ഒരുകാലത്ത് മലയാളസിനിമയുടെ പൂമുഖത്ത് കൊളുത്തി വച്ച നിലവിളക്ക് പോലെ മലയാള ചലച്ചിത്ര രംഗത്ത് നിറഞ്ഞുനിന്ന നടിയാണ് ജയഭാരതി. അഴകു കൊണ്ടും അഭിനയ മികവ് കൊണ്ടും ഒരുപോലെ മലയാള മനസ്സുകളെ കീഴടക്കിയ നടി.
1954 ജൂൺ 28ന് തമിഴ്നാട്ടിലെ ഈറോഡിലാണ് ലക്ഷ്മിഭാരതി എന്ന ജയഭാരതിയുടെ ജനനം. 1967 ലാണ് ജയഭാരതി തന്റെ അഭിനയജീവിതത്തിന് തുടക്കം കുറിക്കുന്നത്. ‘പെണ്മക്കൾ’ എന്ന സിനിമയാണ് ജയഭാരതിയുടെ ആദ്യ ചിത്രം. പക്ഷെ ആദ്യമായി ശ്രദ്ധിക്കപ്പെട്ട സിനിമ 1969 ൽ പുറത്തിറങ്ങിയ ‘കാട്ടുകുരങ്ങ്’ ആയിരുന്നു. അതിന് ശേഷം മലയാള സിനിമയിലെ മികച്ച പല നായികാവേഷങ്ങളും ജയഭാരതിയെ തേടിയെത്തി.
മലയാളത്തിലെ അക്കാലത്തെ മുൻനിര നായകന്മാർക്കെല്ലാമൊപ്പം ജയഭാരതി അഭിനയിച്ചു. സത്യൻ, പ്രേംനസീർ, ജയൻ, എം ജി സോമൻ, കമലഹാസൻ , വിൻസെന്റ് തുടങ്ങിയ നായകന്മാരുടെയെല്ലാം നായികാവേഷം ചെയ്യാനുള്ള ഭാഗ്യം ജയഭാരതിക്കുണ്ടായി. ജയഭാരതി ഏറ്റവുമധികം സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചത് ജയന്റെ കൂടെയായിരുന്നു. അറുപതോളം സിനിമകളിൽ ഒരുമിച്ച് അഭിനയിച്ച ജയൻ – ജയഭാരതി ജോഡികൾ ജനപ്രീതിയുടെ പര്യായമായി മാറി.
പകൽക്കിനാവ്, സുജാത, വാടയ്കക്കൊരു ഹൃദയം, സിന്ദൂരച്ചെപ്പ്, മരം, ഒരു സുന്ദരിയുടെ കഥ, ഭൂമിദേവി പുഷ്പിണിയായി, ഗുരുവായൂർ കേശവൻ എന്നിവയെല്ലാം ജയഭാരതിയുടെ മികച്ച ചിത്രങ്ങളായിരുന്നു. ഐ വി ശശി സംവിധാനം ചെയ്ത ഹേമന്തരാത്രി ജയഭാരതിയുടെ അഭിനയജീവിതത്തിലും മലയാള സിനിമ ചരിത്രത്തിലും ഒരു നാഴികക്കല്ലായി മാറി. ജയഭാരതിയുടെ അഭിനയജീവിതത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ സിനിമ ‘രതിനിർവേദം’ ആയിരുന്നു. ഭരതൻ-പത്മരാജൻ കൂട്ടുകെട്ടിൽ പിറന്ന ഈ സിനിമ മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമായി മാറി. നായികാവേഷങ്ങൾ മാത്രമല്ല, മൂന്നാം പക്കം, ധ്വനി എന്നീ സിനിമകളിലെ അമ്മ വേഷവും ജയഭാരതി അനശ്വരമാക്കി.
മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് രണ്ട് തവണ ജയഭാരതിയെ തേടിയെത്തി. 1977 ൽ മാധവിക്കുട്ടി എന്ന സിനിമയിലെ അഭിനയത്തിനും 1980 ൽ കാമിനി എന്ന സിനിമയിലെ അഭിനയത്തിനും മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ജയഭാരതിക്കു ലഭിച്ചു.
മലയാളിക്ക് മറക്കാനാവാത്ത ഒരുപിടി ഗാനങ്ങളിലൂടെ ജയഭാരതി ഇന്നും പ്രേക്ഷക മനസ്സുകളിൽ നിറഞ്ഞു നിൽക്കുന്നു. സന്യാസിനിയായും തങ്കത്തളികയിൽ പൊങ്കലുമായ് വന്ന തൈമാസ തമിഴ് പെണ്ണായും സ്വർണ്ണഗോപുര നർത്തകീ ശില്പമായും വെണ്ണ തോൽക്കുമുടലോടെ, ഇളം വെണ്ണിലാവിൻ തളിർ പോലെ ഇന്നും മലയാള മനസ്സുകളിൽ അനശ്വരപ്രണയിനിയായി ജയഭാരതി അഭിരമിക്കുന്നു.