17.1 C
New York
Thursday, August 11, 2022
Home Cinema ഓർമ്മയിലെ മുഖങ്ങൾ –പി.പത്മരാജൻ….

ഓർമ്മയിലെ മുഖങ്ങൾ –പി.പത്മരാജൻ….

തയ്യാറാക്കിയത്: അജി സുരേന്ദ്രൻ✍

പ്രണയത്തെ ഏറ്റവും മനോഹരമായ് അഭ്രപാളിയിൽ ചിത്രീകരിച്ച കലാകാരൻ ….
ജനുവരിയുടെ നികത്താനാവാത്ത നഷ്ടം
പി.പത്മരാജൻ….

നിഗൂഢതകൾ നിറഞ്ഞു നിൽക്കുന്ന ഓരോ കഥകളും ഒരു മുത്തശ്ശികഥ പോലെ വളരെ ലളിതമായി നമുക്കുമുന്നിൽ അവതരിപ്പിച്ചിരുന്നു.പ്രണയവും മഴയും തമ്മിൽ ആരും കാണാതെ പോകുന്ന അതി ഗാഢമായ ബന്ധമുണ്ടെന്ന് മലയാളി പ്രേക്ഷകർക്ക് കാണിച്ച് കൊടുത്തത് പത്മരാജൻ സിനിമകളാണ്. പ്രണയത്തെ ഇത്രയും ആഴത്തിൽ ആസ്വദിപ്പിക്കാൻ ആ രചനകൾക്ക് കഴിഞ്ഞിരുന്നു.

ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിനടുത്ത് മുതുകുളത്ത് തുണ്ടത്തിൽ അനന്തപത്മനാഭപിളളയുടെയും ഞവരക്കൽ ദേവകിയമ്മയുടെയും ആറാമത്തെ മകനായാണ് 1945 മെയ് 23 ന് പത്മരാജൻ ജനിച്ചത്.മുതുകുളം സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജിൽ പ്രീ യൂണിവേഴ്സിറ്റി പഠനം. അതിനുശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ബിരുദവും കരസ്ഥമാക്കിയ പത്മരാജൻ, ചേപ്പാട് അച്ച്യുതവാര്യരുടെ ശിക്ഷണത്തിൽ സംസ്കൃതവിദ്യാഭ്യാസവും നേടി.

1965 ല്‍ ആള്‍ ഇന്ത്യ റേഡിയോയില്‍ തൃശ്ശൂരില്‍ പ്രോഗ്രാം അനൗണ്‍സര്‍ ആയി ജോലിയില്‍ പ്രവേശിച്ചു. പിന്നീടാണ് സിനിമയുടെ ലോകത്തേക്ക് വരുന്നത്. പെരുവഴിയമ്പലം, ഒരിടത്തൊരു ഫയല്‍വാന്‍, അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, തൂവാനത്തുമ്പികള്‍, മൂന്നാം പക്കം, ഞാന്‍ ഗന്ധര്‍വ്വന്‍, എന്നീ ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റുകളാണ്.

കഥാകാരനായാണ് പത്മരാജന്റെ തുടക്കം. കലാലയജീവിതകാലത്തു തന്നെ കഥാരചനയിൽ ശ്രദ്ധയൂന്നിയ പത്മരാജന്റെ ആദ്യ കഥ ലോല മിസ് ഫോർഡ് എന്ന അമേരിക്കൻ പെൺകിടാവ് ആണ്. അപരൻ, പ്രഹേളിക, പുകക്കണ്ണട തുടങ്ങിയ കഥാസമാഹാരങ്ങൾ ആകാശവാണിയിൽ ഉദ്യോഗത്തിലിരുന്ന കാലത്തു തന്നെ പ്രസിദ്ധീകരിച്ചിരുന്നു.കഥയിൽ മാത്രമല്ല, നോവലുകളിലും ശ്രദ്ധയാകർഷിച്ചിരുന്ന പത്മരാജന്റെ നക്ഷത്രങ്ങളേ കാവൽ എന്ന നോവൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ആ വർഷത്തെ കേരള സാഹിത്യ അക്കാദമി പുരസ്കാരവും, കുങ്കുമം അവാർഡും ഈ കൃതിയിലുടെ പത്മരാജൻ നേടി.

1975-ൽ എഴുതിയ പ്രയാണം ആണ് പത്മരാജന്റെ ആദ്യ തിരക്കഥ.ഏറെ ജനപ്രീതി നേടാൻ ഈ സിനിമക്കു കഴിഞ്ഞു
‘പെരുവഴിയമ്പലം’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സംവിധായകന്റെ കുപ്പായം അണിയുന്നത്. ചിത്രത്തിന്റെ രചനയും അദ്ദേഹം തന്നെയാണ് നിർവ്വഹിച്ചിരിക്കുന്നത്.

പിന്നീടങ്ങോട്ട് അദ്ദേഹത്തിൻ്റെ തിരക്കഥയിൽ പിറന്ന മലയാളി മനസ്സുകളിൽ നിറഞ്ഞു നിൽക്കുന്ന എത്രയെത്ര സിനിമകൾ…. ഇതാ ഇവിടെ വരെ, രതിനിർഭേദം, പെരുവഴിയമ്പലം, കാണാമറയത്ത്, തകര, ഒരിടത്തൊരു ഫയൽവാൻ, നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ, തൂവാനത്തുമ്പികൾ, അപരൻ, മൂന്നാംപക്കം, ഇന്നലെ ..

ഭരതന്റേയും കെ.ജി.ജോർജ്ജിന്റെയും കൂടെ മലയാളസിനിമയുടെ വളർച്ചയ്ക്കായി ഒരു സിനിമാ വിദ്യാലയം പത്മരാജൻ തുടങ്ങുകയുണ്ടായി. ഇത് കലാ സിനിമയേയും , വാണിജ്യ സിനിമയേയും ഒരു പോലെ പ്രോത്സാഹിപ്പിക്കാനുള്ളതായിരുന്നു.

പത്മരാജന്റെ രചനകളിൽ എന്നും എടുത്തു പറയേണ്ടത് പ്രണയം തന്നെയായിരുന്നു.വീണ്ടും കാണുക എന്നൊന്നുണ്ടാകില്ല, നീ മരിച്ചതായി ഞാനും, ഞാൻ മരിച്ചതായി നീയും കരുതുക. ചുംബിച്ച ചുണ്ടുകൾക്ക് വിട തരിക” എന്ന് പത്മരാജൻ കുറിച്ചപ്പോൾ ലോല എന്ന നായികയ്ക്കൊപ്പം , ആ കഥാതന്തു വായനക്കാർ ഏറ്റെടുത്തു.

സ്വന്തമാക്കൽ മാത്രമല്ല പ്രണയം എന്നു മനസ്സിലാക്കി തന്നത് പത്മരാജൻ്റെ സിനിമകളിലൂടെയാണ്.നിരർത്ഥകമാകാത്ത പ്രണയം വിട്ടു കൊടുക്കലിൻ്റേയും ത്യാഗത്തിൻ്റേതും കൂടിയാണന്ന് തൻ്റെ രചനകളിലൂടെ പറഞ്ഞു തന്നു .മഴയും, പ്രകൃതിയും സിനിമകളിലെ സ്ഥിരം കഥാപാത്രങ്ങളായിരുന്നു.

മണ്ണാറത്തൊടിയിലെ ജയകൃഷ്ണനും ക്ലാരയും , ‘മൂന്നാം പക്കത്തി’ലെ ഭാസിയും, ‘നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകളിലെ’ സോളമനും സോഫിയയും, ‘സീസണിലെ’ ജീവനും ‘ഇന്നലെ’യിലെ മായയും പത്മരാജൻ തീർത്ത ലോകത്ത് നിന്നും ഇപ്പോഴും മലയാളികളുടെ മനസ്സിൽ ജീവിച്ചിരിക്കുന്നു
മുത്തശ്ശി കഥകളിൽ മാത്രം കേട്ട് നമുക്കു പരിചയമുള്ള ദേവലോകത്തെ ഗന്ധർവ്വനെ ഭൂമിയിൽ കൊണ്ടു വന്നപ്പോൾ നമുക്കു പത്മരാജനായിരുന്നു ആ ഗന്ധർവ്വൻ.

സ്വവര്‍ഗാനുരാഗത്തെ തെല്ലും അശ്ലീലത കലരാതെ ചിത്രീകരിച്ച ദേശാടനക്കിളികള്‍ കരയാറില്ല, പ്രണയത്തിന്‍റെ മുന്തിരിത്തോപ്പായ നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, തുടങ്ങി അദ്ദേഹത്തിന്‍റെ ഓരോ സിനിമകളും ഇപ്പോഴും മനസ്സില്‍ തങ്ങി നില്‍ക്കുന്നത് ആ തിരക്കഥയുടെ ശക്തിയും ആഴവും പരപ്പും കൊണ്ട് തന്നെയാണ്.

പ്രണയം നെയ്തെടുത്ത എഴുത്തുകാരൻ എന്നാണ് പത്മരാജനെ വിശേഷിപ്പിക്കാറുള്ളത്.മറക്കാനാകാത്ത കഥാപാത്രങ്ങൾ കോർത്തിണക്കിയ ഒരു പിടി നല്ല ചിത്രങ്ങൾ മലയാളിക്ക് സമ്മാനിച്ചത് പത്മരാജൻ്റെ തിരക്കഥകളായിരുന്നു. രചനകളിൽ നിറഞ്ഞു നിന്നിരുന്ന പ്രണയത്തിൻ്റെ അനന്തമായ സാധ്യതകൾ പത്മരാജൻ്റെ സിനിമകളെ പുതിയ തലത്തിലേക്ക് ഉയർത്തുകയായിരുന്നു.

1982-ല്‍ കോലാലംപൂരില്‍ നടന്ന ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ ഏറ്റവും മികച്ച തിരക്കഥക്കുള്ള ബഹുമതികള്‍ പത്മരാജന്റെ ഒരിടത്തൊരു ഫയല്‍വാന്‍ എന്ന ചലച്ചിത്രം കരസ്ഥമാക്കി. നിരവധി തവണ മികച്ച തിരക്കഥാകൃത്തായും സംവിധായകനായും സംസ്ഥാന അവാര്‍ഡും ഫിലിംക്രിട്ടിക്സ് അവാര്‍ഡും അദ്ദേഹം നേടിയിട്ടുണ്ട്. പെരുവഴിയമ്പലം , തിങ്കളാഴ്ച നല്ല ദിവസം, എന്നിവയ്ക്ക് മികച്ച പ്രാദേശിക ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു.

1978ല്‍ രാപ്പാടികളുടെ ഗാഥയ്ക്ക് മികച്ച കഥയ്ക്കുള്ള സംസ്ഥാന പുരസ്‌കാരവും 1979ല്‍ പെരുവഴിയമ്പലത്തിന് മികച്ച കഥ, മികച്ച രണ്ടാമത്തെ ചിത്രം എന്നീ സംസ്ഥാന പുരസ്‌കാരങ്ങളും കിട്ടി. 1983ലെ ജനപ്രീതി നേടിയതും കലാമൂല്യമുള്ളതുമായ ചിത്രമായി കൂടെവിടെ തിരഞ്ഞെടുക്കപ്പെട്ടു. 1984ല്‍ കാണാമറയത്തും 1988ല്‍ അപരനും മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ് നേടി. മറ്റ് നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1991 ജനിവരി 24-ന് അദ്ദേഹം അന്തരിച്ചു.ജനുവരിയിലേക്ക് നടന്നുമറഞ്ഞ അതുല്യപ്രതിഭയ്ക്ക് ജന്മവാർഷിക ദിനത്തിൽ സ്മരണാഞ്ജലികൾ അർപ്പിക്കുന്നു…

അജി സുരേന്ദ്രൻ✍

Facebook Comments

COMMENTS

- Advertisment -

Most Popular

സാൻഫ്രാൻസിസ്കോ ഒഐ സിസി യൂഎസ്എ : സ്വാതന്ത്ര്യദിനാഘോഷവും പ്രവർത്തനോത്ഘാടനവും-ഓഗസ്റ്റ്   14 ന്

സാൻഫ്രാൻസിസ്‌കോ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) യൂഎസ്‌എ സാൻഫ്രാൻസിസ്കോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ച്‌ വിപുലമായ രീതിയിൽ ആഘോഷ പരിപാടികൾ നടത്തും.     ഓഗസ്റ്റ്  14...

മുന്നറിയിപ്പില്ലാതെ സെൽഫോൺ എഫ്.ബി.ഐ. പിടിച്ചെടുത്തുവെന്ന് കോൺഗ്രസ് അംഗം

  പെൻസിൽവാനിയ : ചരിത്രത്തിലാദ്യമായി അമേരിക്കൻ മുൻ പ്രസിഡന്റിന്റെ വസതി എഫ്.ബി.ഐ. റെയ്ഡ് ചെയ്തതിന് അടുത്തദിവസം യു.എസ്. കോൺഗ്രസ് അംഗവും, ട്രമ്പിന്റെ ശക്തനായ അനുയായിയുമായ പെൻസിൽവാനിയ റിപ്പബ്ലിക്കൻ നേതാവ് സ്കോട്ട് പെറിയുടെ സെൽഫോണും എഫ്.ബി.ഐ....

67 ദിവസത്തെ ഇടവേളക്കുശേഷം ഡാളസ്സിൽ കനത്ത മഴ

ഡാളസ് : മഴ പൂർണ്ണമായും മാറിനിന്ന 67 ദിവസങ്ങൾക്കുശേഷം ഡാളസ് ഫോർട്ട് വർത്തിൽ ആഗസ്റ്റ് 10 ബുധനാഴ്ച കനത്ത മഴ ലഭിച്ചു. ഉണങ്ങിവരണ്ട പ്രദേശങ്ങളിലെല്ലാം കനത്ത മഴ ലഭിച്ചതു വരൾച്ചക്ക് അല്പം ആശ്വാസം...

ടെക്സസ് സംസ്ഥാനത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഏബട്ടിന് കഴിയില്ലെന്ന് ബെറ്റൊ റൂർക്കെ

ക്ലിബേൺ( ടെക്സസ്): കഴിഞ്ഞ രണ്ടു ടേമായി ടെക്സസ്സിൽ ഗവർണ്ണറായി തുടരുന്ന ഗ്രേഗ് ഏബട്ടിന് സംസ്ഥാനം ഇന്നഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്ന് ഡമോക്രാറ്റിക് പാർട്ടി ഗവർണ്ണർ സ്ഥാനാർത്ഥിയായ ബെറ്റൊ ഒ.റൂർക്കെ അഭിപ്രായപ്പെട്ടു. ഗൺ വയലൻസ്, പവർ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: