നവധാന്യങ്ങൾ (തുടർച്ച..)
2- വൻ പയർ :-
ചെറുപയറിനേക്കാൾ അല്പം വലുപ്പമുള്ള താണ് വൻ പയർ . ചെറുപയറിനെ അപേക്ഷിച്ച് നിത്യജീവിതത്തിൽ വൻ പയറിന്റെ ഉപയോഗം കുറവാണ്. മത്തനും വൻ പയറും ചേർത്ത കറി പ്രസിദ്ധമാണല്ലോ. വൻ പയറിൽ ധാരാളം ഔഷധ ഗുണങ്ങളുണ്ട്. കൊഴുപ്പ്, നാര്, ഫോസ്ഫറസ്, പ്രോട്ടീൻ, ധാതുക്കൾ, കാത്സ്യം , ഇരുമ്പ് എന്നിവ വിവിധ അളവിൽ അടങ്ങിയിരിക്കുന്നു. മത്തനും പയറും കഴിക്കുന്നതു കൊണ്ട് നല്ല മലശോധന ഉണ്ടാക്കുന്നു , പ്രമേഹത്തെ നിയന്ത്രിക്കുന്നു. മലബാറിൽ വൻ പയറിന്ന് മമ്പയർ എന്നാണ് പറയുന്നത്.
3 – ഉലുവ :-
ഉലുവ ചെടി രണ്ട് തരമുണ്ട്. പൊക്കം കുറഞ്ഞതു്, പൊക്കം കൂടിയത്. ഫലവും ഇലയും തണ്ടും ഭക്ഷ്യയോഗ്യമാണ്. ഉലുവ ചീര തോരൻ വെക്കാൻ ഉപയോഗിക്കുന്നു.
പഞ്ചസാരയുടെ അംശം തീരെ ഇല്ലാത്ത ഒരു ഔഷധമാണ് ഉലുവ. ഉലുവയിൽ പതിനഞ്ച് ശതമാനം പ്രോട്ടീൻ, അഞ്ച് ശതമാനം കൊഴുപ്പ്, മൂന്ന് ശതമാനം ലവണം എന്നിവ അടങ്ങിയിട്ടുണ്ട്.
ഔഷധ ഗുണം : വയറു വേദന , ശരീര വേദന , വാതം, രക്തവാതം, പ്രമേഹം എന്നിവ ശമിപ്പിക്കുകയും, വിശപ്പിനെ ഉണ്ടാക്കുകയും, ഹൃദയത്തിന്റെ സങ്കോചവികാസക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. പ്രസവിച്ച സ്ത്രീകൾ കുഞ്ഞിന്ന് കൊടുക്കാൻ ആവശ്യത്തിന്ന് മുലപ്പാൽ തികയാതെ വിഷമിക്കുമ്പോൾ ഉലുവക്കഞ്ഞി ഉണ്ടാക്കി ദിവസം രണ്ടു നേരം കഴിച്ചാൽ മുലപ്പാൽ വർദ്ധിക്കും.
ഉലുവയുടെ ഉപയോഗം കൊണ്ട് മൂത്രം ധാരാളം പോകും. അതു വഴി ശരീരത്തിലെ ദുർ നീരിനെ ഇല്ലാതാക്കും. ശരീരത്തിലെ ചുട്ടു നീറ്റൽ കുറയും.
ഉലുവ വറുത്ത് പൊടിച്ച് വെച്ച് ഒരു സ്പൂൺ വീതം കുറച്ചു ദിവസം കഴിച്ചാൽ കാഴ്ചക്കുറവിന്ന് പ്രതിവിധിയാണ്. പ്രത്യേകിച്ചും പ്രമേഹ രോഗി കളുടെ .
മുഖത്തെ കറുത്ത പാട് പോകാൻ ഉലുവ പാലിൽ ഇട്ടു വെച്ച് പിറ്റേ ദിവസം എടുത്ത് അരച്ച് മുഖത്ത് പുരട്ടുക. സാവകാശം പാട് മാറും. അതു വരെ തുടരുക.
പൊതുവേ ഭക്ഷണത്തിൽ ചെറിയ അളവിലേ നമ്മൾ ഉലുവ ഉപയോഗിക്കാറുള്ളു. രുചിയും പോഷക ഗുണവും മണവും ലഭിക്കുന്നു. സാമ്പാറിലും മോരിലും മീൻ കറിയിലും ഉലുവ വറുത്തിട്ട് ഉപയോഗിക്കാറുണ്ട്. പണ്ട് കാലത്ത് കർക്കിടക മാസം 14 ദിവസം ഉലുവക്കഞ്ഞി അതിരാവിലെ കഴിക്കുന്ന പതിവുണ്ടായിരുന്നു.
ഉലുവ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് രക്തശുദ്ധിക്കും പ്രമേഹ ശമനത്തിന്നും നല്ലതാണ്.
ഉലുവ അരച്ച് തേച്ച് തലയിൽ പുരട്ടി കുളിക്കുന്നത് മുടി കൊഴിച്ചിൽ തടയും
ഉലുവ അമിതമായി കഴിക്കാൻ പാടില്ല. ദോഷം ചെയ്യും
4-ഉഴുന്ന് :-
പയർ വർഗ്ഗത്തിൽ ഏറ്റവും പോഷക സമ്പുഷ്ടമാണ് ഉഴുന്ന് . ധാരാളം പ്രോട്ടീൻ ഉഴുന്നിൽ അടങ്ങിയിട്ടുണ്ട്. കൊഴുപ്പും അന്നജവും കാത്സ്യവും ഉഴുന്നിൽ അടങ്ങിയിട്ടുണ്ട്. ഉഴുന്ന് സ്ഥിരമായി കഴിച്ചാൽ ശരീരം തടിക്കും
ഔഷധ ഗുണങ്ങൾ
1- ഞരമ്പ് രോഗങ്ങൾ, വയറുകടി, പക്ഷവാതം, മൂലക്കുരു, രക്തവാതം, അതിസാരം എന്നീ രോഗങ്ങൾക്ക് ഉഴുന്ന് ഫലപ്രദമാണ്.
2- ക്ഷീണ ശരീരങ്ങൾക്ക് ഉഴുന്നു കൊണ്ടുള്ള പലഹാരം ഉത്തമമായ ഒരു ആഹാരമാണ്. ഉഴുന്ന് മാവ് പാകപ്പെടുത്തുമ്പോൾ അധികം പുളിക്കാതെ നോക്കണം
3- സ്ത്രീകൾക്ക് ഗർഭപാത്ര സംമ്പന്ധമായ രോഗങ്ങൾക്ക് ഉഴുന്ന് വറുത്ത് ഭക്ഷിക്കുന്നത് ഉത്തമമാണ്.
4- എല്ല് രോഗം – ഉഴുന്ന് ചെടിയുടെ വേര് പിഴുതെടുത്ത് കഷായം വെച്ച് കഴിക്കുന്നത് എല്ലു വേദനയ്ക്ക് ഉത്തമമാണ്
5. ഉഴുന്ന് ചേർത്ത് പല വിധത്തിലുള്ള മരുന്നുകൾ ഉണ്ടാക്കുന്നുണ്ട്. ഉഴുന്ന് കഷായം വെച്ച് കഴിക്കുന്നത് അഗ്നിമാന്ദ്യം, ആമാശയ സംബന്ധമായ നീരിളക്കം, ഉഷ്ണാ തി സാരം, മൂത്രാശയ വീക്കം , കരൾ രോഗം, പക്ഷവാതം, ഞരമ്പ് സംബന്ധിച്ച അസുഖങ്ങൾ എന്നിവയ്ക്ക് ശമനം നൽകുന്നു.
6- വാതം – 50 ഗ്രാം ഉഴുന്ന് 24 ഔൺസ് വെള്ളത്തിൽ തിളപ്പിച്ച് 6 ഔൺസാക്കി വറ്റിച്ച് പകുതി വീതം ദിവസം രണ്ടു നേരം കഴിക്കുക. വാതം ശമിക്കുന്നതാണ്.
ഉഴുന്ന് ആവണക്കിൻ വേര്, നായ്ക്കുരണപ്പരിപ്പ്, കുറുന്തോട്ടി ഇവ സമം എടുത്ത് കഷായം വെച്ച് സേവിച്ചാൽ വാത രോഗങ്ങൾക്ക് നല്ല ശമനമുണ്ടാകും
7- ഇക്കിൾ – ഉഴുന്ന് പൊടി ഉപയോഗിച്ച് പുകവലിച്ചാൽ ഇക്കിൾ പെട്ടെന്ന് മാറും
ദോഷം :- ഉഴുന്നിന്റെ ഔഷധ ഗുണങ്ങളാണ് മുകളിൽ കൊടുത്തത്. ഉഴുന്നിന്ന് ചില ദോഷവശങ്ങൾ കൂടി ഉണ്ടെന്ന് അറിഞ്ഞിരിക്കണം
ഉഴുന്നു കഴിക്കുന്നത് ചിലർക്ക് വായുക്ഷോഭം ഉണ്ടാക്കും, കഫം വർധിക്കും. ഇതിന്ന് പരിഹാരമുണ്ട് എന്ന കാര്യം ഓർക്കണം. ഉഴുന്ന് പാകം ചെയ്യുമ്പോൾ അതിൽ അല്പം കായം കൂടി ചേർക്കണം.
വിരുദ്ധം- ഉഴുന്നും ഏള്ളും ചേർത്ത് കഴിക്കാൻ പാടില്ല. അറിയാതെ കഴിച്ചു പോയാൽ ചുക്കു വെള്ളത്തിൽ ഇന്തുപ്പ് ചേർത്ത് കഴിക്കണം.
തുടരും..
തയ്യാറാക്കിയത്: അശോകൻ ചേമഞ്ചേരി