മനസ്സിനെ ഇത്രയേറെ സ്പർശിച്ച സിനിമകൾ വളരെ വിരളമാണ്. കഥയിലും സംവിധാനത്തിലും അഭിനയത്തിലും ഒരു വിസ്മയം ആണ് ഈ സിനിമ. കഥാപാത്രങ്ങളുടെ നിസ്സഹായാവസ്ഥ മാത്രം എടുത്തു കാണിച്ചു ആളുകളെ കരയിക്കുന്ന ഒരു സിനിമ അല്ല പേരൻപ്. മറിച്ചു ശക്തമായ കഥയിലൂടെ, അതിലേറെ ശക്തമായ സംഭാഷണ ശകലങ്ങളിലൂടെ നമ്മളിലെ നന്മയെ, മനുഷ്യത്വത്തെ, സ്നേഹത്തെ ഒക്കെ പുറത്തു കൊണ്ടുവരികയാണ് ഇവിടെ റാം എന്ന സംവിധായകനും എഴുത്തുകാരനും. പലയിടത്തും ഈ സിനിമ നമ്മോടു പറയും നമ്മൾ ഒരുപാട് അനുഗ്രഹീതരാണെന്ന്.

ബുദ്ധിവൈകല്യമുള്ള മക്കളുള്ള അച്ഛനമ്മമാരുടെ ജീവിതം എത്രമേൽ ഇരുളടഞ്ഞതും ദുർഘടവുമാണെന്ന് തുറന്നു കാട്ടുകയാണ് അമുദവന്റെയും പാപ്പയുടെയും കഥയിലൂടെ സംവിധായകൻ ചെയ്യുന്നത്. ബുദ്ധിവൈകല്യമുള്ള മകളുടെ കൗമാരപ്രായം വരെ മകളെ വളർത്തുന്നതിലുള്ള ഒരു ബുദ്ധിമുട്ടും നേരിട്ട് അനുഭവിച്ചറിയാത്ത പ്രവാസിയായ അച്ഛൻ. സ്വന്തം ദുരിതജീവിതം അവസാനിപ്പിക്കാൻ ഭാര്യ പുതിയ വഴി കണ്ടെത്തുന്നതോടെ ജീവിതത്തിന്റെ കനൽവഴികളിൽ മകളോടൊപ്പം തനിച്ചാവുകയാണ് അയാൾ. പലപ്പോഴും പതറിപ്പോകുന്നുണ്ട് ആ അച്ഛൻ. പക്ഷെ മകളോടുള്ള പരിധികളില്ലാത്ത സ്നേഹം അയാൾക്ക് നൽകുന്നത് പുതിയ ശക്തിയാണ്, സമൂഹം നിർവചിച്ചു വച്ചിട്ടുള്ള ചട്ടക്കൂടുകൾക്ക് പുറത്ത് കടക്കാനുള്ള ധൈര്യമാണ്.

ഒരു അച്ഛന്റെ വേഷപ്പകർച്ചകളിലൂടെ മമ്മൂട്ടി എന്ന നടൻ നമ്മെ കൈപിടിച്ച് കൊണ്ടുപോകുന്നത് സത്യവും, മിഥ്യയും ഏതെന്നു ഒരു നിമിഷം എങ്കിലും സംശയിച്ചേക്കാവുന്ന അഭിനയ മുഹൂർത്തങ്ങളിലേക്കാണ് ! പല സന്ദർഭങ്ങളിലും ഒരു നിസ്സഹായനായ അച്ഛൻ ആയി അദ്ദേഹം അഭിനയിക്കുകയല്ല, ജീവിക്കുകയാണെന്നു തോന്നിപ്പിക്കും! സ്നേഹവും വാത്സല്യവും ദുഖവും നിസ്സഹായതയും പലപ്പോഴും ഇതെല്ലാം ഒത്തുചേർന്നും ഉള്ള ഭാവങ്ങൾ ആ മുഖത്ത് മിന്നി മറയുമ്പോൾ ആ മഹാനടന്റെ അഭിനയ പ്രഭാവത്തിനു മുന്നിൽ നമ്മൾ അറിയാതെ നമിച്ചു പോകും.

നമ്മൾ അനുഭവിച്ചിട്ടില്ലാത്ത ജീവിതങ്ങൾ എല്ലാം നമുക്ക് കെട്ടുകഥകൾ മാത്രമാണെന്ന ബെന്യാമിന്റെ വരികൾ പലതവണ ഓർത്തു ഈ സിനിമ കണ്ടപ്പോൾ. അമുദവനും പാപ്പയും നേരിടുന്ന ജീവിത യാഥാർഥ്യങ്ങൾ അത്ര മേൽ കടുത്തതാണ്, ഭയപ്പെടുത്തുന്നതാണ്! പലരും പറയാൻ മടിക്കുന്ന യാഥാർഥ്യങ്ങളെ റാം ധൈര്യത്തോടെ, തന്മയത്വത്തോടെ സ്‌ക്രീനിൽ വരച്ചു കാണിക്കുന്നു. ഇവിടെ കഥാപാത്രങ്ങൾക്ക് കറുപ്പും വെളുപ്പും ഇല്ല, കറുപ്പും വെളുപ്പും കലർന്ന നരച്ച നിറം മാത്രം…മനുഷ്യ മനസ്സുകളുടെ യഥാർത്ഥ നിറം !

പക്ഷെ സിനിമ കണ്ടിറങ്ങുമ്പോൾ മനസ്സ് നിറഞ്ഞു നിന്നത് അമുദവനും പാപ്പയും മാത്രമല്ല. “എന്റെ പ്രശ്നം എന്താണെന്നു അറിയുമ്പോൾ നിങ്ങൾക്ക് മനസ്സിലാവും നിങ്ങളുടെ പ്രശ്നങ്ങൾ പ്രശ്നങ്ങളെയല്ലെന്ന്!” എന്ന് അമുദവനിലൂടെ റാം എന്ന എഴുത്തുകാരൻ നമുക്ക് പറഞ്ഞു തരുന്ന, നമ്മൾ പലപ്പോഴും സൗകര്യപൂർവം മറക്കുന്ന ചില ജീവിത പാഠങ്ങൾ കൂടിയാണ് !
ദിവ്യ മേനോൻ

സിനിമ കണ്ടില്ല. എങ്കിലും ആസ്വാദനത്തിലൂടെ സിനിമയുടെ ഉള്ളാഴങ്ങൾകൂടി അളന്നെടുക്കാനായി..!!
-രസം….രസകരം…ഈ റിവ്യൂ…!!
Thank you 🙏🙏
സിനിമ കണ്ട ഫീൽ കിട്ടി. Superb. എഴുത്തുകാരിയ്ക്കു എന്റെ അഭിനന്ദനങ്ങൾ.
Thank you 🙏🙏
മനോഹരമായ ആസ്വാദനം ആശംസകൾ ദിവ്യാ 😀🙏💕💕💕💕💕🌹🌹🌹
Thank you 🙏🙏
സിനിമ കാണാനുള്ള പ്രചോദനം തരുന്ന ആസ്വാദനം. മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചു , ആശംസകൾ ദിവ്യ
Thank you 🙏🙏
വളരെ നല്ല ആസ്വാദന കുറിപ്പ്. ആശംസകൾ
Thank you 🙏🙏
സിനിമ കണ്ടിട്ടില്ല.. ആസ്വാദനം ഇഷ്ട്ടായി
Thank you 🙏🙏
Thank you 🙏🙏