Wednesday, October 9, 2024
Homeസിനിമബോൾഡാണ് ഫൂട്ടേജ്, ബ്രില്യന്റും.

ബോൾഡാണ് ഫൂട്ടേജ്, ബ്രില്യന്റും.

മഞ്ജു വാരിയർ മുന്നറിയിപ്പ് നൽകിയതുപോലെ മലയാളി കുടുംബ പ്രേക്ഷകരെ ഒട്ടൊന്നു ഞെട്ടിച്ചുകൊണ്ടാണ് എഡിറ്റർ സൈജു ശ്രീധരന്റെ ഫൂട്ടേജ് എന്ന ചിത്രം തിയറ്ററിലെത്തിയിരിക്കുന്നത്. മഞ്ജു വാരിയർ കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രം ‘ഫൗണ്ട് ഫൂട്ടേജ്’ എന്ന ജോണറിലുള്ളതാണ്. സെക്ഷ്വൽ കണ്ടന്റുകൾ കൂടുതൽ ഉള്ളതിനാൽ എ സർട്ടിഫിക്കറ്റോടെ തിയറ്ററുകളിൽ എത്തിയ ചിത്രം മലയാളി പ്രേക്ഷകർക്ക് കണ്ടു പരിചയമില്ലാത്ത പുത്തൻ കാഴ്ചാനുഭവമാണ് സമ്മാനിക്കുക.

2020ൽ ഒരു കൊലക്കേസിലെ തെളിവായി കണ്ടെത്തിയ രണ്ടു ഫൂട്ടേജുകൾ കാണിച്ചുകൊണ്ടാണ് സിനിമ ആരംഭിക്കുന്നത്. ആദ്യത്തേത് ഒരു യുവാവിന്റെ ക്യാമറയിൽ നിന്ന് കിട്ടിയ ദൃശ്യങ്ങളായിരുന്നു രണ്ടാമത്തേത് ഒരു യുവതിയുടെയും. കോവിഡ് കാലത്ത് പുറത്തിറങ്ങാൻ കഴിയാതെ നഗരത്തിലെ ഫ്‌ളാറ്റിൽ പെട്ടുപോയ ഒരു ലിവിങ് പാർട്ട്നേഴ്സിന്റെ കിടപ്പറ രംഗങ്ങൾ അവർ തന്നെ ചിത്രീകരിച്ച് സൂക്ഷിക്കുന്നു. ഫ്ലാറ്റിൽ താമസിച്ച് ബോറടി തുടങ്ങിയപ്പോൾ അവർ അടുത്ത അപ്പാർട്മെന്റിൽ താമസിക്കുന്ന മറ്റുള്ളവരെ നിരീക്ഷിക്കാൻ തുടങ്ങി. അപ്പോഴാണ് 5ഇ യിൽ താമസിക്കുന്ന ഒരു വനിതാ ഡോക്ടറുടെ ചെയ്തികൾ അത്ര പന്തിയല്ലല്ലോ എന്ന് ഇരുവർക്കും തോന്നിയത്. ഒരൽപം ത്രില്ലിങ് ആയ ജീവിതം ഇഷ്ടപ്പെടുന്ന ഇരുവർക്കും നിഗൂഢതയ്ക്ക് പിന്നാലെ ക്യാമറകണ്ണുകളുമായി എത്തിനോക്കാൻ വലിയ താല്പര്യമായിരുന്നു. വനിതാ ഡോക്ടറുടെ പിന്നാലെ ക്യാമറയുമായി കൂടിയത് പക്ഷെ അവരെ കൊണ്ടെത്തിച്ചത് ഒട്ടും പ്രതീക്ഷിക്കാത്ത ചില അപകടങ്ങളിലേക്കാണ്.

