17.1 C
New York
Monday, September 25, 2023
Home Cinema ആനന്ദി ഗോപാൽ - ഏറെ ശ്രദ്ധേയമായ ഒരു ബയോപിക് ചിത്രം

ആനന്ദി ഗോപാൽ – ഏറെ ശ്രദ്ധേയമായ ഒരു ബയോപിക് ചിത്രം

സിനിമാ നിരൂപണം:
തയ്യാറാക്കിയത്: തേക്കിൻകാട് ജോസഫ്

ഇന്ത്യയിലെ ബയോപിക് സിനിമകളിൽ മുൻനിരയിൽ ഉൾപ്പെടുത്താവുന്നതാണ് ആനന്ദി ഗോപാൽ എന്ന മറാത്തിചിത്രം. ഇന്ത്യയിലെ ആദ്യത്തെ വനിതാ ഡോക്ടർ (1886) ആനന്ദി ഗോപാൽ ജോഷിയുടെ ജീവിതത്തെ അധികരിച്ച് നിർമ്മിച്ച ഈ ചലച്ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സമീർ വിദ്വാൻസ് ആണ് . 134 മിനിട്ട് ദൈർഘ്യംവരുന്ന ആനന്ദി ഗോപാൽ 2019-ലെ ഗോവ,IFFK മേളകളിൽ പ്രദർശിപ്പിക്കുകയുണ്ടായി.

ലോകമെമ്പാടും ബയോപിക് ചിത്രങ്ങൾക്ക് വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. മറിച്ചൊരു അനുഭവമല്ല , ഇന്ത്യയിലും. ആറ്റൻബറോ സംവിധാനംചെയ്ത ‘ഗാന്ധി’ (1982) , ‘സർദാർ’ (1993 ), ‘ബൻഡിറ്റ് ക്വീൻ’ (1994) ‘ഡോ. ബാബാ സാഹേബ് അംബേദ്കർ’ (2000), ‘ദി ലെ ജൻഡ് ഓഫ് ഭഗത്സിംഗ്’ (2002), ‘നേതാജി സുഭാഷ് ചന്ദ്രബോസ് ‘(2002), ‘ദി ഫൊർഗോട്ടൻ ഹീറോ'(2005), നീർജാ ഭാനോട്ട് ‘(2016) തുടങ്ങിയ ഉദാഹരണമായി ചൂണ്ടിക്കാട്ടാം.

ബോളിവുഡിലെ മികച്ച ബയോപിക് ചിത്രങ്ങൾ അമീർഖാന്റെ ‘ദങ്കൽ’ (2016), ‘എം.എസ്. ധോണി – ദി അൺടോൾഡ് സ്റ്റോറി’ (2016), അക്ഷയ്കുമാർ നായകനായ ‘പാഡ്മാൻ’ (2018), 14-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന രജപുത്രവംശത്തിലെ റാണി പത്മിനിയുടെ കഥ പറയുന്ന ‘പത്മാവത്’ (2018), അജയ് ദേവ്ഗൺ നായകനായ റെയ്ഡ് (2018), പ്രിയങ്ക ചോപ്ര വേഷമിട്ട ‘മേരികോം’ (2014), സിൽക്ക് സ്മിതയുടെ വേഷത്തിൽ വിദ്യാബാലൻ അഭിനയിച്ച ‘ദി ഡേർട്ടി പിക്ചർ’ (2011) തുടങ്ങിയവ ചിലതുമാത്രം.

മലയാളത്തിൽ ഹരിഹരൻ സംവിധാനംചെയ്ത 'പഴശ്ശിരാജ', റോഷൻ ആൻഡ്രൂസിന്റെ 'കായംകുളം കൊച്ചുണ്ണി', കമൽ സംവിധാനംചെയ്ത 'സെല്ലുലോയിഡ് ', 'ആമി', ലെനിൻ രാജേന്ദ്രന്റെ 'സ്വാതിതിരുനാൾ', രാജ രവിവർമ്മയുടെ കഥപറയുന്ന 'മകരമഞ്ഞ്' , ആർ.എസ്. വിമലിന്റെ 'എന്ന് നിന്റെ മൊയ്തീൻ' തുടങ്ങിയ ബയോപിക് ചിത്രങ്ങൾ ഏറെ പ്രശസ്തിയാർജ്ജിച്ചവയാണ്.

സ്ത്രീവിദ്യാഭ്യാസം ഒരു കാരണവശാലും അനുവദിച്ചുകൂടാ എന്ന യാഥാസ്ഥിതികത്വം കൊടികുത്തിവാഴുന്ന ഒരു സമൂഹത്തിലാണ് 1965 മാർച്ച് 31-ന് മഹാരാഷ്ട്രയിലെ താനെയിൽ ആനന്ദി ഗോപാൽ ജനിക്കുന്നത്. യമുന എന്നായിരുന്നു ആദ്യത്തെ പേര്. തികഞ്ഞ യഥാസ്ഥിതികത്വം വെച്ചുപുലർത്തുന്ന ജമീന്ദാർ കുടുംബം. അക്ഷരം പഠിക്കാൻ അനുവദിക്കാതെ അവളെ വളർത്തി ഒൻപതാം വയസ്സിൽ പോസ്റ്റൽവകുപ്പിലെ ഉദ്യോഗസ്ഥനായ ഗോപാൽ റാവു ജോഷിക്ക് വിവാഹം ചെയ്തുകൊടുത്തു. വിവാഹാനന്തരം ആനന്ദി എന്ന പേര് ആചാരമനുസരിച്ച് സ്വീകരിച്ചതാണ്. യമുന വിവാഹിതയാകുമ്പോൾ ഭർത്താവിന്റെ വയസ്സ് 29. അയാളുടെ രണ്ടാം വിവാഹമാണ്. ആദ്യവിവാഹത്തിൽ ഒരു ആൺകുട്ടിയുണ്ട്. ആനന്ദി 14-ാം വയസ്സിൽ ആനന്ദി ഒരു ആൺകുട്ടിക്കു ജന്മം നൽകിയെങ്കിലും ആശുപത്രിയിൽ വേണ്ടത്ര പരിചരണം കിട്ടാത്തതിനാൽ ആ കുട്ടി മരിച്ചു. ആനന്ദിയുടെ ജീവിതത്തെ അടയാളപ്പെടുത്തുന്നതായിമാറി ആ ദുഃഖകരമായ സംഭവം. അവർ അന്ന് ശപഥംചെയ്തു, ഒരു വനിത ഡോക്ടർറായി ഇന്ത്യയിലെ അശരണരായ സ്ത്രീസമൂഹത്തിനുവേണ്ടി ആതുരസേവനം ചെയ്യണമെന്ന്. അവളുടെ ആഗ്രഹസാക്ഷാത്കാരത്തിനായി ഭർത്താവ് ഗോപാൽ റാവു ജോഷി എല്ലാ പിന്തുണയും നൽകി. രണ്ടാളും ചേർന്ന് അതൊരു വെല്ലുവിളിയായി ഏറ്റെടുത്തു. സമൂഹത്തിന്റെയും കുടുംബത്തിന്റെയും എതിർപ്പുകൾ മറികടന്ന് ആനന്ദിയെ അക്ഷരങ്ങൾ പഠിപ്പിക്കാനും കൂട്ടിവായിക്കാൻ സഹായിക്കുവാനും ഗോപാൽ ജോഷിയുടെ ഇച്ഛാശക്തി ഏറെ സഹായിച്ചു. ഇതിനിടയിൽ ഗോപാൽ ജോഷിക്ക് കല്യാണിൽനിന്ന് അലിബാഗിലേക്കും തുടർന്ന് കൽക്കത്തയിലേക്കും സ്ഥലംമാറ്റമായി എങ്കിലും ആനന്ദി ഗോപാലിന്റെ പഠനം തുടർന്നുകൊണ്ടിരുന്നു. മിഷനറി സ്കൂളിൽ ചേർന്നപ്പോൾ വെള്ളക്കാരികളായ സഹപാഠികളുടെ കളിയാക്കലുകളും അപമാനപ്പെടുത്തുലും ആനന്ദി ഗോപാൽ ഒട്ടും വകവെച്ചില്ല.

  ഈശ്വരാനുഗ്രഹം എന്നു പറയാം, ആനന്ദി ഗോപാലിന് അമേരിക്കയിൽനിന്നൊരു വെള്ളക്കാരി സ്പോൺസറായി സഹായത്തിനെത്തി. ആനന്ദി ഗോപാൽ കപ്പൽ കയറി യു.എസ്സിലെത്തി പെൻസിൽവാനിയ വനിതാ മെഡിക്കൽ കോളജിൽ ചേർന്നു. പല ആരോഗ്യ പ്രശ്നങ്ങളും അലട്ടിയെങ്കിലും അവരുടെ നിശ്ചയദാർഢ്യത്തിനു മുന്നിൽ ഒന്നും തടസ്സമായില്ല. 1886 മാർച്ച് ഒന്നിന് തന്റെ 22-ാമത്തെ വയസ്സിൽ അവർ മെഡിക്കൽ ബിരുദമെടുത്തു. വലിയ വാർത്താപ്രാധാന്യം നേടി തിരികെ ഇന്ത്യയിലെത്തിയ ആനന്ദി ഗോപാൽ കോലാപ്പൂർ ആൽബർട്ട് എഡ്വേർഡ് ആശുപത്രിയിൽ വനിതാ ഡോക്ടറായി നിയമിക്കപ്പെട്ടു. തന്നെ അലട്ടിയിരുന്ന ക്ഷയരോഗം മൂർച്ഛിച്ച് 1887 ഫെബ്രുവരി 26-ന് ആനന്ദി ഗോപാൽ അന്തരിച്ചു. സ്ത്രീകൾക്കുവേണ്ടി ആരോഗ്യമേഖലയിൽ പ്രവർത്തിക്കുവാനുളള അവരുടെ ആഗ്രഹം സഫലമായില്ല. എങ്കിലും ആയിരക്കണക്കിന് സ്ത്രീകൾക്ക് അവരുടെ ജീവിതം വലിയ അളവിൽ പ്രചോദനമായി ഭവിച്ചു.

  ഇനി, സിനിമയിലേക്കു കടക്കുമ്പോൾ, 1865-1887 കാലഘട്ടം യാഥാർഥ്യബോധത്തോടെ ആവിഷ്കരിക്കുന്നതിന് സംവിധായകൻ സമീർ വിദ്വാൻസിനു കഴിഞ്ഞിട്ടുണ്ട്. ആ കാലഘട്ടത്തിലെ തെരുവുകളും ജമീന്ദാർമാരുടെ ഭവനങ്ങളും വേഷവിധാനങ്ങളും എന്തിന്, സംഭാഷണ രീതികൾവരെ ഈ സിനിമയിൽ മിഴിവാർന്നു കാണാം. കരൺ ശ്രീകാന്ത് ശർമ്മയുടേതാണ് തിരക്കഥ. ഐരാവതി കാർണിക് എഴുതിയ സംഭാഷണം പിന്നീട് മറാത്തിയിലേക്ക് പരിഭാഷപ്പെടുത്തുകയായിരുന്നു. തിരക്കഥയും സംഭാഷണവും സിനിമയുടെ വിജയത്തിന് നിദാനമായി ഭവിച്ചിട്ടുണ്ട്.

  ആകാശ് അഗർവാളിന്റെ ഛായാഗ്രഹണവും മികച്ചതു തന്നെ. അതു നൽകുന്ന ദൃശ്യചാരുത ചിത്രത്തിന്റെ പരഭാഗശോഭ യായി തിളങ്ങിനിൽക്കുന്നു. പ്രകാശത്തിന്റെ പ്രതീക്ഷനാളവുമായി ആനന്ദി ഇരുണ്ട കോണിപ്പടികൾ കയറുന്ന പ്രതീകാത്മകമായ ഷോട്ടുകൾ ഈ സിനിമയ്ക്കു നൽകുന്ന മികവ് പ്രത്യേകം സൂചിപ്പിക്കേണ്ടിയിരിക്കുന്നു.

 ഒരു ബയോപിക് ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തിനുവേണ്ട രൂപസാദൃശ്യം ഏറെ പ്രധാനമാണ്. ആനന്ദി ഗോപാലിന്റെ വേഷമണിഞ്ഞ ഭാഗ്യശ്രീ മിലിന്ദിന്റെ പകർന്നാട്ടങ്ങൾ കാഴ്ച്ചയുടെ പുതിയ മാനങ്ങൾ സൃഷ്ടിക്കുന്നുണ്ട് കൗമാരം, യൗവനം എന്നീ ഭാവങ്ങൾക്കു പുറമേ ഭാരതീയ സ്ത്രീത്വത്തിന്റെ അതിലോല ഭാവങ്ങൾ അവരുടെ മുഖത്തുനിന്നും പ്രേക്ഷകന് വായിച്ചെടുക്കാം. നിഷ്കളങ്കത, അതിലുപരി നിശ്ചയദാർഢ്യം, അപമാനിതയായ സ്കൂൾ വിദ്യാർഥിനിയുടെ നിസ്സഹായത, ഏതു സാഹചര്യത്തെയും നേരിടാനുള്ള ഇച്ഛാശക്തി ഇവയൊക്കെ ഭാഗ്യശ്രീ  സമ്യക്കായി ആവിഷ്കരിക്കുന്നുണ്ട്.

 ലളിത് പ്രഭാകർ അവതരിപ്പിച്ച ഗോപാൽ റാവു ജോഷി സിനിമ തീർന്നാലും നമ്മെ പിന്തുടരും. ഗോപാൽ റാവുവിന്റെ ക്രാന്തദർശിത്വം, സ്വഭാവവൈചിത്ര്യങ്ങൾ, കർക്കശ നിലപാടുകൾ, ഏതു സാഹചര്യത്തെയും പ്രതിരോധിക്കാനുള്ള ആർജ്ജവബുദ്ധി തുടങ്ങിയ സവിശേഷ വ്യക്തിത്വങ്ങൾ ലളിത് പ്രഭാകർ പ്രേക്ഷകർക്ക് വിസ്മയമുണത്തുംവിധം അവതരിപ്പിച്ചു. സിനിമയിലെ മറ്റൊരു സവിശേഷവ്യക്തിത്വം ഗോപാൽ റാവുവിൻ്റെ ആദ്യ ഭാര്യയുടെ വിധവയയാ മാതാവിനെ അവതരിപ്പിച്ച ഗീതാഞ്ജലി കുൽക്കർണി യാണ്.

  ഭാരതീയ സ്ത്രീശക്തിക്ക് തിളക്കംനൽകി, മാർഗദീപങ്ങളായി പ്രശോഭിച്ച ഇന്ത്യൻ ധീരവനിതകളുടെ ക്ലോസപ്പുകളും ആനന്ദി ഗോപാൽ റാവുവിൻ്റെ ജീവിതദൃശ്യങ്ങളും ഇഴ ചേർത്തുള്ള ചലച്ചിത്രപരിസമാപ്തി 'ആനന്ദിഗോപാൽ 'എന്ന ചിത്രത്തിനു നൽകുന്ന മിഴിവ് ഏറെയാണ്.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ലഹരിമുക്ത കേരളത്തെ വാര്‍ത്തെടുക്കാന്‍ ബോധപൂര്‍വമായ പരിശ്രമമാണ് ആവശ്യം- ഡെപ്യൂട്ടി സ്പീക്കര്‍

ലഹരിമുക്ത കേരളത്തെ കെട്ടിപ്പടുക്കാന്‍ ബോധപൂര്‍വമായ പരിശ്രമം ആവശ്യമാണെന്നും അതിനായി സമൂഹം ഒറ്റകെട്ടായിനില്‍ക്കണമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.സംസ്ഥാന എക്‌സൈസ് വകുപ്പിന്റെ വിമുക്തി മിഷന്‍ നാളത്തെ കേരളം ലഹരി വിമുക്ത നവകേരളം വിഷയത്തില്‍...

ഭാരത് ബോട്ട് ക്ലബ്ബ് കുടുംബ സംഗമം ഒക്ടോബർ 21-ന്

ന്യൂയോർക്ക്: ഭാരത് ബോട്ട് ക്ലബ്ബ് വര്‍ഷം തോറും നടത്തിവരാറുള്ള കുടുംബ സംഗമം ഈ വർഷവും പതിവുപോലെ വിപുലമായ പരിപാടികളോടെ ഓറഞ്ച്ബർഗിലുള്ള സിത്താർ പാലസ് റസ്റ്റോറന്റിൽ വച്ച് ഒക്ടോബർ 21-ാം തീയതി ശനിയാഴ്ച വൈകീട്ട്...

രമേശ് ചെന്നിത്തലയ്ക്കും പന്തളം സുധാകരനും സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സിലിന്റെ ആദരവ്

ഹൂസ്റ്റണ്‍: കേരളത്തിന്റെ മുന്‍ ആഭ്യന്തരമന്ത്രിയും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവുമായ രമേശ് ചെന്നിത്തലയ്ക്കും മുന്‍ എക്‌സൈസ് വകുപ്പ് മന്ത്രി പന്തളം സുധാകരനും സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സിലിന്റെ ആദരവ്. മലയാളി കൂടിയായ മേയര്‍ കെന്‍...

ലാസ്‌ വേഗാസ് മലങ്കര ഓർത്തഡോക്സ് ഇടവക ദൈവമാതാവിന്റെ ജനനപ്പെരുനാൾ ആഘോഷിച്ചു.

ലാസ്‌ വേഗാസ്: സെന്റ് മേരിസ് മലങ്കര ഓർത്തഡോക്സ് ഇടവകയുടെ 2023 ലെ പെരുന്നാൾ സെപ്റ്റമ്പർ 22,23 എന്നീ തീയതികളിൽ പൂർവ്വാധികം ഭംഗിയായി ആഘോഷിച്ചു. 2006 ൽ പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിൽ സ്ഥാപിക്കപ്പെട്ട ഇടവക, പരിശുദ്ധ...
WP2Social Auto Publish Powered By : XYZScripts.com
error: