“പ്രേംനസീർ”
മലയാളത്തിന്റെ നിത്യഹരിത നായകൻ ശ്രീ പ്രേംനസീറിൽ നിന്ന് തന്നെ ഈ പംക്തിക്ക് തുടക്കം കുറിക്കയാണ്. മലയാള സിനിമയെ ഇത്രയേറെ ജനകീയമാക്കിയ, പിന്തുടർച്ചക്കാർക്ക് ഒരു മാതൃകയായി മാറിയ മറ്റൊരു നായകൻ മലയാള സിനിമയിലുണ്ടെന്നു തോന്നുന്നില്ല. പണ്ഡിതനും പാമരനും ദരിദ്രനും സമ്പന്നനും ഒരുപോലെ ആസ്വദിക്കാൻ കഴിയും വിധം മലയാള സിനിമയുടെ മുഖച്ഛായ മാറ്റിയതിന് ഈ അനശ്വര നായകനോട് നമ്മൾ കടപ്പെട്ടിരിക്കുന്നു.
അക്കോട് ഷാഹുൽ ഹമീദിന്റെയും അസ്മ ബീവിയുടെയും മകനായി 1926 ഏപ്രിൽ 7 ന് ജനിച്ച അബ്ദുൽ ഖാദർ എന്ന പ്രേംനസീറിന്റെ സിനിമ പ്രവേശനം നാടകങ്ങളിലൂടെ തന്നെയായിരുന്നു. അദ്ദേഹം ആദ്യമായി അഭിനയിച്ച ചലച്ചിത്രം ‘ത്യാഗസീമ’ ചിത്രീകരിച്ചത് 1951 ലായിരുന്നു. ഇതേ സിനിമയിലൂടെ തന്നെയാണ് മലയാളത്തിലെ മറ്റൊരു അതുല്യ പ്രതിഭയായ ശ്രീ സത്യന്റെയും അരങ്ങേറ്റം. ദൗർഭാഗ്യകരം എന്ന് പറയട്ടെ ഈ സിനിമ റിലീസായില്ല. 1952 ൽ പുറത്തിറങ്ങിയ ‘മരുമകൾ’ എന്ന ചിത്രമാണ് നസീറിന്റെ റിലീസ് ചെയ്ത ആദ്യ ചിത്രം.
‘വിശപ്പിന്റെ വിളി’ എന്ന തന്റെ രണ്ടാമത്തെ ചിത്രത്തിലൂടെയാണ് നസീർ എന്ന പേര് അദ്ദേഹം സ്വീകരിക്കുന്നത്. അതിന് ശേഷം ‘പൊന്നാപുരം കോട്ട’ എന്ന ചിത്രത്തിന്റെ ചിത്രീകരണ വേളയിൽ കുഞ്ചാക്കോയുടെ നിർദ്ദേശ പ്രകാരം പ്രേം എന്ന പേര് കൂടി ചേർത്ത് പ്രേംനസീർ എന്ന പേര് സ്വീകരിച്ചു.
1950 – 80 കാലഘട്ടം പ്രേംനസീർ എന്ന പ്രേമനായകന്റെ സുവർണ്ണകാലമായിരുന്നു എന്ന് പറയാം. തന്റെതായ ശൈലി അഭിനയത്തിൽ കൊണ്ടുവന്ന അദ്ദേഹം ആസ്വാദകരുടെ മനസ്സിൽ സ്ഥിര പ്രതിഷ്ഠ നേടുകയായിരുന്നു. ഷീല, ജയഭാരതി, ശാരദ എന്നീ മുൻനിര നടിമാരുടെ പ്രേമനായകനായി അദ്ദേഹം തിരശീലക്ക് മുന്നിൽ നിറഞ്ഞാടി. വയലാർ – ദേവരാജൻ മാസ്റ്റർ- യേശുദാസ് കൂട്ടുകെട്ടിൽ പിറന്ന ഒരുപാട് സുവർണ്ണ ഗാനങ്ങൾക്ക് പ്രേംനസീറിന്റെ മുഖമാണ് ഇന്നും മലയാളിയുടെ മനസ്സിലുള്ളത്.
ഒരു പ്രേമനായകനായി പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുമ്പോൾ തന്നെ അദ്ദേഹം പല പുരാണ വേഷങ്ങളും ചരിത്ര വേഷങ്ങളും ചെയ്തുകൊണ്ട് ഈശ്വരന്മാരുടെയും ചരിത്രനായകന്മാരുടെയും പ്രതിരൂപമായി മാറി. മഹാവിഷ്ണുവായും ശ്രീരാമനായും കുചേലനായും ദുഷ്യന്തനായും അദ്ദേഹം സ്‌ക്രീനിൽ നിറഞ്ഞു നിന്നു. അതുപോലെ തന്നെ ഇത്തിക്കരപ്പക്കിയായും പാലാട്ട് കോമനായും കണ്ണപ്പനുണ്ണിയായും ചരിത്ര കഥകളിലൂടെ അദ്ദേഹം പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോയി. CID സുധാകരൻ, CID നസീർ തുടങ്ങിയ സിനിമകളിലൂടെ കുറ്റാന്വേഷണ വേഷങ്ങളിലും അദ്ദേഹം തിളങ്ങി.
മരം ചുറ്റി നടക്കുന്ന പ്രേമനായകന്റെ വേഷങ്ങൾ മാത്രം അദ്ദേഹത്തെ തേടിയെത്തിയപ്പോൾ അഭിനയ സാധ്യതയുള്ള മികച്ച വേഷങ്ങൾ കൂടി ചെയ്യണമെന്ന് അദ്ദേഹം തീരുമാനിച്ചു. ആ തീരുമാനം നൂറു ശതമാനം ശരിവയ്ക്കും വിധമായിരുന്നു ‘ഇരുട്ടിന്റെ ആത്മാവ്’ എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ പ്രകടനം. ശ്രീ എം ടി വാസുദേവൻ നായരുടെ തൂലികവിസ്മയത്തിൽ വിരിഞ്ഞ ഭ്രാന്തൻ വേലായുധൻ എന്ന കഥാപാത്രത്തെ പ്രേക്ഷക മനസ്സുകൾ നെഞ്ചിലേറ്റിയതിനു പ്രേംനസീർ എന്ന അഭിനേതാവിന്റെ അഭിനയ മികവിന് വലിയ പങ്കുണ്ട്. അദ്ദേഹം ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച വേഷം ഭ്രാന്തൻ വേലായുധൻ തന്നെയെന്ന് നിസംശയം പറയാം.
മുറപ്പെണ്ണ്, അരക്കള്ളൻ മുക്കാൽ കള്ളൻ, പരീക്ഷ, നദി എന്നിവയെല്ലാം പ്രേംനസീറിന്റെ മികച്ച സിനിമകളിൽ ചിലതാണ്. അനുഭവങ്ങൾ പാളിച്ചകൾ, വിട പറയും മുൻപേ, പടയോട്ടം, കടൽപ്പാലം, പണി തീരാത്ത വീട്, അസുര വിത്ത് എന്നീ സിനിമകളിൽ അദ്ദേഹം ചെയ്ത കഥാപാത്രങ്ങളും അഭിനയ മികവ് കൊണ്ട് ശ്രദ്ധേയമാണ്. കള്ളിചെല്ലമ്മ, അഴകുള്ള സെലീന, ഭാര്യമാർ സൂക്ഷിക്കുക എന്നീ സിനിമകളിലെ നെഗറ്റീവ് വേഷങ്ങളും അദ്ദേഹം ഉജ്ജ്വലമാക്കി. അതുപോലെ കുഞ്ഞാലി മരയ്ക്കാർ, ഓടയിൽ നിന്ന്, അര നാഴിക നേരം എന്നീ സിനിമകളിൽ സഹനടനായും അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. തുലാഭാരം, കള്ളിചെല്ലമ്മ, ഒരു സുന്ദരിയുടെ കഥ എന്നീ സ്ത്രീ പ്രാധാന്യമുള്ള സിനിമകളിലും അഭിനയിക്കാൻ അദ്ദേഹം മടിച്ചില്ല എന്നത് എടുത്തുപറയേണ്ട ഒരു കാര്യമാണ്.
അദ്ദേഹം അവസാനമായി പൂർത്തിയാക്കിയ ‘ധ്വനി’ എന്ന സിനിമയിലെ അച്ഛൻ വേഷവും പ്രേക്ഷക മനസ്സുകളിൽ എന്നും തങ്ങി നിൽക്കുന്നതാണ്. കടത്തനാടൻ അമ്പാടി എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചതെങ്കിലും അതിന്റെ ചിത്രീകരണം പൂർത്തിയാക്കും മുൻപേ അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു.
1952 മുതൽ 1988 വരെ മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്ന അദ്ദേഹം 725 സിനിമകളിൽ നായക വേഷമിട്ടിട്ടുണ്ട്. ഇത് ഇന്നും ആർക്കും ഭേധിക്കാൻ കഴിഞ്ഞിട്ടില്ലാത്ത ഗിന്നസ് റെക്കോർഡാണ്.മറ്റു മൂന്ന് റെക്കോർഡുകൾ കൂടി അദ്ദേഹത്തിന്റെ പേരിലുണ്ട്. ഒരേ നായികയോടൊപ്പം ഏറ്റവുമധികം സിനിമകളിൽ അഭിനയിക്കുക (ഷീലക്കൊപ്പം 107 സിനിമകൾ ), ഒരൊറ്റ വർഷം ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിക്കുക (1979 ൽ 39 സിനിമകൾ ), ഏറ്റവും കൂടുതൽ നായികമാർക്കൊപ്പം അഭിനയിക്കുക (80 നായികമാർ ) എന്നിവയാണ് ആ റെക്കോർഡുകൾ.
ഇങ്ങനെയൊക്കെയെങ്കിലും മികച്ച നടനുള്ള സംസ്ഥാന അവാർഡും ദേശീയ അവാർഡും അദ്ദേഹത്തിന് കിട്ടാക്കനിയായിരുന്നു. ഒരുതവണ പോലും അദ്ദേഹം ഈ അവാർഡുകൾക്ക് അർഹനായില്ലെന്നുള്ളത് ഖേദകരമായ വസ്തുതയാണ്. 1981 ൽ ‘വിട പറയും മുൻപേ’ യിലെ അഭിനയത്തിന് പ്രത്യേക ജൂറി പരാമർശം ലഭിച്ചത് മാത്രമാണ് സംസ്ഥാന അവാർഡുകളിൽ എടുത്തു പറയത്തക്കത്. 1966 ൽ പുറത്തിറങ്ങിയ ഇരുട്ടിന്റെ ആത്മാവിലെ അഭിനയത്തിന് ദേശീയ അവാർഡ് തലനാരിഴയ്ക്ക് കൈവിട്ടു പോയെന്നുള്ളതും സങ്കടകരമായ വസ്തുതയാണ്. അർഹിക്കുന്ന അംഗീകാരങ്ങൾ പലതും അദ്ദേഹത്തെ തേടിയെത്തിയില്ലെങ്കിലും 1983 ൽ രാജ്യം അദ്ദേഹത്തെ പദ്മഭൂഷൻ നൽകി ആദരിച്ചു.
സത്യൻ, ജയൻ, മധു എന്നിങ്ങനെ സ്വന്തം തലമുറയിലെ നായകരോടൊപ്പവും മമ്മൂട്ടി, മോഹൻലാൽ, ശങ്കർ, ജയറാം തുടങ്ങി അടുത്ത തലമുറയിലെ നായകന്മാർക്കൊപ്പവും അരങ്ങ് വാണ പ്രതിഭയാണ് ശ്രീ പ്രേംനസീർ. തന്മയത്വത്തോടെ അദ്ദേഹം അഭിനയിച്ചു പ്രതിഫലിപ്പിച്ചിട്ടുള്ള മനോഹര ഗാനങ്ങളും അദ്ദേഹത്തിന്റെതായ അഭിനയ ശൈലികളും ഇന്നും അരങ്ങ് വാഴുന്നുണ്ട്. ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം, ആയിരം പാദസരങ്ങൾ കിലുങ്ങി, കായാമ്പൂ കണ്ണിൽ വിടരും, താമസമെന്തേ വരുവാൻ, പ്രാണസഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ, കസ്തൂരി മണക്കുന്നല്ലോ, ഉത്തരാസ്വയംവരം കഥകളി, ഇളവന്നൂർ മഠത്തിലെ ഇണക്കുയിലെ എന്നിങ്ങനെ ഒട്ടനവധി പാട്ടുകളിലൂടെ ഇന്നും ജീവൻ തുടിക്കുന്ന പ്രേംനസീർ പുതു തലമുറയ്ക്ക് കൂടി ജനകീയനാണ്. ഇനി വരും തലമുറകൾക്കും അദ്ദേഹം സുപരിചിതനാവുമെന്നതിൽ സംശയമില്ല.
മലയാള ചലച്ചിത്ര ഇതിഹാസം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ശ്രീ പ്രേംനസീർ 1989 ജനുവരി 16 നു ഈ ലോകത്തോട് വിട പറഞ്ഞു. ‘നിത്യഹരിത നായകൻ ‘ എന്ന വിശേഷണത്തെ അന്വർത്ഥമാക്കുന്ന ഈ അതുല്യ പ്രതിഭയോട് മലയാളവും മലയാളിയും മലയാള ചലച്ചിത്ര ശാഖയും ഒരുപാട് കടപ്പെട്ടിരിക്കുന്നു. അനശ്വര നായകന് പ്രണാമം!
ദിവ്യ എസ് മേനോൻ

മനോഹരം. മലയാള സിനിമയെ പറയണമെങ്കിൽ അദ്ദേഹത്തിൽ നിന്ന് തന്നെ തുടങ്ങണം.
പിന്നെ അദ്ദേഹം ഏറെ മാനസിക സംഘർഷം പ്രകടമാക്കി മനോഹരമാക്കിയ കുട്ടിക്കുപ്പായം, ഇരുട്ടിന്റെ ആത്മാവ് പോലെത്തന്നെ മികച്ചതാണ്.
പ്രേം നസീർ ഒരു കമ്യൂണിസ്സറല്ലാതിരുന്നതാണ്, അവാർഡുകൾ നേടാതിരിക്കുവാൻ കാരണമെന്ന് നിശ്ചയമായും കരുതേണ്ടിയിരിക്കുന്നു. കലാകാരനാവണമെങ്കിൽ കമ്യൂണിസ്റ്റാവണമെന്ന അലിഖിതനിയമം കുറേക്കാലമായി കേരളത്തിൽ നിലനിൽക്കുന്നു. ദേശീയഅവാർഡിനാണെങ്കിൽപ്പോലും കേരളത്തിൽ നിന്നും നോമിനേറ്റ് ചെയ്യണമല്ലോ…!
ലേഖനം ഹൃദ്യം. അനശ്വരതാരം തന്നെ പ്രേം നസീർ…!!
തകർത്തു ഈ നിരൂപണം. ആശംസകൾ