തികച്ചും വ്യത്യസ്തമായ കഥാപാത്രമായാണ് മഞ്ജു വാരിയർ ഫൂട്ടേജിൽ എത്തിയിരിക്കുന്നത്. ഒരൊറ്റ ഡയലോഗു പോലുമില്ലാതെ കൈക്കരുത്തും അസാമാന്യമായ മെയ്‌വഴക്കവുമുള്ള നിഗൂഢയായ സ്ത്രീയായി മഞ്ജു കാണികളെ ഞെട്ടിച്ചുകളഞ്ഞു. മഞ്ജു വാരിയരെപ്പോലെ ഒരു താരം ഈ ചിത്രത്തിൽ അഭിനയിക്കാൻ കൈകൊടുത്തത് ധീരമായ നീക്കമാണ്. ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങിയപ്പോൾ തന്നെ വൈറലായ ഗായത്രി അശോകും വിശാഖ് നായരും സിനിമയിലും മലയാളികളെ വീണ്ടും ഞെട്ടിച്ചു. മലയാളി പ്രേക്ഷകർക്ക് തീയറ്ററിൽ ഒട്ടും കണ്ടുശീലമില്ലാത്ത അഡൽറ്റ് സീനുകളിൽ ഇരുവരും സ്വയം മറന്ന് കഥാപാത്രങ്ങളായി മാറിയിരിക്കുന്നു. യൂട്യൂബർമാരായ ദമ്പതിമാരായി എത്തിയ വിശാഖ് നായരും ഗായത്രി അശോകും ആക്ഷൻ സീക്വൻസുകളുൾപ്പടെ വെല്ലുവിളികൾ നിറഞ്ഞ സീനുകൾ ഏറെ മികച്ച രീതിയിൽ ചെയ്തിട്ടുണ്ട്. വൈശാഖും ഗായത്രിയും അസാമാന്യ പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. ഇവരെ കൂടാതെ രണ്ടു മൂന്ന് ചെറിയ കഥാപാത്രങ്ങൾ മാത്രമേ ചിത്രത്തിലുള്ളൂ.

കുമ്പളിങ്ങി നൈറ്റ്സ്, അഞ്ചാം പാതിര, നടന്ന സംഭവം, അന്വേഷിപ്പിൻ കണ്ടെത്തും, ആൻഡ്രോയിഡ് കുഞ്ഞപ്പൻ തുടങ്ങി നിരവധി ചിത്രങ്ങളുടെ എഡിറ്ററായ സൈജു ശ്രീധരന്റെ ആദ്യ സിനിമയാണ് ഫൂട്ടേജ്. ഫൂട്ടേജ് എന്ന സിനിമയുടെ പേരുപോലെ തന്നെ യൂട്യൂബർമാരായ ദമ്പതിമാരുടെ രണ്ട് വ്യത്യസ്ത ക്യാമറകളിൽ റെക്കോർഡ് ചെയ്ത സംഭവങ്ങളാണ് ചിത്രത്തിൽ കാണിക്കുന്നത്. മലയാളത്തിലെ ആദ്യത്തെ ഫൗണ്ട് ഫൂട്ടേജ് ചിത്രമാണിത്. ചിത്രത്തിന്റെ ആദ്യത്തെ ദൃശ്യം തന്നെ വളരെയധികം മെച്വർ ആയ സെക്സ് സീനാണ്. വളരെ മനോഹരമായ ലൈറ്റിങ്ങും എഡിറ്റിംഗും കൊണ്ട് കഥാപാത്രങ്ങളുടെ മാനസികവും ശാരീരികവുമായ അടുപ്പം ഒട്ടും മുഷിപ്പ് തോന്നാത്തവിധം ചിത്രീകരിച്ചിട്ടുണ്ട്.

ടെക്‌നിക്കലി വളരെയധികം ബ്രില്യന്റ് ആയ ചിത്രമാണ് ഫൂട്ടേജ്. അഭിനേതാക്കളുടെ ശരീരത്തിൽ ക്യാമറകൾ ഘടിപ്പിച്ച് ചിത്രീകരിച്ച നിരവധി രംഗങ്ങൾ ചിത്രത്തിലുണ്ട്. അതുപോലെ തന്നെ ആക്ഷൻ രംഗങ്ങൾക്കിടയിലെ ഷേക്ക് ആവുന്ന ദൃശ്യങ്ങൾ തങ്ങളും ആ ആക്ഷന്റെ ഭാഗമാണെന്ന് പ്രേക്ഷകർക്ക് തോന്നിപ്പിക്കും. ഹിഡൻ ക്യാമറയിലോ മൊബൈലിലോ ഓട്ടത്തിനെ പകർത്തിയ എഡിറ്റ് ചെയ്തിട്ടില്ലാത്ത ദൃശ്യങ്ങളാണെന്ന് ചിത്രത്തിൽ കാണിക്കുന്നതെന്നാണ് പ്രേക്ഷകർക്ക് തോന്നുക. ഉൾക്കാട്ടിൽ ചിത്രീകരിച്ച രാത്രി രംഗങ്ങളും ഫൈറ്റ് സീനുകളും പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ തളച്ചിടുന്നുണ്ട്. ഒരു ഹോളിവുഡ് മിസ്റ്ററി ത്രില്ലർ ചിത്രം കാണുന്ന അനുഭവമാണ് ഫൂട്ടേജ് കാണികൾക്ക് സമ്മാനിക്കുക. ഷിനോസ് ആണ് ചിത്രത്തിൽ കയ്യടി അർഹിക്കുന്ന ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. സൈജു ശ്രീധരൻ തന്നെയാണ് എഡിറ്റർ. ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ എടുത്തുപറയേണ്ടതാണ്. ഹോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്ന സൗണ്ട് എഫക്റ്റ് ആണ് ഈ ഫൗണ്ട് ഫൂട്ടേജിനെ കൂടുതൽ ലൈവാക്കി പ്രേക്ഷകരിൽ എത്തിക്കുന്നത്.

മറ്റുള്ളവരുടെ ജീവിതത്തിലേക്ക് എത്തിനോക്കാനുള്ള ഒരു പ്രവണത മലയാളികൾക്കുണ്ട് എന്നത് പരസ്യമായ രഹസ്യമാണ്. അത്തരത്തിൽ പുതിയ കാലത്തിലെ രണ്ടു യൂട്യൂബർമാർ വൈറൽ കണ്ടന്റിനു വേണ്ടി താമസിക്കുന്ന ഫ്ളാറ്റിലെ ജനാലകളിലൂടെ ക്യാമറ തിരിക്കുകയും ഒരു സ്ത്രീയുടെ ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കുകയും ചെയ്യുന്നതാണ് ചിത്രത്തിന്റെ പ്രമേയം. മഞ്ജു വാരിയരുടേത് ഉൾപ്പടെ മൂന്നു പ്രധാന കഥാപാത്രങ്ങളുടെ മിഴിവുറ്റ പ്രകടനങ്ങളുമായി ഒരു പരീക്ഷണ ചിത്രമെന്ന നിലയിൽ മികച്ച ചിത്രമാണ് ഫൂട്ടേജ്. അണിയറക്കാർ ഓർമിപ്പിച്ചതുപോലെ മുതിർന്ന പ്രേക്ഷകർക്ക് ഒരു പുത്തൻ തിയറ്റർ അനുഭവം സമ്മാനിക്കുന്ന ചിത്രം തിയറ്ററിൽ കണ്ടിരിക്കേണ്ട ഒന്നാണ്.

അഞ്ചാം പാതിര, കുമ്പളങ്ങി നൈറ്റ്സ്, മഹേഷിന്‍റെ പ്രതികാരം തുടങ്ങി മലയാളത്തിൽ നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്റിംഗ് നിർവ്വഹിച്ച സൈജു ശ്രീധരൻറെ ആദ്യ ചിത്രം അതിന്റെ വേറിട്ട സമീപനം കൊണ്ടു തന്നെ മലയാള സിനിമാചരിത്രത്തിൽ ഇടം പിടിക്കുമെന്ന് തീർച്ച. പുതിയൊരു ജോണറിനെ പ്രേക്ഷകർക്കു പരിചയപ്പെടുത്തിയതിന്റെ പേരിൽ. സെക്ഷ്വൽ കണ്ടന്റുകൾ ഉള്ളതിനാൽ തന്നെ ചിത്രത്തിന് എ സർട്ടിഫിക്കറ്റോടെയാണ് ചിത്രം തിയേറ്ററുകളിൽ എത്തിയിരിക്കുന്നത്.

എല്ലാതരം പ്രേക്ഷകർക്കും വർക്കാവുന്ന ചിത്രമാവില്ല ഫൂട്ടേജ്. എന്നാൽ, സിനിമയെ കുറേകൂടി സൂക്ഷ്മതയോടെ സമീപിക്കുകയും, പുതിയ പരീക്ഷണങ്ങളെ ഇഷ്ടപ്പെടുകയും ചെയ്യുന്ന പ്രേക്ഷകരെ സംബന്ധിച്ച് ഫൂട്ടേജ് ഒരു ധീരമായ പരീക്ഷണമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments