മലയാളസിനിമയിലെ ആദ്യത്തെ സൂപ്പർ സ്റ്റാർ എന്ന് വിശേഷിപ്പിക്കാവുന്ന ബഹുമുഖ പ്രതിഭയാണ് ശ്രീ തിക്കുറിശ്ശി സുകുമാരൻ നായർ. നാടകരചയിതാവ്, കവി, സംവിധായകൻ എന്നീ നിലകളിലെല്ലാം സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച തിക്കുറിശ്ശി ചെയ്ത വേഷങ്ങൾ പലതും ഇന്നത്തെ തലമുറയ്ക്ക് പോലും സുപരിചിതമാണ്.
1916 ഒക്ടോബർ 16 ന് തിക്കുറിശ്ശി എന്ന ഗ്രാമത്തിൽ മങ്ങാട്ട് ഗോവിന്ദപ്പിള്ളയുടെയും ലക്ഷ്മിയമ്മയുടെയും മകനായാണ് സുകുമാരൻ നായരുടെ ജനനം. കുട്ടിക്കാലത്ത് തന്നെ കവിതയെഴുത്തിൽ അദ്ദേഹം പ്രാവീണ്യം തെളിയിച്ചു. വലുതായപ്പോൾ അദ്ദേഹം നാടകരചനയിലേക്ക് തിരിഞ്ഞു. അദ്ദേഹം എഴുതിയ പല നാടകങ്ങളും ജനപ്രിയമായി. നാടകമാണ് തിക്കുറിശ്ശിക്ക് സിനിമയിലേക്കുള്ള പ്രവേശനകവാടം തുറന്നു കൊടുത്തത്.
1950 ൽ മലയാള സിനിമയുടെ ശൈശവദശയിലാണ് അദ്ദേഹം സിനിമയിലേക്ക് കാലെടുത്തു വയ്ക്കുന്നത്. അദ്ദേഹം എഴുതിയ ‘സ്ത്രീ’ എന്ന നാടകത്തിന്റെ ചലച്ചിത്രാവിഷ്കാരത്തോടെയായിരുന്നു അത്. ഈ ചിത്രം അദ്ദേഹം തന്നെ നിർമ്മിക്കുകയും ചിത്രത്തിൽ നായകവേഷം ചെയ്യുകയും ചെയ്തു. പക്ഷെ ഈ സിനിമ പ്രേക്ഷകശ്രദ്ധ ആകർഷിക്കുന്നതിൽ പരാജയപ്പെട്ടു. 1951 ൽ പുറത്തിറങ്ങിയ ‘ജീവിതനൗക’ എന്ന സിനിമയാണ് തിക്കുറിശ്ശിയുടെ അഭിനയജീവിതത്തിൽ വഴിത്തിരിവായത്. ആ കാലഘത്തിലെ വൻ വിജയമായി മാറിയ ഈ സിനിമയിലൂടെ തിക്കുറിശ്ശി മലയാള സിനിമയിലെ ആദ്യ സൂപ്പർ സ്റ്റാറായി മാറി.
നവലോകം, വിശപ്പിന്റെ വിളി, അമ്മ എന്നിങ്ങനെ പിന്നീടിറങ്ങിയ സിനിമകളെല്ലാം അദ്ദേഹത്തിന്റെ താരപദവി അരക്കിട്ടുറപ്പിച്ചു.1953 ൽ പുറത്തിറങ്ങിയ ‘ശരിയോ തെറ്റോ’ എന്ന സിനിമയിലൂടെ അദ്ദേഹം സംവിധാനരംഗത്തും തുടക്കം കുറിച്ചു. ഈ സിനിമയിലെ പ്രധാനവേഷവും അദ്ദേഹം തന്നെയാണ് ചെയ്തത്. ഇരുട്ടിന്റെ ആത്മാവ്, സ്വയംവരം, ഉമ്മ,ഭക്തകുചേല, നദി, തുലാഭാരം, സർവേക്കല്ല് എന്നീ ചിത്രങ്ങളിലെല്ലാം അദ്ദേഹം മികച്ച വേഷങ്ങൾ ചെയ്തു. 1968 ൽ ‘വിരുതൻ ശങ്കു ‘ എന്ന മുഴുനീള ഹാസ്യചിത്രത്തിലും അദ്ദേഹം അഭിനയിച്ചു. പിന്നീട് അദ്ദേഹം അമ്മാവൻ, അച്ഛൻ, മുത്തശ്ശൻ വേഷങ്ങളിലേക്ക് മാറി.
സത്യൻ, പ്രേംനസീർ, ഉമ്മർ, മധു, സോമൻ, ജയൻ, സുകുമാരൻ, മമ്മൂട്ടി, മോഹൻലാൽ തുടങ്ങി തനിക്ക് ശേഷം മലയാള സിനിമയിലേക്ക് രംഗപ്രവേശം ചെയ്ത ഒട്ടുമിക്ക പ്രധാന നടന്മാർക്കുമൊപ്പം അദ്ദേഹം അഭിനയിച്ചു. ആവനാഴി, ആര്യൻ, ഹിസ് ഹൈനസ് അബ്ദുള്ള തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം മികച്ച വേഷങ്ങൾ ചെയ്തു. അദ്ദേഹം അവസാനമായി അഭിനയിച്ചത് 1996 ൽ പുറത്തിറങ്ങിയ ഏപ്രിൽ 19 എന്ന ചിത്രത്തിലാണ്.
നാടനായും സംവിധായകനായും തിരക്കഥാകൃത്തായും മാത്രമല്ല, ഗാനരചയിതാവായും അദ്ദേഹം തിളങ്ങി. “കാര്‍കൂന്തല്‍ കെട്ടിലെന്തിന് വാസനത്തൈലം നിന്‍റെ വാര്‍നെറ്റിത്തടത്തിനെന്തിന് സിന്ദൂരത്തിലകം…” എന്ന പ്രശസ്തമായ ഗാനം അദ്ദേഹം എഴുതിയതാണ്. 1972 ൽ മികച്ച നടനുള്ള സംസ്ഥാന അവാർഡ് അദ്ദേഹം കരസ്ഥമാക്കി. 1973 ൽ പത്മശ്രീ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ജെ സി ഡാനിയേൽ പുരസ്കാരം 1995 ൽ അദ്ദേഹത്തെ തേടിയെത്തി.
മലയാള സിനിമയുടെ ചരിത്രത്തിനൊപ്പം സഞ്ചരിച്ച തിക്കുറിശ്ശി സുകുമാരൻ നായർ എന്ന ബഹുമുഖ പ്രതിഭക്ക് ചലച്ചിത്ര ആസ്വാദകരുടെ മനസ്സിൽ അനശ്വരമായ സ്ഥാനമാണുള്ളത്. മലയാളസിനിമാ ചരിത്രത്താളുകളിൽ സുവർണ്ണ ലിപികളാൽ ആലേഖനം ചെയ്യപ്പെട്ടിട്ടുള്ള പേരുകളിലൊന്നാണ് തിക്കുറിശ്ശി സുകുമാരൻ നായർ.
ദിവ്യ എസ് മേനോൻ✍