വാർത്ത: സന്തോഷ് ശ്രീധർ, സൗദി
ദമ്മാം : സൗദിയിൽ ഇപ്പോൾ സിനിമയുടെ പൂക്കാലം ആണ്. കൊറോണയുടെ ആലസ്യത്തിൽ നിന്നും പയ്യെ പയ്യെ ഉണർന്നെഴുന്നേൽക്കുകയാണ് സൗദി സിനിമാരംഗം.
മറ്റൊരു നാളും ഇല്ലാത്ത ആവേശത്തോടെ ആണ് സൗദിയിലെ സ്വദേശികളും വിദേശികളും സിനിമാ ശാലകളിലേക്ക് എത്തുന്നത്. ജനുവരി ഇരുപതിന് പ്രദർശനം തുടങ്ങിയ വിജയ് ചിത്രം മാസ്റ്റർ വൻ വിജയത്തോടെ ആണ് മുന്നേറുന്നത്. എന്നാൽ പടം കണ്ടിറങ്ങിയവർ രണ്ട് അഭിപ്രായക്കാരാണ്.

വിജയ് ഉടെ മറ്റ് ചിത്രങ്ങളെ പോലെ അത്ര മെച്ചമല്ല എന്ന് എതിരഭിപ്രായം പറയുമ്പോഴും വർഷങ്ങൾക്ക് ശേഷം സൗദിയിൽ ഒരു ഇന്ത്യൻ സിനിമ കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഇന്ത്യൻ പ്രവാസി സമൂഹം.
സൗദിയിൽ വിവിധ പ്രദേശങ്ങളിൽ ആയി പത്തൊമ്പത് തീയേറ്ററുകളിൽ ആണ് വിജയ് പടം പ്രദർശനത്തിന് ഉള്ളത്.
പെറ്റെഴുന്നേറ്റ് വേതിട്ട് കുളിച്ച പെണ്ണിനെ പോലെയാണ് സൗദിസിനിമ.വർഷങ്ങളായി കൊട്ടി അടക്കപ്പെട്ട സിനിമ ശാലകൾ ഓരോന്നായി തുറക്കപെടുകയാണ് അതും പുതുമകളോടെ. സിനിമയുടെ തിരിച്ച് വരവോടെ സൗദി ജനതയും വലിയ ഉത്സാഹത്തിലാണ്. അവർ ആവേശത്തോടെയാണ് സിനിമയെ കാണുന്നത്. ആ ആസ്വാദനത്തെ ഉത്തുംഗത്തിൽ എത്തിക്കാനുള്ള കോപ്പുകൂട്ടലാണ് ഇപ്പോൾ.

സൗദി സിനിമയെ ലോകോത്തര നിലവാരത്തിൽ എത്തിക്കാനുള്ള ശ്രമത്തിൽ ആണ് ബന്ധപ്പെട്ട വകുപ്പ്.
മൾട്ടിപ്ലെക്സ് സിനിമാ ശാലകളുടെ വരവോടെ സൗദിയിലെ സിനിമാരംഗം ലോകോത്തര നിലവാരത്തിലേക്ക് മാറുകയാണ്.
2019ആദ്യം വോക്‌സ് സിനിമയുടെ രണ്ടാമത്തെ മൾട്ടിപ്ലെക്സ് തീയേറ്റർ റിയാദിൽ ആരംഭിച്ചതോടെ സിനിമ ആസ്വാദനത്തിന്റെ മുഖച്ഛായ തന്നെ മാറിയിരിക്കുകയാണ് സൗദിയിൽ . രാജ്യത്തെ ഏറ്റവും വലിയ തീയേറ്റർ ആണ് ഇത്.

എല്ലാ വിധ ആഡംബര സംവിധാനങ്ങളോടും കൂടിയതാണ് ഇത്. വീട്ടിലെ ഡൈനിങ്ങിൽ എന്ന പോലെ സിനിമ കാണാനുള്ള അവസരമാണ് സൗദികൾക്ക് കൈവന്നത്.. യു. എ. ഇ. ആസ്ഥാനമായ വോക്‌സ് സിനിമയുടെ ഉടമസ്ഥരായ മാജിദ് അൽ ഫു തായ്എം ആണ് സൗദിയിൽ പുതിയ തീയേറ്ററുകളുടെ നിർമ്മാണം നടത്തിയത്.
തീയേറ്ററിൽ ലെതർ നിർമ്മിതമായ കസേരകൾഅതിന് യോജ്യമായ തലയിണ, ബ്ളാങ്കറ്റ് എന്നിവ സജ്ജീകരിച്ചിരിക്കുന്നത്. പരിശീലനം നേടിയ വെയ്റ്റർ മാരുടെ സേവനവും ഇവിടെ ലഭ്യമാണ്. . നിരവധി സ്റ്റോറുകളുടെ ശൃംഖല തന്നെ ഈ തീയേറ്ററുകളോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. സൗദി സാംസ്ക്കാരിക ഇൻഫർമേഷൻ വിഭാഗവും ഓഡിയോ വിഷ്വൽ വിഭാഗവും ആണ് തീയറ്ററുകളുടെ ഗുണനിലവാരം ഉറപ്പ് വരുത്തിയത്.
2023 -ഓടെ സൗദിയിൽ അറുനൂറ് വോക്‌സ് മൾട്ടിപ്ലെക്സ് തീയേറ്ററുകൾ നിർമ്മിക്കാനാണ് ഉദ്ദേശിക്കുന്നത്. പതിനാറ് ബില്യൺ റിയാൽ ആണ് ഇതിനായി ചെലവിടുന്നത്. വോക്സ് സിനിമയെ കൂടാതെ മുമ്പ് സൗദിയിൽ ഉണ്ടായിരുന്ന തീയേറ്ററുകൾ എല്ലാം പുതുക്കി ആഗോള നിലവാരത്തിൽ പ്രവർത്തന സജ്ജമാക്കി വരുകയാണ്.
2017ൽ ഗ്ലോബൽ അച്ചീവ്‌മെന്റ് എക്സിബിഷൻ അവാർഡ് നേടിയ വോക്‌സ് സിനിമയുടെ സാന്നിധ്യം എട്ട് രാജ്യങ്ങളിൽ സജീവമാണ്.
