടില്ലെന്നും ഓർക്കുക .
മാംസം, മുട്ട , മൽസ്യം, ചില പയറു വർഗങ്ങൾ, പരിപ്പ് , പൊരിച്ചതും വറുത്തതുമായ സാധനങ്ങൾ എന്നിവയെല്ലാം അസിഡിക്കാണ് . അവ നിവൃത്തിയുള്ളിടത്തോളം ഒഴിവാക്കുക .
ശരീരത്തിനു വണ്ണം കൂടുന്തോറും ആയുസ്സിന്റെ നീളം കുറയുന്നു എന്നാണു പറയുന്നത് .
അമിതമായ ഭക്ഷണവും വ്യായാമത്തിന്റെ കുറവുമാണു വണ്ണം വയ്ക്കാനുള്ള പ്രധാന കാരണം . വയറും വണ്ണവും കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കു
ചില നിർദേശങ്ങൾ. - മത്സ്യം മാംസം മുട്ട കൊഴുപ്പ് വറുത്ത സാധനങ്ങൾ എന്നിവ ഒഴിവാക്കുക .
- ഭക്ഷണം രണ്ടുനേരമായി ചുരുക്കുക.
- ചോറിന്റെ അളവു കുറയ്ക്കുക. ഇലക്കറികളും പച്ചക്കറികളും ധാരാളം കഴിക്കുക
- മോരോ കരിക്കിന്റെ വെള്ളമോ ധാരാളം കുടിക്കുക.
- ഭക്ഷണത്തോടൊപ്പം പച്ചക്കറി സാധനങ്ങൾ (കാരറ്റ്, വെണ്ടയ്ക്ക, സവാള, തക്കാളി, വെള്ളരിക്ക തുടങ്ങി ഏതെങ്കിലും )വേവിക്കാതെ കുറച്ചു കഴിക്കുക. ആഹാരം അതിനുശേഷം ആകട്ടെ .
- ഉപ്പു കുറയ്ക്കുക.ചായയും കാപ്പിയും വേണ്ട. സംഭാരം വെള്ളമോ ധാരാളം കുടിക്കുക.
അതിരാവിലെ ഉണരുമ്പോൾ ഒരു ഗ്ലാസ് ശുദ്ധജലത്തിൽ ഒരു ചെറുനാരങ്ങാനീരും പാകത്തിനു തേനും ചേർത്തു കഴിക്കുന്നതു മലബന്ധത്തിനും വായു ക്ഷോഭത്തിനും ഔഷധമാണ്.
പതിവായി അര മണിക്കൂറെങ്കിലും വ്യായാമം നിർബന്ധമാക്കുക.
ഒരു പ്രാവശ്യം ഭക്ഷിക്കുന്നവൻ യോഗി, രണ്ടു നേരക്കാരൻ ഭോഗി, മൂന്നു നേരക്കാരൻ രോഗി-ഇതാണു പ്രമാണം.
മൂന്നു നേരത്തിൽ കൂടുതൽ ഭക്ഷിക്കുന്നവരുടെ സ്ഥാനം ദ്രോഹികളുടെ പട്ടികയിലാണ്.
വാർധക്യത്തെ തടുത്തുനിർത്താൻ ദിനചര്യകളും ഋതുചര്യകളും വേണ്ടവിധം അനുഷ്ഠിക്കേണ്ടതുണ്ട് .
(അക്കാര്യം അടുത്ത ആഴ്ച )
തയ്യാറാക്കിയത് : മാത്യു ശങ്കരത്തിൽ
ആരോഗ്യ സംബന്ധിയായ ലേഖനം നന്നായി വിശേഷിച്ചും പ്രവാസികൾക്ക് ഈ അറിവുകൾ ഉപകാരപ്പെടും. സമയത്തിനേക്കാൾ മുന്നേ ഓടുന്നവരാണ് നമ്മൾ അതിനിടയിൽ അല്പം വിശ്രമം, അറിവ്…… ആശംസകൾ.