17.1 C
New York
Tuesday, September 21, 2021
Home Cinema തിരിഞ്ഞുനോക്കുമ്പോൾ - "ശ്രീവിദ്യ"

തിരിഞ്ഞുനോക്കുമ്പോൾ – “ശ്രീവിദ്യ”

✍ദിവ്യ എസ് മേനോൻ

മലയാളിക്ക് ആമുഖത്തിന്റെ ആവശ്യമില്ലാത്ത നടിയാണ് ശ്രീവിദ്യ. നാല്പത് വർഷക്കാലം നീണ്ടുനിന്ന തന്റെ അഭിനയജീവിതത്തിൽ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ തെന്നിന്ത്യൻ ഭാഷകളിലെല്ലാം നിറഞ്ഞുനിന്നൊരു അഭിനേത്രിയാണ് ശ്രീവിദ്യ. മകളായും കാമുകിയായും ഭാര്യയായും അമ്മയായും മുത്തശ്ശിയായും അവർ അരങ്ങു വാണത് പ്രേക്ഷകമനസ്സുകളിലായിരുന്നു.

സൗന്ദര്യവും അഭിനയമികവും ഒത്തുചേർന്ന ഒരു അഭിനേത്രിയായിരുന്നു ശ്രീവിദ്യ.

1953 ജൂലൈ 24 ന് ആർ കൃഷ്ണമൂർത്തിയുടെയും പ്രശസ്ത കർണ്ണാടക സംഗീതജ്ഞ എം. എൽ വസന്തകുമാരിയുടെയും മകളായി മദ്രാസിലായിരുന്നു ശ്രീവിദ്യയുടെ ജനനം. നൃത്തത്തിന്റെയും സംഗീതത്തിന്റെയും ലോകത്തിൽ വളർന്ന ശ്രീവിദ്യ പതിമൂന്നാം വയസ്സിൽ ‘തിരുവുൾ ചൊൽവർ’ എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്കും ചുവടുവച്ചു. ആ സിനിമയിൽ ബാലതാരമായി ചെറിയൊരു വേഷത്തിലാണ് ശ്രീവിദ്യ അഭിനയിച്ചത്. 1969 ൽ പുറത്തിറങ്ങിയ കുമാരസംഭവത്തിൽ ഒരു നൃത്തം അവതരിപ്പിച്ചുകൊണ്ടാണ് ശ്രീവിദ്യയുടെ മലയാളത്തിലേക്കുള്ള രംഗപ്രവേശം. തെലുങ്ക് സിനിമയിലും ചെറിയ വേഷത്തിൽ അഭിനയിച്ചുവെങ്കിലും ശ്രീവിദ്യ ശ്രദ്ധിക്കപ്പെട്ടത് 1971 ൽ പുറത്തിറങ്ങിയ ‘നൂട്രുക്കു നൂറ് ‘ എന്ന കെ. ബാലചന്ദറിന്റെ തമിഴ് ചിത്രത്തിലൂടെയായിരുന്നു. അതിന് ശേഷം തമിഴിൽ മികച്ച വേഷങ്ങൾ ശ്രീവിദ്യയെത്തേടിയെത്തി. 1975 ൽ പുറത്തിറങ്ങിയ അപൂർവരാഗങ്ങളിൽ രജനീകാന്തിന്റെ ആദ്യ നായികയായി അഭിനയിക്കാനുള്ള അവസരവും ശ്രീവിദ്യക്കു ലഭിച്ചു.

ശ്രീവിദ്യ മലയാളത്തിൽ ആദ്യമായി നായികാവേഷത്തിൽ അഭിനയിച്ചത് 1969 ൽ പുറത്തിറങ്ങിയ ചട്ടമ്പിക്കവലയിലായിരുന്നു. ചട്ടമ്പിക്കവലയിൽ സത്യന്റെ നായികയായായിരുന്നു അവർ അഭിനയിച്ചത്. 1973 ൽ പുറത്തിറങ്ങിയ എ.വിൻസെന്റ് സംവിധാനം ചെയ്ത ‘ചെണ്ട’ എന്ന ചിത്രത്തിലൂടെയാണ് ശ്രീവിദ്യ മലയാളത്തിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. പിന്നീടങ്ങോട്ട് മലയാളസിനിമയുടെ ‘ശ്രീ’ ആയിത്തന്നെ ശ്രീവിദ്യ വിളങ്ങി. എല്ലാ തെന്നിന്ത്യൻ ഭാഷകളിലും മികച്ച വേഷങ്ങൾ ചെയ്തു മുന്നേറിയ അവർ ഏറ്റവും കൂടുതൽ അഭിനയിച്ചത് മലയാളത്തിൽ തന്നെയായിരുന്നു.

ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, ജീവിതം ഒരു ഗാനം, തീക്കനൽ, രചന, ഉത്സവം, വേനലിൽ ഒരു മഴ, ആദാമിന്റെ വാരിയെല്ല്, കാറ്റത്തെ കിളിക്കൂട്, ഇരകൾ, എന്നെന്നും കണ്ണേട്ടന്റെ, ദൈവത്തിന്റെ വികൃതികൾ, എന്റെ സൂര്യപുത്രിക്ക് എന്നിവയെല്ലാം ശ്രീവിദ്യയുടെ ശ്രദ്ധിക്കപ്പെട്ട സിനിമകളായിരുന്നു. അഭിനയത്തികവിലൂടെയും ലാളിത്യമാർന്ന ഭാവാഭിനയത്തിലൂടെയും ശ്രദ്ധ പിടിച്ചുപറ്റിയ അവരെത്തേടി വൈവിദ്ധ്യമാർന്ന വേഷങ്ങളെത്തി. ചെയ്ത ഓരോ കഥാപാത്രവും പകരം വയ്ക്കാൻ മറ്റൊരാളില്ലെന്നവണ്ണം അഭിനയിച്ചു പ്രതിഫലിപ്പിക്കാൻ കഴിഞ്ഞു എന്നത് തന്നെയാവണം ശ്രീവിദ്യയുടെ വിജയം. മലയാളത്തിലെ എല്ലാ മുൻനിര നായകന്മാരുടെയും നായികയായി വേഷമിട്ടിട്ടുണ്ടെങ്കിലും ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട വേഷങ്ങൾ ചെയ്തത് മധുവിന്റെ നായികയായായിരുന്നു. മധു – ശ്രീവിദ്യ ജോഡികൾ ഒരുകാലത്ത് മലയാളത്തിലെ മുൻനിര താരജോഡികളായിരുന്നു.

അമ്മയുടെ സംഗീതം പകർന്നുകിട്ടിയ ശ്രീവിദ്യ ചലച്ചിത്ര പിന്നണിഗാനരംഗത്തും തിളങ്ങിയിട്ടുണ്ട്. അയലത്തെ സുന്ദരി, ഒരു പൈങ്കിളിക്കഥ, നക്ഷത്രത്താരാട്ട് എന്നീ ചിത്രങ്ങളിൽ പാട്ടുകൾ പാടിയിട്ടുണ്ട്. ‘ആന കൊടുത്താലും കിളിയേ ആശ കൊടുക്കരുതേ ‘ എന്ന ഒരു പൈങ്കിളിക്കഥയിലെ ശ്രീവിദ്യ ആലപിച്ച ഗാനം ഏറെ ജനപ്രീതി നേടിയ ഒരു പാട്ടായിരുന്നു. ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, ജീവിതം ഒരു ഗാനം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് 1979 ലും രചന എന്ന ചിത്രത്തിലെ അഭിനയത്തിന് 1983 ലും ദൈവത്തിന്റെ വികൃതികളിലെ അഭിനയത്തിന് 1992 ലും കേരള സർക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്‌കാരം കരസ്ഥമാക്കിയിട്ടുണ്ട്. സീരിയൽ രംഗത്തും സജീവമായിരുന്ന ശ്രീവിദ്യക്കു മികച്ച നടിക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡും ലഭിച്ചിട്ടുണ്ട്.

തന്റെ അൻപത്തിമൂന്നാം വയസ്സിൽ ക്യാൻസർ എന്ന മഹാവ്യാധിക്ക്‌ കീഴടങ്ങിയ ശ്രീവിദ്യ ഇന്നും ഒളിമങ്ങാത്ത മുഖശ്രീയോടെ പ്രേക്ഷകമനസ്സുകളിൽ ജീവിക്കുന്നു. ‘ആവണിത്തെന്നലിൻ ‍ആടുമൂഞ്ഞാലിൽ അക്കരെ ഇക്കരെ എത്ര മോഹങ്ങൾ…’ അതേ, എത്രയോ മോഹങ്ങൾ അവശേഷിപ്പിച്ചാണ് അവരീ ലോകത്തോട് വിടപറഞ്ഞെതെന്ന് അവരുടെ ജീവിതം നമ്മോട് പറയുന്നുണ്ട്.

ജീവിതത്തിലെ പ്രതിസന്ധികളിലൊന്നും തളരാതിരുന്ന, തകരാതിരുന്ന മലയാളത്തിന്റെ പൂർണ്ണശ്രീയ്ക്ക് പ്രണാമം 🙏🏻

✍ദിവ്യ എസ് മേനോൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സൗഹൃദം (കവിത) പ്രസന്ന മുകുന്ദൻ

നീളെനീളെക്കൊഴിയുന്നു രാത്രങ്ങൾകാലചക്രം ഉരുളുന്നു പിന്നെയും. പകലെരിയുന്നു രാവുപുലരുന്നുസ്വപ്നഗേഹങ്ങൾ നിദ്രവിട്ടുണരുന്നു. അഴലെഴുന്നൊരെൻ മനമാകവേഅലകടൽപോലെ ആലോലമാടുന്നു. ചേർത്തുവയ്ക്കുന്നു ...

എന്നാലായത് (കവിത) കേണൽ രമേശ്‌ രാമകൃഷ്ണൻ

ഇന്നലെ ‌ഞാനൊരുകൊതുകിനെ‌ കണ്ടു.എന്റെ രക്തം ‌ഊറ്റിക്കുടിച്ചിട്ടുംഞാനതിനെ അടിച്ചു ‌കൊന്നില്ല.നീല വെട്ട൦ പരത്തുന്ന ഒരു ഇലക്ട്രിക് ...

ഏകാന്ത സന്ധ്യ (കവിത)

പോകാനുമിടമില്ല കേൾക്കനുമാളില്ലജീവിത സമരത്തിൽ ഏകകൂട പിറപ്പുകൾ ചിറക് മുളച്ചപ്പോൾ ...

മതത്തെ ഞടുക്കിയ മനുഷ്യൻ (ലേഖനം)

ഇന്ന് ഗുരുവിന്റെ ശുദ്ധനിർവ്വാണ ദിനം. കാലദേശങ്ങൾക്കപ്പുറത്തു സമൂഹത്തെ സ്വാധീനിക്കുവാൻ കഴിഞ്ഞ മഹാത്മാക്കളുടെ വാഗ്മയചിത്രങ്ങൾ ഗുരുവിനെ അറിയാനാഗ്രഹിക്കുന്നവർക്ക് വളരെ സഹായകമാണ്. വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോർ ഗുരുവിനെകുറിച്ചു പറഞ്ഞത് ഇനിയും കേൾക്കാത്ത മലയാളികളുണ്ട്. ലോകത്തിന്റെ നാനാഭാഗങ്ങളിൽ മഹാകവി ചുറ്റിസഞ്ചരിച്ചിട്ടുണ്ടെന്നും...
WP2Social Auto Publish Powered By : XYZScripts.com
error: